കാവ്യ വിലാസം ഫാക്ടറി

വിഷാദം മൂലധനമായുള്ളോർ
കവികളായിത്തീരുന്നുവത്രേ

നിരാശ,വിരഹം എന്നീ അസംസ്‌കൃതവസ്തുക്കൾ
മനസെന്ന യന്ത്രസാമഗ്രിയിലിട്ട്,
വാക്കെന്ന തൊഴിലാളിതൻ അധ്വാനത്താൽ  
കവിത എന്ന ഉപഭോഗവസ്തു
ഉത്പാദിപ്പിക്കുന്നവർ അവർ.

ചെറുപുഞ്ചിരി, നനഞ്ഞ കണ്ണുകൾ,
വില്ലുകുലച്ചെന്ന പോലത്തെ
പുരികക്കൊടികൾ,
പരിതാപത്തോടെയുള്ള പരശ്ശതം തെറികൾ
ഇവ ഒക്കെ തൊഴിൽ വേതനം.

തിരസ്‌ക്കാരം വാക്കിൻ,
തോൽ പൊളിയും വരെ പണിയെടുപ്പിക്കാൻ
വിരുതുള്ളൊരു കങ്കാണി
പരിഹാസം ലാഭകണക്കുകളിൽ
പെട്ടെന്നൊരു കുതിപ്പുണ്ടാക്കുന്നു.

ഇടക്കെപ്പോഴോ കൊഴിഞ്ഞു പോയ
പ്രണയത്തിൻ്റെ  ഓർമ്മകൾ-
ഉത്സവബത്തക്കാലത്തെയെന്നപോൽ  
ഉന്മേഷം കൊടുക്കും.
വാക്കുകൾക്ക്  അപരദുഖത്തിൻ്റെ
കണ്ണീരിറ്റു വീഴിച്ചാൽ
അളവും, അഴകും കൂടിയ
ഉത്പന്നം ഉണ്ടാകുമെന്നുറപ്പ്,

പ്രേമാഗ്നിയിൽ ചാടി ചാരമാവാതെ,
എന്നാൽ  അവിടവിടെ വെന്തു പൊള്ളിയ
ഒരു യുവാവ്,
പൊയ്‌പോയകാലത്തിൻ്റെ
തിരുശേഷിപ്പുകളെ ഓമനിച്ചു
ഒറ്റക്ക് കഴിയുന്ന വൃദ്ധൻ,
ചെയ്തതൊന്നിനും പരിശു കിട്ടാതെ
പോയ ഒരു വീട്ടമ്മ,
സ്വപ്നങ്ങൾക്ക്  ചുറ്റും പറക്കുന്ന
കൗമാരം പിന്നിട്ട കുട്ടികൾ,
കവിത എന്ന ഉത്പന്നത്തിൻ്റെ
ഉപഭോക്താക്കൾ പലർ.

ഏകാന്തത പങ്കുകച്ചവടത്തിനു
കൂടാറുണ്ട് ചിലപ്പോൾ,
പ്രകൃതിയും അവളുടെ കളിക്കൂട്ടുകാരികളും  കൂടി
പലകുറി സഹായഹസ്തവുമായി വന്നിട്ടുണ്ട് ,
കൂടുതൽ മനോഹരമായൊരുൽപ്പന്നം
സമ്മാനം നൽകി
തിരിച്ചു പോകും അവർ.

ഇടക്കിടെ മടുപ്പ്,
വാക്കുകളെയും കൂട്ടി സമരത്തിനിരിക്കും
ഒരു ചെറു സമരം കൊണ്ട്
തകർന്നു പോകുന്ന മുതലാളിമാർ വേറെ-
ഉണ്ടാവുമോ?
കവികളെ പോലെ!!

ചെങ്ങന്നൂർ, കാരക്കാട് സ്വദേശി. ഇപ്പോൾ ദുബായിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.