യാത്ര

വളരെ വൈകിയാണ്
എനിക്കതു മനസ്സിലായത്.
എന്താണെന്നോ?
എന്നെ കാണാനില്ല.

എവിടെയാണ് തിരയേണ്ടതെന്നറിയാതെ
കുറേ നേരം ആലോചിച്ചു നിന്നു.
പിന്നെയാണ് പൂന്തോട്ടത്തിൽ
നോക്കാമെന്ന് വെച്ചത്
റോസാപ്പൂക്കൾ എനിക്ക്
വലിയ ഇഷ്ടമാരുന്നല്ലോ.
പക്ഷെ കണ്ടില്ല.
റോസാച്ചെടിയിൽ
ഇതളുകൾ കൊഴിഞ്ഞ് വീണ്
മുള്ളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഭക്ഷണപ്രിയ ആണല്ലോ
കോഴിക്കാൽ കടിച്ചു പറിക്കുന്നുണ്ടാകുമോ?
എന്തൊരു മറവിയാണെനിക്ക്
കുറേ നാളായി
യോഗയും പട്ടിണിയുമാണ്.
ഉണ്ടാക്കിയ ചട്ടിയിൽ
ചോറിട്ടു വെരകി തിന്നുന്ന
ആ പഴയ ആളല്ല ഞാൻ.

വീട്ടിനകത്തും നോക്കി.
ടി വി മുറിയിലാണ്
പൊതുവേ ഇരിക്കാറ്
എതൊക്കെയോ
രാഷ്ട്രീയ പാർട്ടികൾ
തമ്മിലടിക്കുന്നതാ കണ്ടത്
കുഴൽപ്പണമോ ,പെട്രോളോ
അങ്ങനെ എന്തൊക്കെയോ
പറയുന്നുണ്ട്.

ഫേസ്ബുക്കിൻ്റെ അകത്തു വല്ലോം
തല വെച്ചിരിപ്പുണ്ടോന്നു
കൂടി നോക്കിയേക്കാം.
മൊത്തം “സാറാസ് ” സിനിമയാണ്
പ്രസവിക്കണോ വേണ്ടയോ?
ആകെ തമാശയാണ്
മാലിക് വന്നതേതായാലും
സാറയ്ക്കൊരു കൂട്ടായി.

ഇനിയിപ്പോൾ എവിടെ ആയിരിക്കും ?
വല്ല പ്രണയകവിതയും എഴുതി
ഇരിപ്പുണ്ടാകും.
മറന്നു,..,
പ്രണയത്തിനെന്തു മാർക്കറ്റ്
എന്നു ചോദിച്ച്
ബുദ്ധിജീവിയായത്
ഞാൻ തന്നെ മറന്നു.

പ്രിയപ്പെട്ട പൂച്ചക്കുട്ടികൾക്കിടയിലും
ചോക്ലേറ്റ് കടയിലും
ഒന്നും കാണുന്നില്ല
എൻ്റെ പരിഭ്രമം കണ്ടിട്ട്
മനസ്സു പറഞ്ഞു
ഞനൊരു യാത്ര പോയെന്ന്.

ഈശ്വരാ ഒളിച്ചോട്ടമാണോ?
നാണക്കേടായോ?
”ഭയപ്പെടേണ്ട “
മനസ്സു പറഞ്ഞു
“പിന്നെ “
ഞാൻ ചോദിച്ചു.

“അവളെ കണ്ടു പിടിക്കാൻ
അവൾ എന്നേ പുറപ്പെട്ടു”
“അപ്പോൾ ഞാനോ? “

മനസ്സൊന്നു ചിരിച്ചു.
ഈ ചിരിയുടെ അർത്ഥം
ഇനി ആരോടു ചോദിക്കും?

കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.