വളപ്പൊട്ടുകൾ തേടി

വനദുർഗ്ഗാക്ഷേത്രത്തിന്റെ
തെക്കേമൂലയിലെ വള്ളിപ്പടർപ്പ്
നീയിപ്പോഴുമോർക്കുന്നുണ്ടോ?

തൃക്കാർത്തികയുടെയന്നാണത്;
സന്ധ്യാവേലയ്ക്കൊടുവിൽ,
ദീപാരാധന സമയം
നേരിയവൃശ്ചികക്കുളിര്,
നേരിയൊരിരുട്ടും…..

നിമിഷാർദ്ധങ്ങൾക്കുമുമ്പെ
ഞാനണിയിച്ച കുപ്പിവള
കിലുങ്ങാതെ
മെയ് വഴക്കത്താൽ
വട്ടം പിടിച്ചത്..

അധരത്താൽ
കാതോരമോതിയ കിന്നാരം
നനുത്ത വിയർപ്പുകണങ്ങളാൽ
മായ്ച്ച നെറ്റിയിലെ ചന്ദനക്കുറി..

നിന്നോടൊപ്പം മിഴികൂമ്പിയ
കാലിനടിയിലെ തൊട്ടാവാടികൾ..
കാരമുള്ളിന്റെ തുമ്പോ എന്റെ നഖമോ
രണ്ടിലൊന്നുകൊണ്ട്
പോറിയനിൻറിടം കഴുത്ത്..

പടിഞ്ഞാറുനിന്ന്
പാഞ്ഞു പോയൊരു
തീവണ്ടിയൊച്ചക്കിടയിൽ
ഞെരിഞ്ഞമർന്നു പോയ
നിന്റെ മർമ്മരം
ഉടഞ്ഞുപോയ കുപ്പിവളകൾ
ചോരപൊടിത്ത കൈത്തണ്ട..

അതെ നമുക്കിടയിൽ
ഉമ്മകൾ പൂത്തതന്നാണ്..
മദിതീരുവോളമെന്നുനിനച്ച
നെടുചുംബനങ്ങൾ
മതിവരാതെ…..

കാരമുള്ളും
തൊട്ടാവാടിയും
വള്ളിപടർപ്പുകളും
ദീപാരാധനയും
വനദുർഗ്ഗാക്ഷേത്രവും
ഓരം ചേർന്ന റെയിൽപ്പാളവും
കുതിച്ചോടുന്ന
തീവണ്ടിയുമിപ്പോഴുമുണ്ട്..

തൃക്കാർത്തിയും
വളച്ചെട്ടിച്ചികളും
വരും വരെ കാക്കണോ?

നീ വരുമായിരുന്നെങ്കിൽ
കൈത്തണ്ട മുറിച്ച്
ഉടഞ്ഞു മണ്ണടിഞ്ഞു പോയ
കുപ്പിവളപ്പെട്ടുകൾ
നമുക്കൊരുമിച്ച്
തിരയാമായിരുന്നു..

മനസ്സിനെ മുറിച്ചു നാം
പാതിയിൽ കൈവിട്ട
ഓർമ്മകളെയും……

മലപ്പുറം ജില്ലയിൽ വളാഞ്ചേരിക്കടുത്ത് കൊടുമുടി സ്വദേശി. നവമാധ്യമങ്ങളിൽ ശ്രദ്ധേയങ്ങളായായ കവിതകൾ എഴുതുന്നു . പാൽ സൊസൈറ്റി സെക്രട്ടറിയായി ജോലി ചെയ്യുന്നു.