നഗ്നൻ

നാളെയാണ് നീലുവിൻ്റെ പിറന്നാൾ. ബേക്കറിയിൽ നിന്നും വാഞ്ചോകേക്കും മറ്റും മേടിച്ചേ തീരൂ. അയാൾ തുണി സഞ്ചിയുമെടുത്ത് പുറത്തേക്കിറങ്ങി. ഇറങ്ങുന്ന വഴി ഒന്ന് പാളി നോക്കി. നീലു ഓൺലൈൻ ക്ലാസ്സിലാണ്.കൂട്ടിന് രാധയുമുണ്ട്.

കാലുകൾ നീട്ടിവലിച്ച് അയാൾ നടന്നു. എന്തോ ഒരു പ്രത്യേക സുഖം. ഇങ്ങിനെ നടന്നിട്ട് എത്ര നാളായി.!വീടിന് ചുറ്റും നടന്ന് അയാൾക്ക് മടുത്തിരുന്നു. എതിരെ ആരൊക്കെയോ വരുന്നു. അയാൾ വെറുതെ ചിരിച്ചു. പല ആകൃതിയിലുള്ള മാസ്ക്കുകൾക്കപ്പുറം മുഖത്തിൻ്റെയും ശരീരത്തിൻ്റയും അൽഗോരിതത്തിലൂടെ പേരുകളിലേക്ക് എത്തപ്പെടുന്നതിൻ്റെ പ്രയാസമോർത്ത് അയാൾ വീണ്ടും ചിരിച്ചു. അവരും ചിരിക്കുന്നുണ്ടാകാം. ഒന്ന് രണ്ട് യുവതികൾ തിരിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ 51 വയസ്സ് അത്ര വല്യ വയസ്സല്ലെന്നും തോന്നിപ്പോയി.പല ആൾക്കാരും തിരിഞ്ഞ് നോക്കുന്നു. റോഡിലൂടെ കടന്ന് പോയ ഒരു ചെമന്ന കാറിൻ്റെ പിൻസീറ്റിലിരുന്ന കുട്ടി മൂക്കിൽ കയ്യിൽ വെച്ച് ‘അയ്യേ.. അങ്കിൾ ഷെയിം, ഷെയിം ‘ എന്ന് പറയുന്നത് അയാൾ വ്യക്തമായി കേട്ടു .എന്താണ് കുഴപ്പം?!

പെട്ടെന്നാണ് രണ്ട് മൂന്ന് വാഹനങ്ങൾ അയാൾക്ക് ചുറ്റിലുമായി ബ്രേക്കിട്ട് നിന്നത്. നിസ്സഹായനായി തല തിരിച്ച് നോക്കുന്നതിനിടയിൽ കോവിഡ് സെക്ടറൽ മജിസ്ട്രേറ്റ്, പോലീസ് മുതലായ ബോർഡുകൾ അയാൾ വായിച്ചു.തലയ്ക്ക് മീതെ ഡ്രോണും വട്ടം ചുറ്റി പറക്കുന്നത് അയാൾ അറിഞ്ഞു.

മാസ്ക്കിട്ട വലിയ ജനക്കൂട്ടത്തിന് മുന്നിൽ മാസ്ക്കിടാത്ത അയാൾ, നഗ്നനെപ്പോലെ പരിഹാസ്യനായി നിന്നു….

കഥാകൃത്ത്, നാടകരചയിതാവ് / സംവിധായകൻ, ആനുകാലികങ്ങളിൽ എഴുതാറുണ്ട്. കെ .എസ് .ഇ.ബി. സൂപ്രണ്ട്.