ദൈവത്തിന്റെ വൈകുന്നേര നടത്തങ്ങൾ

വൈകുന്നേരച്ചായ കുടിച്ചു കഴിഞ്ഞ്,
ചില ദിവസങ്ങളിൽ,
ദൈവം മനുഷ്യരുടെ തെരുവുകളിൽ
നടക്കാനിറങ്ങാറുണ്ട് !

പകൽപ്പകുതിയിൽ
അഴക്കോലുകളിൽ കഴുകിവിരിച്ച ഉടുപ്പുകൾ
വെയിലിലുണങ്ങി മടങ്ങുന്ന
മണമുള്ള നേരങ്ങളാണത് !

ഊതിപൊടിപ്പിച്ച കനൽത്തുമ്പിൽ
കായുന്ന ഇരുമ്പ് തവയിൽ
നെയ്മണമുള്ള ദോശകൾ
മൊരിയുന്ന സ്വരം കേട്ട്,
ദൈവത്തിന് കൊതി വരുന്നു.

തെരുവിലൊരുവൾ തക്കാളി വിലപേശിവാങ്ങുന്നു ,
കച്ചവടപ്പലക മടക്കിയൊരാൾ
മകൾക്ക് പ്രിയമുള്ള
മധുരപ്പൊതി തിരയുന്നു!

പൊടുന്നനെ ഒരു മഴ പെയ്യുന്നു!
നിവർത്തിയ കുടയിലേക്ക്,
ആരോ ദൈവത്തെ ചേർത്തുനിർത്തുന്നു.
ദൈവത്തിന്റെ കണ്ണുനിറയുന്നു.

വഴികളൊക്കെ വിളക്ക് കത്തിച്ച
ഒരു വീട് തേടി ഓടുന്നു.
വഴിയിലേക്ക് മിഴി നീട്ടുന്ന
അത്താഴമേശയിൽ ,
പുളിയും മുളകും കൂട്ടിയരച്ച രുചി
വെപ്രാളം കൊള്ളുന്നു!

സന്ധ്യാപ്രാർത്ഥന ചൊല്ലുന്ന
നക്ഷത്രങ്ങൾക്കരികെ കൂടി,
ദൈവം മടങ്ങുന്നു!

മനുഷ്യരുടെ വഴിയിലെ പൊടി പുരണ്ട,
ദൈവത്തിന്റെ കാലുകളിലേക്ക്,
ഭൂമി മിഴിപായിക്കുന്നു.

അതാ, ദൈവം കുനിഞ്ഞു ഭൂമിയുടെ മൂർദ്ധാവിൽ
ഉമ്മ വയ്ക്കുന്നു.

കണ്ണൂർ ചിന്മയ വിദ്യാലയത്തിന്റെ വൈസ് പ്രിൻസിപ്പൽ. തൃശൂർ സ്വദേശി. മലയാളം, ഭാഷാ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, ബി.എഡ്. കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രിന്റ്, ഡിജിറ്റൽ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചു വരുന്നു. അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന ക്‌ളാസ് എടുക്കുന്നു