നടന്നുപോകാനുള്ള വഴികൾ

നടക്കാറില്ലെങ്കിലും
വർണ്ണചിത്രങ്ങളിലെ
നടന്നു പോകാനുള്ള വഴികൾ
മോഹിപ്പിക്കുന്നതാണ്
പച്ചമരങ്ങൾക്കിടയിലൂടെ
ചിത്രഭംഗിയിൽ നീണ്ടുകിടക്കുന്ന
ഒറ്റയടിപ്പാത
നെൽവയൽപ്പച്ചയിൽ
ചക്രംപതിയാത്ത
കറുകപ്പച്ചപുതച്ച നടവരമ്പ്
അദ്ഭുതലോകത്തെ ആലീസിനെപ്പോലെ
പ്രതലം കടന്ന്
ഉള്ളിലേക്കു പ്രവേശിക്കാൻ തോന്നും.

മലമടക്കുകളിലെ മഞ്ഞുവീണവഴികളിൽ
ജന്മങ്ങളുടെ കാല്പാടുകളുണ്ട്
എല്ലുകളെപ്പോലും വിറുങ്ങലിപ്പിച്ച
തണുപ്പിന്റെ വിറയലുണ്ട്
അടർന്നുവീഴുന്ന
ഹിമപാളികളുടെ അലർച്ചയുണ്ട്
മഞ്ഞുപാളികൾക്കടിയിൽ
അഴുകാതെകിടക്കുന്ന തലയോട്ടിയിൽ
ജാതകം വായിച്ചെടുക്കാം.
ഏട്ടിലെ പർവ്വതാരോഹകർക്കുമുമ്പ്
കൊടുമുടിയിലൊരാൾ കാലൂന്നിയിരുന്നു.
യതിയുടെ കാല്പാടുകൾ എന്നു
വിശ്വസിക്കാനാണല്ലോ
മറ്റുള്ളവർക്കു താത്പര്യം.

മരുഭൂമികളിൽ നടവഴികളില്ല
മരുക്കപ്പലുകളുടെ തുഴപ്പാടുകൾക്കുമുകളിൽ
കാറ്റുകൾ നിർമ്മിച്ച
മണൽക്കുന്നുകളാണ്
മരീചികകളിൽ
ദാഹിച്ചുമരിച്ച
ഒട്ടകങ്ങളുടെ അസ്ഥികൂടങ്ങൾ
ആഴ്ന്നിറങ്ങുന്ന ആഴങ്ങളിൽ
മാമത്തുകളുടെയും
ദിനോസറുകളുടെയും
ഉന്മൂലനശാപം
മണ്ണടരുകളിൽ
ഹിമയുഗജീവിയുടെ  കണ്ണീരുപോലെ
ഊറിവരുന്നത് എണ്ണമാത്രം.

വിജനമായ ഊഷരഭൂമിയിൽ
നിധിതേടിപ്പോയവന്റെ
പൈദാഹം തളർത്തിയ
മെലിഞ്ഞ കാലടിപ്പാത.
മഞ്ഞിൽ തെറിച്ചുവീണ ചോരത്തുള്ളികൾ
ചെന്നായ്ക്കൾ ഈമ്പിക്കുടിച്ച
എല്ലിൻകഷണങ്ങൾ
ആമാശയം പിളർന്ന്
വിശപ്പിന്റെ വൃകങ്ങളെ കടിച്ചുകുടയുന്ന
ചെന്നായ്ക്കൂട്ടങ്ങളുടെ മുറുമുറുപ്പുകൾ
താഴ്‌വരയിലെ മുൾപ്പടർപ്പ്
നായ്പ്പല്ലുകളായി
ഇപ്പോഴും മുരളുന്നുണ്ട്.

നടപ്പാതകളുടെ ഭൂഭാഗചിത്രങ്ങൾ
എപ്പോഴും ഭ്രമിപ്പിക്കുന്നതാണ്
അതിലേക്കിറങ്ങിനടക്കുമ്പോൾ
എവിടെയൊക്കെയോ
യുഗസഞ്ചാരിയുടെ
പ്രതികാരചിഹ്നങ്ങൾപോലെ
ജന്മാന്തരസ്മരണകൾ
പുതഞ്ഞുകിടക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ കുറ്റിക്കോൽ സ്വദേശി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നു ബിരുദം. നാടകരംഗത്തും ഗ്രന്ഥശാലാ പ്രവർത്തനത്തിലും ശാസ്ത്രസാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌. എസ് പി സി എസ്സ് പ്രസിദ്ധീകരിച്ച ഭീഷ്മരും ശിഖണ്ഡിയും(നോവൽ), തമോഗർത്തം (നാടകങ്ങൾ), ചിത്രശലഭങ്ങളുടെ പൂമരം (ബാലസാഹിത്യം), ചിന്തപബ്ളിഷേഴ്സിന്റെ ഖാണ്ഡവം(നോവൽ) കവിതയിലെ വൃത്തവും താളവും (പഠനം), അടയാളം (കവിതകൾ), കൈരളി ബുക്സിന്റെ ഇര, (ഖണ്ഡകാവ്യം), അകമുറിവുകൾ (കവിത), കുറ്റിക്കോൽ കലാസമിതി പ്രസിദ്ധീകരിച്ച പാര (നാടകം) മെയ്ഫ്ലവറിന്റെ വാരിക്കുഴിയും വാനരസേനയും (ബാലസാഹിത്യം) എന്നിവയാണ് പ്രസിദ്ധീകൃതമായ പ്രധാന കൃതികൾ. സാമൂഹ്യ മാധ്യമങ്ങളിിലും എഴുതാറുണ്ട്.