ആ കുന്നിനു മുകളിൽ കാണുന്ന
വീട് എന്റേതാണ്
മഴപോലെയൊരു വീടായിരുന്നു എന്റേത്
അമ്മിക്കല്ലിൽ
അരഞ്ഞുതീരുന്ന
എന്റമ്മ
കുറെ സങ്കടങ്ങൾ കുടഞ്ഞിട്ട്
തീപിടിച്ച കണ്ണുകളുമായി
മൂലക്കിരിക്കുന്ന പെങ്ങൾ
മക്കൾ മൂത്രമൊഴിച്ച് നനച്ച
കീറത്തഴപ്പായയിൽ കിടക്കുമ്പോൾ
പരിഭവങ്ങളുടെ
പട്ടച്ചരടിൽ വീണ്ടും വീണ്ടും
ഭാര്യ പട്ടം കോർക്കും
അച്ഛൻ കെട്ടിത്തൂങ്ങിയ ഉത്തരത്തിലെ
ചിതൽപുറ്റുകൾ ഇടക്ക്
എന്റെ ദേഹത്ത് അടർന്നു വീഴും
അതെ
മഴതന്നെയായിരുന്നു ഈ വീട്
എന്റെ വീട്ടിൽ മാത്രം തോരാതെ
മഴപെയ്തുകൊണ്ടിരിക്കുമ്പോൾ
എന്റെ ആകാശത്ത്
സങ്കടമഴവില്ല് വിരിയും
വിതുമ്പുന്ന മൗനങ്ങൾ
നക്ഷത്രങ്ങളായി തെളിയും
കടപ്പാടിന്റെ നെരിപ്പോടിൽ
ഞാനും വീടും വിയർത്തൊലിക്കും
കാലം കുതറിയോടിപോകുമ്പോൾ
ഞാനും എന്റെ വീടും
മെഴുകുതിരിപോലെ ഉരുകിത്തീരും
അപ്പോൾ നിങ്ങൾ എല്ലാവരും പറയും
നിന്റെ വീട് സ്വർഗമായിരുന്നു എന്ന്
പട്ടയം കിട്ടാത്ത
ആ കുന്ന് ഇപ്പോൾ
ഇടിച്ചു നിരത്തിയ സ്വപ്നങ്ങളുടെ
ശവപ്പറമ്പാണ്.