ഞങ്ങൾ രണ്ടു നാട്ടുരാജ്യങ്ങളാണ്
മികച്ച ഭരണഘടനയും
വ്യക്തമായ ഭൂപടവുമുള്ള
രണ്ടു രാജ്യങ്ങൾ.
പരസ്പര സഹകരണവും
ഭരണത്തിനുകതകുന്ന
ഉപദേശ നിർദ്ദേശങ്ങളും
പരസ്പരം സ്വീകരിക്കാറുണ്ട്
എങ്കിലും ഭരണം
ഏകാധിപത്യ രീതിയിലാണ് നടക്കുന്നത്.
രാജ്യങ്ങളിലെ രുചിക്കൂട്ടുകളും
പ്രജകളുടെ സുഖസന്തോഷവും ആരോഗ്യവും
എന്റെ കൈകളിൽ സുരക്ഷിതം.
ആഭ്യന്തര സാമ്പത്തികരംഗം
അവിടെയും ഭദ്രം.
രാജ്യത്തെ സമാധാനം നിലനിർത്താനായി
പല സമാധാന സന്ധികളിലും ഒപ്പുവെച്ചിട്ടുണ്ട്
എങ്കിലും പലപ്പോഴും എന്റെ രാജ്യം
മന:പൂർവമായല്ലാതെ അത് ലംഘിക്കാറുമുണ്ട്
അപ്പോഴൊന്നും അയൽ രാജ്യം
കടുത്ത നയങ്ങൾ സ്വീകരിച്ചിട്ടില്ല…
അതിനാലാവാം രാജ്യചരിത്രത്തിൽ
ഉഗ്ര യുദ്ധങ്ങളൊന്നും രേഖപ്പെടുത്താതെ പോയത്
അയൽപക്ക രാജാവിന്റെ
നയതന്ത്ര ഇടപെടൽ ഒന്നു കൊണ്ടു മാത്രമാണ്
സമാധാനമെന്നെഴുതിയ ഫലകം
പൊതു അതിർത്തിയിൽ നാട്ടി വെയ്ക്കപ്പെട്ടത്
ഞങ്ങൾ സ്വന്തന്ത്ര ചിന്തകളും
ഏകാധിപത്യ സ്വഭാവവുമുള്ള
രണ്ടു നാട്ടുരാജാക്കന്മാർ