പൊള്ളലേറ്റ സ്വപ്നം

തിരക്കുപിടിച്ച
നഗരങ്ങളിൽ
കരി പിടിച്ചൊരു
മൂലയിൽ
കുനിഞ്ഞിരുന്ന്
അറ്റുപോയ
ബന്ധങ്ങളെ
തുന്നിചേർക്കുന്ന
മനുഷ്യരെ
കണ്ടിട്ടില്ലേ ?.

ഉപജീവനത്തിന്റെ
വില്ലൊടിഞ്ഞ്
നിവരാതെ പോയ
ജീവിതത്തിന്
മഴയും വെയിലും
കൊള്ളാതിരിക്കാൻ
കേടു തീർത്ത്
കുട വലിച്ചുകെട്ടുന്നവർ.

കഷ്ടപ്പാടിന്റെ
പൊടിപിടിച്ച്
നിറം മങ്ങി,
മാഞ്ഞു പോയ
പ്രതീക്ഷകളെ
ഉരത്തുണികൊണ്ട്
പോളീഷ് ചെയ്ത്
മിനുക്കിയെടുക്കുന്നവർ.

പട്ടിണിയുടെ
പൊള്ളലേറ്റ്
നടക്കാതെപോയ
സ്വപ്നങ്ങൾക്ക്
പൊട്ടിയ വാറുകൾ
തുന്നിപ്പിടിപ്പിച്ച്
മുളളു കുത്താതെ
നടക്കാൻ
ചെരിപ്പ് കുത്തുന്നവർ .

നഗരങ്ങളുടെ തിരക്കിലും
ദുരിതങ്ങളുടെ അരികുപറ്റി
ജീവിക്കുന്ന
ഇരകളായവർ.

തൃശൂർ ജില്ലയിലെ പുലിക്കണ്ണി സ്വദേശി. അദ്ധ്യാപകനാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നവമാധ്യമങ്ങളിലും കവിത എഴുതാറുണ്ട്.