അയാൾ ഭ്രാന്തനല്ല

നഗരപ്രാന്തത്തിലെ
ഒഴിഞ്ഞ മൂലയിൽ
ചപ്രവസ്ത്രങ്ങളിൽ
അടക്കപ്പെട്ട
ദരിദ്രയുടലിന്റെ
പുകയുന്ന
തീച്ചുണ്ടുകൾ

സ്വാതന്ത്ര്യ ദിനാഘോഷ
തെരുവുകളിൽ നിന്നും
മോഷ്ടിക്കപ്പെട്ട
ത്രിവർണ തോരണങ്ങളാൽ
അലംകൃതമായ
അയാളുടെ
ശിരസ്സും
ശിരസ്സിലെ
ജട പിടിച്ച ചുരുളുകളും

തെരുവിന്റെ
മിഴികൾക്ക്
അഗ്നി പർവ്വതങ്ങളോളം
തീക്ഷ്ണത

നരച്ച
ദീക്ഷയിൽ
കൊത്തിവെച്ചിരിക്കുന്നത്
ഇൻഡ്യയുടെ തന്നെ
ഭൂപടം

ശ്രീരാമനെ
പച്ചകുത്തിയ
കൈപ്പടങ്ങളിലെ
തടിച്ച ഞരമ്പുകളിൽ
മർദ്ദനത്തിന്റെ
ചതവുകളും

നെഞ്ചുകൂടം
ഉയരുകയും
താഴുകയും
ചെയ്യുമ്പോൾ
ഒറ്റപ്പെട്ടവന്റെ
നെടുവീർപ്പുകളിൽ നിന്നും
ഉയരുന്ന
ശബ്ദത്തിന്
പ്രതിഷേധത്തിന്റെ
താളവും

ദേശരാഷ്ട്രത്തിന്റെ
കാപട്യങ്ങൾ
കുത്തിക്കീറിയ
കാൽപാദങ്ങൾ
ഓർമപ്പെടുത്തുന്നത്
ഇരകളുടെ
ചരിത്രം

ഉടലടയാളപ്പെടുത്താത്ത
ആധാർ നമ്പറിടാത്ത
തെരുവിലെ
വൃദ്ധൻ……

അയാൾ…..,

‘ഭ്രാന്ത’നല്ല
വ്യവസ്ഥിതി
ആട്ടി പായിച്ചവൻ
മാത്രം.

ചാലക്കുടി, കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശി . എക്സൈസ് പ്രിവന്റീവ് ഓഫീസറാണ്. രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളുൽ കവിതകൾ എഴുതുന്നു