പാതവക്കത്തെ വീട്

പാതയോരത്തെ വീട്
എപ്പോഴും കൃത്രിമമായ
ഒരു മൗനം ഒളിപ്പിച്ചു വെക്കും;
അപശ്ശബ്ദങ്ങൾ പോലും
നിശ്ശബ്ദതയുടെ തോട്
പൊളിച്ചു പതുക്കെയെ
പുറത്ത് വരൂ..!!

പാതയിലെ കാലടി ശബ്ദങ്ങൾ,
അവർക്ക്
സ്വകാര്യതയിലേ മുറിവുകളും,
എത്തിനോട്ടങ്ങൾ
അധിനിവേശങ്ങളുമാണ്‌…

ചുറ്റിലും കൂർപ്പിച്ചുവെച്ച
കാതുകളെ
കബളിപ്പിക്കാൻ
കരുതലോടെ ശബ്ദങ്ങൾക്ക്
കടിഞ്ഞാണിട്ടും,
എത്തിനോട്ടങ്ങൾക്ക്
കൃത്രിമ പുഞ്ചിരി നൽകിയും
സങ്കടങ്ങളെ വിതുമ്പലിൽ
ഒതുക്കിയും,
ഉള്ളിലെ അഗ്നിപർവ്വതങ്ങളെ
മഞ്ഞിൽ പുതപ്പിച്ചു,
ആത്മാഭിമാനത്തെ
കാത്തുവെക്കുന്ന
പാതവക്കത്തെ വീട്
സദാ ജാഗരൂകമായിരിക്കും…

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ആണ് സ്വദേശി. 15 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കഥകൾ, കവിതകൾ, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ ഒക്കെ എഴുതാറുണ്ട്.