ജലച്ചായം

‘ഫോസിൽസ്… ജീവാശ്മങ്ങൾ, താൻ ചിത്രപ്രദ്രർശനത്തിനിട്ടിരിക്കുന്ന പേര് കൊള്ളാം. പക്ഷേ കുഴിച്ചെടുത്തതിനെയാണ് ഫോസിൽ എന്നു വിളിക്കുന്നത് എന്ന് നന്ദന് അറിയില്ലാ എന്നുണ്ടോ? ‘ലിവിങ് ഫോസിൽസ്’ എന്നായിരുന്നെങ്കിൽ ഉചിതമായേനെ. മൺമറഞ്ഞുപോയതിനോട്‌ സാദൃശ്യമുള്ള ജീവജാലങ്ങൾ.’ ശ്രീലേഖ നന്ദനെ നോക്കി ചിരിച്ചു. തന്റെ കോളേജ് കാലം മുതൽക്കുള്ള ആ നല്ല സുഹൃത്തിന്റെ ചിരിയിലെ പരിഹാസത്തിൽ നന്ദന് പരിഭവം തോന്നിയില്ല. ‘ലിവിങ് ഫോസിൽസ്’ ആ വാക്കുകൾ നന്ദൻ പതുക്കെ ഉച്ചരിച്ചു.’ കരിയിൽ തീർത്ത ഈ ചിത്രങ്ങളത്രെയും എന്റെയുള്ളിൽ നിന്നു ഖനനം ചെയ്തെടുത്തത് തന്നെയല്ലേ ലേഖാ?’ നന്ദൻ മുഖത്ത് നേർത്ത പുഞ്ചിരി വരുത്തിക്കൊണ്ട് ദീർഘനിശ്വാസമയച്ചു.

‘പരിണാമത്തിന്റെ അന്തരം ചെറുതല്ല, ചിത്രങ്ങൾക്ക് മനോഹാരിതയും നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, തന്റെ നിറങ്ങൾക്ക് എന്ത് പറ്റി നന്ദാ?’.
നന്ദൻ, നര മുക്കാൽ ഭാഗവും കീഴടക്കിയ താടിയിലൂടെ വിരലോടിച്ചുകൊണ്ട് മുൻപിലുള്ള തന്റെ ചാർക്കോൾ ചിത്രത്തിലേക്ക് നോക്കി. ‘ ഇതുവരെ ചിത്രങ്ങളെങ്കിലും ബാക്കിയുണ്ടായിരുന്നു. ഇനിയെന്ത് എന്ന് അറിയില്ല ലേഖാ.’ വന്നപ്പോൾ മുതൽ നന്ദന്റെ മുഖത്ത് പടർന്നു കിടക്കുന്ന ശൂന്യതയുടെ കാരണം അറിയാമായിരുന്നതുകൊണ്ട് തന്നെ അതേക്കുറിച്ചൊന്നും സംസാരിക്കാൻ അവർ തുനിഞ്ഞില്ല. ‘വീണ്ടും തുടങ്ങ് ആദ്യം മുതൽ. ദൈവം നമുക്കോരോരുത്തർക്കും സമയമെത്ര ബാക്കി അനുവദിച്ചിട്ടുണ്ടെന്നറിയില്ലല്ലോ. നന്ദന്റെ ചിത്രങ്ങളെങ്കിലും മായാതിരിക്കട്ടെ.’

മഴയ്ക്കുള്ള ഒരുക്കമാണ്. മനസ്സിലെ കാർമേഘങ്ങളും ഘനീഭവിച്ചിരിക്കുകയാണ്. അന്ന് വൈകീട്ട് അയാൾ ഉമ്മറത്തിരുന്ന് മുറ്റത്തിരിക്കുന്ന ഈസലിൽ വെച്ച ക്യാൻവാസിലേക്ക് നോക്കി. അവിടവിടെയായി നിറങ്ങൾ പകർന്ന് പാതി വരച്ച ചിത്രം. പദ്മ. പ്രണയിനിയായി താനറിഞ്ഞിരുന്ന, തന്റെ ഭ്രാന്തുകൾക്ക് മരുന്നായിരുന്ന പദ്മ. നന്ദൻ തന്റെ നിറങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അവൾ കണ്ണടച്ച് മഴ നനയുകയാണ്. അവളുടെ നെറ്റിയിലെ ചുവന്ന പൊട്ട് താഴോട്ടു പരന്നു തുടങ്ങിയിരിക്കുന്നു. വെള്ളത്തിൽ വരച്ച വരപോലെ ഒരു മിന്നൽ മാനത്ത് കത്തിയണഞ്ഞു. അയാൾ കസേരയിലേക്ക് ചാരിക്കിടന്നു. പദ്മയെ കണ്ടത് മുതൽ മനസ്സിൽ ശൂന്യതയും ഭാരവും ഒന്നിച്ചനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടിനുമിടയിലെ തീവ്രമായ ഒരു നീറൽ നെഞ്ചിലുണ്ട്, മൂന്നാലു ദിവസമായി.

ഭൂതകാലത്തെ ഒരു മഴയിൽ, ചുവപ്പും ചന്ദനക്കളറും പെയിന്റടിച്ച ഒരു വരാന്തയിലേക്ക് അയാളുടെ ഓർമ്മകൾ തെന്നിവീണു. ‘നന്ദന് അക്രിലിക്കോ ഓയിൽപെയിന്റോ ചെയ്യാൻ ശ്രമിച്ചൂടെ? അത്‌ വാട്ടർകളറിനെക്കാൾ ദീർഘകാലം നിലനിൽക്കുന്നതല്ലേ? ‘ക്യാൻവാസിലെ മഴവെള്ളം വീണ് ഒലിച്ചിറങ്ങിയ പെയിന്റ് പദ്മ ഷാളിന്റെ തലപ്പ് കൊണ്ട് ഒപ്പി. ‘വേണ്ട പദ്മാ, തുടയ്ക്കണ്ട. കാലത്തിന്റെ തീരുമാനങ്ങളെ തടുക്കാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല. ‘ അന്തരീക്ഷം വീണ്ടും കനത്തു. ‘മഴയിൽ ഒലിച്ചിറങ്ങിയ ജലഛായങ്ങൾക്ക് ചിലപ്പോൾ ക്യാൻവാസിൽ മറ്റൊരു കഥ പറയാനുണ്ടാകും.’ നന്ദൻ നനഞ്ഞ ക്യാൻവാസിലേക്ക് നോക്കി. ‘ഒരു മഴയ്ക്ക് ആ കഥയെ മായ്ച്ചു കളയാനും എളുപ്പമാണ്. അല്ലേ?’ പദ്മ ദീർഘനിശ്വാസമയച്ചു. നന്ദന്റെ ഹൃദയത്തിലെവിടെയോ തീവ്രമായ ഒരു വേദന അനുഭവപ്പെട്ടു. അയാൾ മറുപടി പറഞ്ഞില്ല. ‘മനുഷ്യർക്ക് നിറങ്ങളെപ്പോലെയാവാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലേ നന്ദാ. മറ്റ് ഏതൊന്നിന്നോടു ചേർന്നാലും ഉണ്ടാവുന്ന നിറത്തിന് ഒരു ഭംഗിയുണ്ടാവും. തമ്മിൽ ചേരുമ്പോൾ ഭംഗി കുറയുന്നത് മനുഷ്യർക്ക് മാത്രേമല്ലേ ഉള്ളൂ.’

പദ്മ ഷാളിന്റെ നിറമൊപ്പിയ തലപ്പ് കൊണ്ട് നന്ദന്റെ കവിളിൽ തലോടി. അയാൾ മുൻപിൽ നിൽക്കുന്ന പദ്മയുടെ വേദനനിറഞ്ഞ കണ്ണുകളിലേക്ക് നോക്കി. ‘അങ്ങനെ തീർത്തും പറയാനൊക്കുമോ പദ്മാ? നിറങ്ങൾ കലർന്ന് തന്നെയിരിക്കണം ഭംഗിയുണ്ടാവാൻ എന്നില്ലല്ലോ. പിന്നെ, മനുഷ്യർക്ക് നിയോഗം എന്ന ഒന്നില്ലേ?’. നന്ദന്റെ ശബ്ദം ഇടറിയതായി പദ്മയ്ക്ക് തോന്നി. അവൾ അയാളുടെ മുഖത്തെ കലർന്നും കലരാതെയും കിടന്ന ചുവപ്പും നീലയും നിറങ്ങളിലേക്ക് നോക്കി. ‘നിറങ്ങൾ പടർന്ന നന്ദനെ കാണാനാണ് എനിക്കിക്കിഷ്ടം. നന്ദനെ വിധിച്ചിട്ടില്ലെന്നുള്ളത് പദ്മയുടെ നിയോഗം, അല്ലേ’. അവളുടെ കണ്ണുകളിൽ ചുവപ്പു പടർന്നു അത് ചാലിക്കാനെന്നപോലെ ഒരു തുള്ളി വെള്ളവും. ‘ജലമില്ലാതെ എന്ത് ജലഛായം?’. നന്ദൻ തന്നിലേക്കൊഴുകുന്ന ആ വികാരതീവ്രതയിൽ നിന്നും രക്ഷപ്പെടാനായി മഴയിലേക്ക് മുഖം തിരിച്ചു. പക്ഷേ, അവളുടെ കണ്ണുകളിലെ ആ നിറം അയാളുടെ കണ്ണിലേക്കും പടർന്നു.

വേർപിരിഞ്ഞ ശേഷം പദ്മയെക്കാണുന്നത് പത്തുവർഷം കഴിഞ്ഞാണ്. കാനഡയിൽ വെച്ച് നടന്ന തന്റെ ഒരു ചിത്രപ്രദർശനത്തിനിടയിൽ. പദ്മ വിവാഹം കഴിഞ്ഞ് കാനഡയിലാണെന്ന് മാത്രം അറിയാമായിരുന്നു. അതുവരെ ഒന്നും അന്വേഷിക്കാനോ ബന്ധപ്പെടാനോ ശ്രമിച്ചില്ലെങ്കിലും അങ്ങോട്ട് പോകുമ്പോൾ അവളെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് മനസ്സ്‌ അതിയായി ആഗ്രഹിച്ചിരുന്നു. അവൾ വന്നു പക്ഷെ, മറ്റൊരു പദ്മയായി. തന്റെ ചിത്രത്തിൽ മുഴുകി നിന്നിരുന്ന പദ്മയെ നന്ദൻ സൂക്ഷ്മമായി വീക്ഷിച്ചു. ശരീരത്തിന്റെ വടിവുകൾ എടുത്തു കാണിക്കുന്ന ഇറുകിയ ജീൻസും പിസ്ത കളർ സ്ലീവ് ലെസ് ടോപ്പും. അഴിച്ചിട്ട പാറിപ്പറന്ന പലനീളത്തിൽ മുറിച്ചിട്ടിരിക്കുന്ന തലമുടി തോളിൽ നിന്നും കൈമുട്ടു വരെ ചിതറിക്കിടക്കുന്നു. ഹീലുള്ള ഷൂസ്. കയ്യിൽ വെളുത്ത നിറത്തിലുള്ള ക്ലച്ച്. കാലത്തിന്റെ ദൃശ്യമായ മാറ്റങ്ങൾ. മനസ്സിൽ ഉടലെടുത്ത ആവേശത്തിന്റെ തിരമാലകളെ സ്വയം ശകാരിച്ചു നിയന്ത്രിക്കാൻ ശ്രമിച്ചു.

അവൾ തന്റെ ചിത്രങ്ങളെ വിശദമായി വായിക്കുകയാണ്. വ്യാഖ്യാനങ്ങൾ വായനക്കാരന്റെ മനോധർമ്മം പോലെയാവും. ചിലപ്പോൾ തലക്കെട്ടോടുകൂടി ഒരു പുനർവായന വേണ്ടി വന്നേക്കാം. ‘കളേഴ്സ് ഓൺ എ മാൻ’ എന്ന് പേരിട്ടിരിക്കുന്ന ആ പ്രദർശനത്തിന് തിരഞ്ഞെടുത്തിരുന്നത് വ്യത്യസ്തരായ മനുഷ്യരെയാണ്. മനുഷ്യന്റെ നിറഭേദങ്ങൾ. അവൾ അത്ര നേരമായിട്ടും കണ്ണെടുക്കാതെ നോക്കി നിന്ന ചിത്രമേതെന്ന് അറിയാൻ നന്ദന് കൗതുകമുണ്ടായി. നിറങ്ങൾ കൊണ്ട് നഗ്നത മറച്ച ഒരു സ്ത്രീ. അവളുടെ മുഖം മാത്രമേ വ്യക്തമായുള്ളൂ. അവൾ ആ നിറങ്ങൾക്കിടയിലെവിടെയോ ജീവിക്കുന്നു. പദ്മ വായിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് തന്റെ ജീവിതമാണെന്നത് നന്ദന് മനസ്സിലായി. പദ്മ ആ പെയിന്റിംഗിലൂടെ വിരലോടിച്ചു. ‘എന്റെ കഥ വായിച്ചു കഴിഞ്ഞോ പദ്മാ? ‘ വർഷങ്ങൾക്കിപ്പുറത്തെങ്കിലും, നന്ദന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കാതെ അവൾ ആ ചിത്രത്തിലെ സ്ത്രീയുടെ കവിളിലെ തെളിഞ്ഞു നിന്ന കാക്കപ്പുള്ളിയിൽ തൊട്ടു. ‘അവൾ നന്ദന്റെ ജീവതത്തിലെന്ന പോലെ ചിത്രങ്ങളിലും ഇടം പിടിച്ചു. വെള്ളം വീണാലും മായാത്ത എണ്ണഛായത്തിൽ.’

പരിചിതമായ ആ ശബ്ദത്തിൽ കലർന്ന അപരിചിതമായ ഭാവം നന്ദൻ തിരിച്ചറിഞ്ഞു. ‘പദ്മ ഒറ്റയ്ക്കാണോ വന്നത്, ഗൗതം ഇല്ലേ കൂടെ? ‘ അസ്വസ്ഥത മറയ്ക്കാൻ അയാളൊരു ചോദ്യം കണ്ടെത്തി. ‘ ഞങ്ങൾ പിരിഞ്ഞിട്ട് മൂന്നു വർഷം കഴിഞ്ഞു. നന്ദന് എന്താണ് അറിയേണ്ടത്? ഗൗതമിന്റെ വിശേഷമോ? അതോ എന്റെ വിശേഷമോ? ‘. തന്റെ ജീവിതത്തേക്കുറിച്ചുള്ള ആ അറിയിപ്പും, നിർവ്വികാരതയ്ക്കുള്ളിൽ വിരോധമൊളിപ്പിച്ച അവളുടെ സംസാരവും നന്ദനെ നിശ്ശബ്ദനാക്കി.
പദ്മ നന്ദനിൽ നിന്നകന്നു മറ്റു ചിത്രങ്ങൾ തേടിപ്പോയി. ആഘാതത്തിൽ നിന്നും പുറത്ത് കടന്നപ്പോൾ അയാൾ പദ്മയെത്തിരഞ്ഞു. എക്സിബിഷൻ ഹാളിന്റെ അറ്റത്തുള്ള സ്മോക്കിങ് സോണിൽ അവളെ കണ്ടെത്തി. തന്റെ കണ്ണിൽ കണ്ണ് കൊരുത്തത് സിഗരറ്റ് ചുണ്ടോടടുപ്പിച്ച് നിൽക്കുന്ന അവളുടെ കണ്ണിലെ ഭാവമെന്തെന്നളക്കാൻ അയാൾ ശ്രമിച്ചു. ‘എന്ന് തുടങ്ങി പദ്മ ഈ ശീലം?’. അയാളുടെ നെറ്റിയിലെ ചുളിവിൽ നീരസം തെളിഞ്ഞു നിന്നു. ‘ശീലങ്ങൾ തുടങ്ങാനെന്താ നന്ദാ പ്രയാസം? ഉപേക്ഷിക്കാനല്ലേ ഉള്ളൂ ബുദ്ധിമുട്ട്. വേറെയും ഉണ്ടാക്കിയെടുത്തിട്ടുണ്ട് പദ്മ ശീലങ്ങൾ. നന്ദന് അറിയണോ? ‘.പദ്മ തന്നോട് പ്രതികാരം ചെയ്യാനായാണ് വന്നതെന്ന് അയാൾക്ക് തോന്നി. നന്ദൻ തീവ്രമായി അവളെ നോക്കി. ‘ഗൗതമുമായി നീ എന്തിനാണ് പിരിഞ്ഞത് പദ്മാ?’ അതറിയാതിരിക്കാൻ പറ്റില്ലെന്ന് അയാൾക്ക് തോന്നി.

‘ഹീ വാസ് എ സൈക്കിക് നന്ദൻ. നമ്മുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞു കൊണ്ട് അയാളെന്നെ വിവാഹം കഴിച്ചത് തന്നെ ചിലപ്പോൾ അയാളുടെ സാഡിസത്തിന് സ്വന്തമായ ഒരു ഇരയെ വേണമെന്നാഗ്രഹിച്ചാവണം. നന്നായി ഉപദ്രവിക്കുമായിരുന്നു. മറ്റൊരു കാരണവും കിട്ടാത്തപ്പോൾ പാസ്റ്റും പറയാൻ ഒരു കാരണം.’ പദ്മ ഒന്ന് നിർത്തിയിട്ട് സിഗരറ്റ് ദീർഘമായി അകത്തേക്ക് വലിച്ചു. ‘എന്നിട്ട് നീ അത് വീട്ടിൽ പറഞ്ഞില്ലേ? എന്നോടെങ്കിലും പറയാമായിരുന്നില്ലേ പദ്മാ?’ നന്ദന്റെയുള്ളിൽ അതിയായ വിദ്വേഷം ഉടലെടുത്തു. അവളുടെ മുഖത്ത് പരിഹാസവും. ‘ഇല്ല, എന്നെ മനസ്സിലാക്കാൻ കഴിയുന്നവരാണ് നന്ദനോ എന്റെ വീട്ടിലുള്ളവരോ എങ്കിൽ ഞാൻ ഗൗതമിന്റെ ഭാര്യയാകില്ലായിരുന്നല്ലോ.’ അവൾ ഒന്ന് നിർത്തിയിട്ട് തീരാറായ ആ സിഗരറ്റ് ഉപേക്ഷിച്ച ശേഷം മറ്റൊന്നെടുത്ത് കത്തിച്ചു. ‘ഭയമായിരുന്നു ആദ്യമൊക്കെ, പിന്നീടത് ശീലമായി. അതെന്റെ വിധിയാണെന്ന് വിശ്വസിക്കാൻ ശ്രമിച്ചു. എന്തോ ആ വേദനകളൊക്കെ ഞാൻ അർഹിക്കുന്നതാണെന്ന് എന്നെ ബോധ്യപ്പെടുത്താൻ ഗൗതമിന് കഴിഞ്ഞു.’ പെട്ടന്ന് അവളുടെ ശബ്ദമിടറി.

‘ഗൗതമിനെ ഞാൻ എന്നെങ്കിലും സ്നേഹിച്ചിരുന്നോ നന്ദാ? ‘ ചോദ്യം തന്നോടായിരുന്നോ അതോ അവൾ സ്വയം ചോദിച്ചതാണോ എന്ന് ആലോചിക്കാൻ മുതിർന്നില്ല. ‘ഗൗതമിനെ സ്നേഹിക്കാതിരിക്കാനായിരുന്നു എളുപ്പം.’ നന്ദൻ വേദനയോടെ കേട്ടുനിന്നു. ‘പദ്മ ഗൗതമിന്റെ കയ്യിലെ വെറുമൊരു പാവ മാത്രമായിത്തീർന്നിരുന്നു. അഞ്ചു വർഷത്തിനിടെ ഞാൻ ഏഴു തവണ ഗർഭിണിയായി. പക്ഷേ, അയാൾക്ക് കുട്ടികളെ ഇഷ്ടമല്ലായിരുന്നു. ഓരോ തവണയും എന്നിൽ നിന്ന് പറിച്ചെറിഞ്ഞ ഓരോ ജീവനുകൾക്കൊപ്പവും പദ്മ മരിച്ചു കൊണ്ടിരുന്നു, വീണ്ടും വീണ്ടും. മരിക്കാനെന്തോ മനസ്സനുവദിച്ചില്ല, എന്റെ ജീവിതം എന്റെ പോലും ആവശ്യമല്ലാതായിത്തീർന്നിരുന്നിട്ടും . വിഷാദം എന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ ഞാൻ വീണ്ടും ഗർഭിണിയായി. എന്തോ ആ കുഞ്ഞിനെ രക്ഷിക്കണമെന്ന് തോന്നി, അതിനായി അയാളിൽ നിന്നും രക്ഷപ്പെടണമെന്നും. ഞാൻ ഇവിടെയുള്ള ഒരു വക്കീലിനെ കണ്ടു. ഗൗതം എങ്ങനെയോ അതറിഞ്ഞു.’ പദ്മയെ ഓർമ്മകൾ ഇരുണ്ട ആ ദിനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അന്ന് വക്കീലിനെ കണ്ട് വീട്ടിലെത്തുമ്പോൾ ഇരുട്ടിയിരുന്നു. പദ്മയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, നേരത്തെ പറഞ്ഞിരുന്ന പാർട്ടിക്ക് പോകാതെ ഗൗതം വീട്ടിൽ തന്നെ ഇരുന്ന് മദ്യപിക്കുകയായിരുന്നു. അവളെ കണ്ടതും അയാൾ കയ്യിലുള്ള സിഗരറ്റ് ആഷ്ട്രേയിൽ കുത്തി കെടുത്തി. ‘എവിടെയെത്തി എന്നെ ഒഴിവാക്കാനുള്ള നീക്കങ്ങൾ?’. പദ്മ ഗൗതമിന്റെ ചോദ്യം കേട്ട് തരിച്ചു നിന്നു. ഗൗതം പതുക്കെ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാതെ മുൻപിൽ വന്നു നിന്ന്, മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. ‘മോളെ, നീ ഒന്നനങ്ങിയാൽ ആ നിമിഷം ഞാൻ അതറിയും.’ ഭയം കൊണ്ട് ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങിയിട്ടും, അത്‌ പുറത്തു കാണിക്കാതെ അയാളുടെ കൈ തട്ടിമാറ്റി അവൾ ബെഡ്റൂമിലേക്ക് നടന്നു. പിന്നാലെ ചെന്ന അയാൾ പദ്മയുടെ കയ്യിൽ നഖങ്ങളാഴ്ത്തും വിധത്തിൽ കയറിപ്പിടിച്ചു. ‘നിനക്ക് എവിടെ നിന്ന് കിട്ടി ഇത്രെയും ധൈര്യം?’ ഗൗതം ശബ്ദമുയർത്തിയാണ് ചോദിച്ചത്. ‘എനിക്ക് ജീവിക്കണം ഗൗതം.’ അവൾ അതിലും ശബ്ദമുയർത്തി. അതയാളെ ചൊടിപ്പിച്ചു.

‘ നിനക്ക് ഈ വഴി പറഞ്ഞു തന്നത് നിന്റെ മറ്റവനായിരിക്കും. എന്താ, അവനിന്നും നിന്നെ കാത്തിരിക്കുന്നുണ്ടോ?’ അയാളുടെ കണ്ണുകൾ ചുവക്കുകയും ശ്വാസം വേഗത്തിലാവുകയും ചെയ്തു. ഗൗതം നന്ദനെയാണ് ഉദ്ദേശിച്ചതെന്നറിയാമെങ്കിലും പദ്മ ഒന്നും മിണ്ടിയില്ല. ഗൗതം നിയന്ത്രണാതീതനായി. അയാൾ പെട്ടന്നു തിരിഞ്ഞ് കട്ടിലിനടിയിലെ പദ്മയുടെ പെട്ടി പുറത്തേക്കെടുത്ത് തുറന്ന് അവളുടെ പഴയ വസ്ത്രങ്ങളും സാധനങ്ങളും പുറത്തേക്ക് വാരിയിട്ട് അതിനിടയിൽ നിന്ന് പദ്മ സൂക്ഷിച്ചു വെച്ചിരുന്ന നന്ദൻ വരച്ച ചിത്രം ചികഞ്ഞെടുത്തു. ‘നീയിതിപ്പോഴും സൂക്ഷിച്ചിരിക്കുന്നത് ഞാനറിയില്ല എന്ന് കരുതിയോ?’ പ്രതീക്ഷിക്കാത്ത ആ പ്രവൃത്തി അവളെ അമ്പരപ്പിച്ചു. ‘ഗൗതം നിർത്തുന്നുണ്ടോ ഈ ഭ്രാന്ത്? അത്‌ തിരിച്ചു തരൂ. ഗൗതമിന് തന്നെയറിയാലോ ഞാൻ നന്ദനെ പിന്നെ കണ്ടിട്ടേ ഇല്ലെന്ന്.’ പദ്മ ആ ചിത്രത്തിനു വേണ്ടി ദേഷ്യത്തോടെ കൈനീട്ടി. പക്ഷേ, അവൾക്ക് പ്രതികരിക്കാനാവും മുൻപ് ഗൗതം പോക്കറ്റിൽ നിന്നും ലൈറ്ററെടുത്ത് ആ ചിത്രത്തിന് തീ കൊടുത്ത് നിലത്തിട്ടു. ‘നന്ദന്റെ പദ്മ ചാരമായിക്കൊണ്ടിരിക്കുന്നു.’ അയാൾ ഭ്രാന്തനെപ്പോലെ അട്ടഹസിച്ചു. കത്തിപ്പടരും മുൻപ് അതെടുക്കാൻ മുതിർന്ന പദ്മയെ അയാൾ കടന്നു പിടിച്ചു. ‘നിന്നെ ഞാൻ അങ്ങനെ പോകാൻ വിടുമെന്ന് കരുതുന്നുണ്ടോ പദ്മാ?’ ഗൗതമിന്റെ ഭാവം മാറി, അയാൾ വേട്ടയ്ക്കൊരുങ്ങിയ സിംഹത്തെപ്പോലെയായി.

പദ്മയുടെ കണ്ണുകളിൽ തെളിയുന്ന ഭയം അയാൾ എന്നും ആസ്വദിച്ചിരുന്നു. അവളെ കീഴടക്കാൻ അയാൾക്ക് പ്രയാസമുണ്ടായിരുന്നില്ല ഒരിക്കലും. ആഴ്ന്നിറങ്ങുന്ന നഖങ്ങളുടെയും പല്ലുകളുടെയും വേദനയിൽ നിന്നെന്നതിനേക്കാൾ അയാളുടെ ലഹരിയിൽ മുക്കിയ കടന്നുകയറ്റങ്ങളിൽ നിന്ന് രക്ഷപ്പെടണമെന്ന് അവൾക്ക് ആദ്യമായി തോന്നി. അവൾ സർവ്വശക്തിയുമെടുത്ത് കുതറി. അതയാൾക്ക് ആവേശം പകരുകയാണ് ചെയ്തത്. ബലാൽക്കാരമായി അവളെ കീഴടക്കിക്കഴിഞ്ഞാണ് ഗൗതം അടങ്ങിയത്. പദ്മയുടെ മനസ്സിലും ശരീരത്തിലും ഉണങ്ങാതെ കിടന്നിരുന്ന മുറിവുകളുടെ ആഴമേറി. അവൾക്ക് വേദന അസഹനീയമായി തോന്നി. അവൾ ബാത്‌റൂമിൽ കയറി നിലത്തിരുന്ന് ഉറക്കെ ഉറക്കെ കരഞ്ഞു. തന്റെ കരച്ചിൽ കേട്ട് ആരും വരില്ല എന്ന് അവൾക്കറിയാമായിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി. കണ്ണു തുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലാണ്. പദ്മയ്ക്ക് ആ കുഞ്ഞിനേയും നഷ്ടപ്പെട്ടിരുന്നു. അവൾ വക്കീലിനെ ഹോസ്പിറ്റലിലേക്ക് വിളിച്ചു വരുത്തി. പിന്നീട് എല്ലാം വളരെ വേഗത്തിലാണ് സംഭവിച്ചത്. ഗൗതമുമായുള്ള വിവാഹമോചനവും പുതിയ സിറ്റിയിലേക്കുള്ള മാറിത്താമസവും ജോലിയും എല്ലാം. സിഗരറ്റ് നീട്ടി വലിച്ചുകൊണ്ട് പദ്മ വർത്തമാനകാലത്തേക്ക് മടങ്ങി വന്നു. ‘വിദ്വേഷം കൊണ്ടു പോലും മനസ്സിൽ ഒരു സ്ഥാനം കൊടുക്കാനാഗ്രഹിക്കാത്തത് കൊണ്ട് ഞാൻ ഗൗതമിനോട് ക്ഷമിച്ചു. മറക്കാൻ എളുപ്പമുള്ളവരെ മറന്നാലെന്താ അല്ലേ, നന്ദാ?’. ആ വാക്കുകൾക്കിടയിലൂടെ സിഗരറ്റിന്റെ പുക പുറത്തേക്കൊഴുകി.

നന്ദന്റെ മനസ്സിൽ ഉണങ്ങിക്കിടന്നിരുന്ന കുറ്റബോധത്തിനിടയിലേക്ക് വീണ കനൽ ആളിക്കത്തി അയാളെ ദഹിപ്പിച്ചു തുടങ്ങി. ‘എന്നിട്ട് ഈ മൂന്നു വർഷം നീ എന്ത് ചെയ്യുകയായിരുന്നു പദ്മാ. നീയെന്താ തിരിച്ചു നാട്ടിലേക്ക് പോകാഞ്ഞത്?’ തനിക്ക് ഇനി എന്താണ് അറിയേണ്ടതെന്ന് നന്ദനും അറിയില്ലായിരുന്നു. ‘നന്ദനെന്ന ഒരു പഴകിയ ശീലത്തെ മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു, പുതിയ ജീവിതം തുടങ്ങാൻ. പുതിയ ശീലങ്ങളിലൂടെ. സിഗരറ്റ്, ലിക്വർ, പബ്ബ്, മെൻ.’ അവളുടെ മുഖത്ത് പരിഹാസം നിറഞ്ഞ ചിരി കരകവിഞ്ഞൊഴുകി. നന്ദന് ശക്തമായ വൈദ്യുതാഘാതമേറ്റത് പോലെ തോന്നി. ‘പദ്മാ…. നിനക്ക് ഭ്രാന്തുണ്ടോ?’ നന്ദന്റെ ശബ്ദമുയർന്നു. പ്രദർശനഹാളിലുള്ള ആളുകൾ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ ക്ഷമാപണം നടത്തി. പദ്മയ്ക്ക് നന്ദന്റെ ആ പ്രതികരണത്തിൽ ഭാവമാറ്റമൊന്നുമുണ്ടായില്ല. അവൾ മൂന്നാമത്തെ സിഗരറ്റെടുത്ത് കത്തിച്ചു ചുണ്ടോട് ചേർത്തു. ‘റിലാക്സ് നന്ദൻ, ഗ്രോ അപ്പ്. ഐ ആം നോട്ട് ജസ്റ്റ്‌ മൈ ബോഡി. പിന്നെ ഇവിടെ നാട്ടിലെത്തത് പോലെയല്ല. നമ്മുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതാ തിരിച്ചു പോകേണ്ടെന്ന് വെച്ചത്.’ പദ്മ നന്ദന്റെ കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കി ഒരു നിമിഷം മിണ്ടാതെ നിന്നു. ആ നിമിഷത്തിൽ അവൾ പഴയ പദ്മയായി മാറിയത് പോലെ അയാൾക്ക് തോന്നി. നന്ദന്റെ കണ്ണുകളിൽ തീവ്രമായ വേദന വ്യക്തമായിക്കിടന്നു. ‘എന്റെ ശരീരത്തിന് അത്ര പവിത്രത കല്പിച്ചിരുന്നെങ്കിൽ നന്ദൻ എന്തിനെന്നെ മറ്റൊരാൾക്ക് വിട്ടുകൊടുത്തു?. എന്നിൽ ഉന്മാദത്തിന്റെ വിത്തുകൾ വിതച്ചിട്ട് അകന്നു പോയത് നന്ദനല്ലേ?’. വേദനിപ്പിക്കുന്നതൊന്നും കൂടുതൽ കേൾക്കാതിരിക്കാനായി പദ്മയൊന്ന് പോയിരുന്നെങ്കിൽ എന്ന് അയാളാഗ്രഹിച്ചു. കണ്ണീരിന്റെ ഒരു നേർത്ത പാട അവളുടെ കണ്ണിൽ തെളിഞ്ഞത് തന്റെ കണ്ണിലും പ്രതിഫലിച്ചത് ശ്രദ്ധിച്ചപ്പോൾ അവളുടെ ഭാവം മാറി.

‘നന്ദൻ ഈ തീർത്തിരിക്കുന്ന എണ്ണഛായച്ചിത്രങ്ങളിൽ ഒന്നില്ലെങ്കിലും പദ്മയുണ്ടായിരുന്നെങ്കിൽ ഇതൊന്നും നന്ദനെ അറിയിക്കാതെ ഇന്ന് ഞാൻ ഇറങ്ങിപ്പോയേനെ. എനിക്ക് സൂക്ഷിക്കാൻ മാത്രമായി നന്ദന്റെ കയ്യൊപ്പോടുകൂടിയ ഒരു ചിത്രം, എന്തോ അതുണ്ടാകണമെന്നു ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്റെ സ്വാർത്ഥതയാകാം’ നിർത്തിയശേഷം അവൾ ഏതോ ഒരോർമ്മയിലേക്ക് തിരിഞ്ഞു. ‘ആ പദ്മ ഒരു പാവമായിരുന്നു നന്ദാ. അന്ന് ദുഃഖങ്ങൾ ഏറ്റുവാങ്ങാൻ പദ്മ തയ്യാറായിരുന്നു. ഇന്ന് ആരും ദുഖിച്ചു കാണുമ്പോൾ എനിക്ക് ദയ പോലും തോന്നാറില്ല.’ ഒന്ന് നിർത്തിയിട്ട് അവൾ തുടർന്നു. ‘ എല്ലാം കാലം മായ്ച്ചു കളയുമെന്ന് അന്നും ഞാൻ കരുതിയിരുന്നില്ല, നന്ദനെയോ, പദ്മയെയോ….’ തന്നെ വേദനിപ്പിക്കാനുള അവളുടെ ഉദ്ദേശം ഫലിച്ചെന്ന ആശ്വാസം അവൾക്ക് നൽകണമെന്ന് നന്ദന് തോന്നി. താൻ അതിന് അർഹനാണെന്നും. കുറേ നേരം പരസ്പരം ഒന്നും മിണ്ടാതെ ആ മുറിയിൽ തന്നെ അവർ നിന്നു.

പദ്മയാണ് മൗനം ഭഞ്ജിച്ചത്. ‘നമ്മളവസാനം കണ്ട ദിവസം നന്ദൻ പറഞ്ഞത് ഓർമ്മയുണ്ടോ, കാലത്തിന്റെ തീരുമാനങ്ങളെ തടുക്കാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ലെന്ന്?.’ പദ്മ നന്ദന്റെ മുഖത്തേക്ക് നോക്കി. ‘പക്ഷേ, നന്ദൻ ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ കാലത്തിന്റെ തീരുമാനങ്ങൾക്ക് ഇത്ര സംഹാരഭാവമുണ്ടാകുമായിരുന്നോ നന്ദാ?.’ പദ്മ ദീർഘനിശ്വാസമയച്ചു. നിയന്ത്രണം വീണ്ടെടുക്കാനാവാം അവൾ വീണ്ടും കുറച്ചു നേരം പുറത്തേക്ക് നോക്കി മൗനം പാലിച്ചു. ആ സിഗരറ്റും വലിച്ചു തീർത്തു. ‘നിയോഗം എന്ന് പറയുന്നത് ഇതിനെത്തന്നെയാവും അല്ലേ നന്ദാ. കഴിഞ്ഞുപോയ യാഥാർഥ്യങ്ങളെ അംഗീകരിക്കുക എന്നല്ലാതെ, കുറ്റപ്പെടുത്തലുകളിൽ കാര്യമൊന്നുമില്ലെന്നറിയാഞ്ഞിട്ടല്ല. പക്ഷേ, നന്ദന്റെ കാര്യത്തിൽ ഇതുവരെ അത് സാധിച്ചിട്ടില്ല.’ നന്ദൻ പദ്മയെ നോക്കി. അവളുടെ കണ്ണുകളിലെ നിരാശ വ്യക്തമായിരുന്നു.

‘കാലം മുൻപോട്ടാണ് പോകേണ്ടത്. ഞാൻ നന്ദൻ സ്നേഹിച്ച പദ്മയല്ല ഇന്ന്. ജീവിതം അങ്ങനെയല്ലേ നന്ദാ, തിരിച്ചുപോക്ക് സാധ്യമാവാത്ത കുറേ നിമിഷങ്ങൾ. ഇന്ന് ഞാൻ ചെയ്തത് തെറ്റാണെന്ന് ഇപ്പോൾ തോന്നുന്നു. തിരിച്ചറിവുകൾ മിക്കപ്പോഴും അങ്ങനെയാണല്ലോ, വൈകിയല്ലേ വരൂ. ഞാൻ വരരുതായിരുന്നു, അല്ലേ?’ അവൾ നന്ദനെ നോക്കി മന്ദഹസിച്ചു. ആ ദിവസത്തെ ആത്മാർത്ഥമായ ഏക പുഞ്ചിരി. പക്ഷേ, അതാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്ന് നന്ദന് തോന്നി. ‘ശരികളെക്കുറിച്ചും തെറ്റുകളെക്കുറിച്ചുമൊന്നും ഞാനിപ്പോൾ കൂടുതൽ ചിന്തിക്കാറില്ല. അതുകൊണ്ട് ഈ കൂടിക്കാഴ്ചയും പെട്ടന്ന് മറക്കാനാകുമായിരിക്കും. നന്ദനെയും മറക്കാൻ സമയമായിരിക്കുന്നെന്നുള്ള ഒരോർമ്മപ്പെടുത്തലിനു വേണ്ടിയായിരിക്കും ഇങ്ങനെ ഒരു അവസരം കാലം സമ്മാനിച്ചത്.’ യാത്ര പറയാതെ പദ്മ പോകാനൊരുങ്ങി. വാതിൽക്കൽ എത്തിയപ്പോൾ അവൾ തിരിഞ്ഞ് നന്ദനെ നോക്കി. ‘എണ്ണഛായത്തിന് ജലഛായത്തേക്കാൾ നല്ല ചിത്രങ്ങൾ തീർക്കാനാകും. പക്ഷേ നന്ദൻ അതിന് ശ്രമിച്ചിട്ടില്ലെന്ന് ആ ചിത്രങ്ങൾ നോക്കി പദ്മയ്ക്ക് പറയാനാകും.’ അവൾ നന്ദന്റെ കണ്ണുകളിലേക്ക് നോക്കി. ‘ആരോടെങ്കിലും ന്യായം പുലർത്താൻ ശ്രമിക്കൂ നന്ദാ.’ അത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു. നന്ദൻ അവൾ നടന്നകലുന്നത് വരെ കാത്തുനിന്നു, തന്റെ കണ്ണിന് പിറകിൽ വന്ന് കാത്തുനിന്ന നീർത്തുള്ളിയ്ക്ക് വാതിൽ തുറന്നു കൊടുക്കാൻ.

അന്ന് ആ തണുത്ത രാത്രി കാനഡയിലെ ഹോട്ടൽ മുറിയിൽ കിടന്ന് നന്ദൻ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി. പദ്മയെ പിരിഞ്ഞ അന്ന് തീരുമാനിച്ചതാണ് ജലഛായം ഉപേക്ഷിക്കാൻ. തങ്ങളുടെ കുടുംബങ്ങൾക്കിടയിലുണ്ടായ പ്രശ്നങ്ങൾ അപ്രതീക്ഷിതമായിരുന്നു. ഒരു ചിത്രകാരനായ തനിക്ക്, പദ്മക്ക് നല്ലൊരു ജീവിതം നൽകാനാകുമോ എന്ന ചോദ്യം അവളുടെ കാരണവന്മാർ ഉന്നയിച്ചപ്പോൾ, തന്റെ തറവാടിന് മുകളിൽ അത്‌ കടുത്ത അപമാനത്തിന്റെ ധ്വനിയായി മുഴങ്ങി. അസ്വാരസ്യങ്ങൾ ഒടുവിൽ അമ്മയുടെ ആത്മഹത്യാഭീഷണിയിൽ ചെന്നുടക്കി. അതിനു മുൻപിൽ തോറ്റുപോയത് താൻ തന്നെയാണ്. പക്ഷേ, ആ കാരണം പറയാതെ തന്നെ അവളെ അനുനയിപ്പിക്കാൻ തനിക്ക് കഴിഞ്ഞു. പദ്മയുടെ ഒരു ചിത്രം പോലും താൻ വരയ്ക്കാതിരുന്നത് മനസ്സ്‌ കൊതിക്കാതിരുന്നിട്ടല്ല. ശരികളെത്ര പെട്ടന്നാണ് തെറ്റുകളായി മാറുന്നത്. അവൾ പറഞ്ഞതൊക്കെ മനസ്സിൽ നിന്ന് മായ്ച്ചു കളഞ്ഞില്ലെങ്കിൽ അന്നത്തെ രാത്രിയെ അതിജീവിക്കാനാകില്ലെന്ന് അയാൾക്ക് തോന്നി. മുറിയിലെ ഫ്രിഡ്ജ് തുറന്ന് ഒരു വിസ്കിയുടെ കുപ്പിയും ഐസും എടുത്ത് ജനാലയ്ക്കരികിൽ ചെന്നിരുന്നു. പുറത്ത് മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. മൂന്നു നാല് പെഗ്ഗ് അകത്തു ചെന്നപ്പോൾ അയാൾ കസേരയിലേക്ക് ചായ്ഞ്ഞു കണ്ണടച്ചു.

പെയ്തിറങ്ങുന്ന മഞ്ഞിന്റെ മരവിപ്പിക്കുന്ന തണുപ്പ് മനസ്സിലേക്കാണ് പടരുന്നത്. അയാൾ തന്റെ നെറ്റിയിൽ തണുപ്പുള്ള എന്തോ ഒന്ന് തിരഞ്ഞു. അനുവാദം ചോദിക്കാതെ പദ്മ തൊടുവിക്കാറുള്ള ചന്ദനക്കുറി. നന്ദന്റെ ഓർമ്മകൾ ഇന്നലെകളിൽ നിന്ന് ഇന്നലകളിലേക്ക് പറന്നു. ‘ഇതെന്താ ഇന്ന് ചുവപ്പ്?’ വിരലുകളിലെ കുങ്കുമവർണം നോക്കി നന്ദൻ ചോദിച്ചു. ‘വശീകരണ തിലകം!’. പദ്മയുടെ മുഖത്തെ പ്രകാശം പരത്തുന്ന ചിരി കണ്ട് നന്ദൻ കൗതുകത്തോടെ അവളെ നോക്കി. ‘ അതിന് പദ്മയിനി എന്നെ ഒരു കുറി തൊടീക്കേണ്ട കാര്യം ഉണ്ടോ?’. നന്ദൻ പരിഹസിച്ചു. ‘ഇത് അതൊന്നുമല്ലെങ്കിലും, ആവശ്യമുണ്ടോ എന്നൊക്കെ നന്ദന് വെറുതെ തോന്നുന്നതാ. മനസ്സും ശരീരവും പകുത്തെന്ന് കരുതി ആളുകൾ പിരിയാതിരിക്കുന്നൊന്നുമില്ലല്ലോ.’ പദ്മ ഗൗരവം ഭാവിച്ചു. ‘സ്വന്തം പുരുഷൻ തനിക്ക് മാത്രം സ്വന്തമായിരിക്കാൻ വേണ്ടിയുള്ള ചില വിദ്യകളൊക്കെയുണ്ട്.’ പദ്മ കൈകൾ രണ്ടും കെട്ടി തന്റെ മുൻപിലിരിക്കുന്ന നന്ദനെ നോക്കി കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ പിരികമുയർത്തി. ‘തീസിസിന്റെ ടോപ്പിക്ക് തിരഞ്ഞെടുക്കാനെന്നും പറഞ്ഞുള്ള ഒരുമാസത്തെ പരിശ്രമത്തിന്റെ പരിണതഫലങ്ങൾ ആവും അല്ലേ?’. നന്ദന്റെ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചു. അയാൾ പദ്മയുടെ കൈ പിടിച്ചു തന്റെ മടിയിലേക്ക് വലിച്ചു. അവളെ കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ചു തന്റെ കുറ്റിരോമങ്ങളുള്ള മുഖം അവളുടെ മുഖത്ത് ഉരച്ചു. ‘എന്റെ ഗവേഷണങ്ങൾക്ക് ഇപ്പോൾ ഒരൊറ്റ വിഷയമേ ഉള്ളൂ. പദ്മ’.

പദ്മ നന്ദന്റെ നെറ്റിയിൽ തന്റെ നെറ്റി ചേർത്തുവെച്ചു കണ്ണടച്ചു. ‘നന്ദന് നമ്മൾ ആദ്യം കണ്ട ദിവസം ഓർമ്മയുണ്ടോ?’ പദ്മയുടെ ദിവ്യമായ ഗന്ധം നന്ദന്റെ തലച്ചോറിലേക്കൊഴുകി സ്മൃതികളെയുണർത്തി. ചിത്രരചനാക്യാമ്പിനായി ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പോയ ദിവസം. എന്തു വരയ്ക്കണം എന്നാലോചിച്ചിരിക്കുമ്പോഴാണ് അവൾ ഗേറ്റ് കടന്നു നടന്നു വരുന്നത്. തെളിഞ്ഞ നിറം. നീണ്ടമുഖം. പാതി കൂമ്പിയ കണ്ണുകളിൽ നേർമ്മയായി കരിമഷിയെഴുതിയിരിക്കുന്നു. വില്ലുപോലെ ഉയർന്ന പുരികങ്ങൾ. അവയ്ക്ക് നടുവിൽ നെറ്റിയിൽ ചുവന്ന കുങ്കുമപ്പൊട്ട്. അതിനു താഴേയ്ക്ക് നീളുന്ന ഭംഗിയുള്ള മൂക്ക്. വിളറിയ ചുണ്ടുകൾ. അരക്കെട്ടോളം നീണ്ട തലമുടി അലസമായി ഇഴയെടുത്ത് കെട്ടിയിരിക്കുന്നു. ലൂസായ നീല സൽവാറും ചുവപ്പു ഷാളുമാണ് അവളിട്ടിരുന്നത്.
മുൻപിലെത്തിയപ്പോൾ അവൾ തന്റെ കണ്ണിലേക്ക് നോക്കി. നന്ദന്റെ ഹൃദയത്തിൽ തറച്ച തീവ്രമായ ആ നോട്ടം, കടന്നു പോകും വരെ ഒരു പതർച്ചയുമില്ലാതെ ഇരുവരുടെയും കണ്ണുകളെ ബന്ധിപ്പിച്ചു. കുറേ നേരം കഴിഞ്ഞ് ചിത്രം വര കഴിഞ്ഞപ്പോഴാണ് തന്റെ അച്ഛന്റെ സുഹൃത്തും ആ കോളേജിലെ അധ്യാപകനുമായ സഹദേവൻ മാഷുടെ ചോദ്യം പിറകിൽ നിന്നുമുയർന്നത്. ‘എന്താ നന്ദന്റെ ഈ ചിത്രത്തിനുള്ള പ്രചോദനം?’. നന്ദൻ തിരിഞ്ഞു നോക്കി. ‘ സങ്കല്പം’. അയാൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റ് അടുത്തുപോയി നിന്ന് തോളത്തു കൈയ്യിട്ടു. മാഷ് കുറച്ചു നേരം ആ ചിത്രത്തിൽ നോക്കി നിന്നിട്ട് നന്ദന്റെ തോളത്തു തട്ടിയിട്ട് പോകാനൊരുങ്ങി. ‘തന്റെ നീല സൽവാറിട്ട സങ്കൽപം ഇവിടെ ബി എ ലിറ്ററേച്ചറിന് പഠിക്കുന്നു. പദ്മ.’ ഓർമ്മയിലെ ജാള്യത നിറഞ്ഞ ചിരി നന്ദന്റെ മുഖത്ത് പടർന്നു. പദ്മ ചിരിച്ചുകൊണ്ട് അയാളുടെ ചുണ്ടിൽ മൃദുവായി ചുംബിച്ചു.

‘നന്ദേട്ടാ, ചായ.’ വീണയുടെ ശബ്ദം നന്ദനെ ഉറക്കത്തിൽ നിന്നുണർത്തിയെങ്കിലും അയാൾ വർത്തമാനകാലത്തിലേക്ക് മടങ്ങി വരാൻ സമയമെടുത്തു. ‘ ചിത്രപ്രദർശനം കഴിഞ്ഞതിന്റെ ക്ഷീണം മാത്രമല്ല കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി പദ്മയെ കണ്ടതിന്റെ മനപ്രയാസം കൂടെയുണ്ട് നന്ദേട്ടന്.’ കവിളത്ത് കാക്കപ്പുള്ളിയുള്ള സുന്ദരമായ ആ മുഖത്തെ ആശങ്ക വ്യക്തമായിരുന്നു. പദ്മയുടെ വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞാണ് വീണയുമായുള്ള വിവാഹം നടന്നത്. വീട്ടുകാർ തിരഞ്ഞെടുത്ത ബന്ധം. പദ്മയെപ്പോലെ കലാ താല്പര്യങ്ങളോ വന്യമായ ചിന്തകളോ ഇല്ലാത്ത ഒരു പെൺകുട്ടിയായിരുന്നു വീണ. ‘വീണാ, നിനക്ക് എന്റെ കൂടെയുള്ള ഈ ജീവിതത്തെക്കുറിച്ച് എന്താണ് അഭിപ്രായം?’ ആ ചോദ്യത്തിന്റെ പ്രസക്തി എന്താണെന്ന് അറിയില്ലെങ്കിലും ഇരുപത് വർഷത്തിനിപ്പുറം ഇന്ന് അത് ചോദിക്കണമെന്ന് നന്ദന് തോന്നി. വീണ ചിരിച്ചു. അവളുടെ മുഖം പ്രസന്നമായി. ‘തുടക്കത്തിൽ എനിക്ക് തോന്നിയിരുന്നു, ഒരിക്കലും നന്ദേട്ടന്റെ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ടാകില്ലെന്ന്. പിന്നീട് എപ്പോഴോ പെട്ടന്ന് അത് മാറി. നന്ദേട്ടൻ മൊത്തത്തിൽ മാറി. അതിന് കാരണമെന്തെന്നൊന്നും എനിക്കറിയില്ല. അറിയണമെന്ന് തോന്നിയിട്ടും ഇല്ല. ഭാര്യ എന്ന നിലയിൽ ഞാൻ സന്തുഷ്ടയായിരുന്നു അതിനു ശേഷം. എനിക്ക് അത്രെയും മതിയായിരുന്നു.’ നന്ദന് മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.

‘നന്ദേട്ടാ, ബാക്കിയുള്ള ഈ ക്യാൻവാസൊക്കെ എവിടെയാ വെക്കേണ്ടത്.?’ മുറ്റത്തെ പരിചിതമായ ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി. ‘ ഇവിടെ ഉമ്മറത്ത് ചാരി വെച്ചോളൂ ആൽവിൻ, ഞാൻ അകത്തേക്ക് എടുത്ത് വെച്ചോളാം.’ വീണ നിർദ്ദേശിച്ചു. വീണ അകത്തേക്ക് പോയപ്പോൾ നന്ദൻ തന്റെ ചിത്രങ്ങളിലേക്ക് നോക്കി. പതിനഞ്ചു വർഷം മുൻപ് കാനഡയിൽ വെച്ച് പദ്മയെ കണ്ടശേഷം നിറങ്ങൾ തൊടാൻ തോന്നിയില്ല കുറച്ചുകാലത്തേക്ക്. പിന്നീടെപ്പോഴോ ചാർക്കോൾ പതിയെ അതിന്റെ ഇടം പിടിച്ചു. കരിപിടിച്ച ഫോസിലുകൾ പോലെ ജീർണിച്ചു തുടങ്ങിയ തന്റെ ഭാവനകൾ കോറിയിടാൻ മറ്റൊന്നും ഉപയോഗിക്കാൻ നന്ദന് മനസ്സ്‌ വന്നില്ല. തന്റെ ചിത്രങ്ങൾക്ക് പരിണാമം സംഭവിച്ചത് പദ്മയിലൂടെയാണ്. നന്ദൻ മുറ്റത്ത് നിൽക്കുന്ന അപൂർണമായ ആ ചിത്രം നോക്കി. മനസ്സിൽ ഒരു വിങ്ങൽ. തനിക്കത് പൂർത്തിയാക്കാൻ കഴിയില്ലെന്ന് അയാൾക്ക് തോന്നി. അയാൾ ഓർമ്മകളുടെ കുത്തൊഴുക്കിൽ വീണ്ടും കസേരയിലേക്ക് ചാഞ്ഞു.

ശ്രീലേഖ പറഞ്ഞിട്ടാണ് അത്രയും വർഷങ്ങൾക്ക് ശേഷം തന്റെ ചിത്രപ്രദർശനത്തിന്റെ തലേന്ന് വീണ്ടും പദ്മയുടെ വീട്ടിൽ പോയത്. സുഖമില്ലാതായ അവളെ ഗൗതം തന്നെയാണ് നാട്ടിൽ കൊണ്ടാക്കി പോയത് എന്നു മാത്രമാണ് അറിഞ്ഞിരുന്നത്. നന്ദൻ അവളുടെ മുറിയിലേക്ക് ചെന്നു. തന്റെ ചിത്രങ്ങളെ ദ്യോതിപ്പിക്കും വിധത്തിലുള്ള ആ ദൃശ്യം നന്ദന്റെ ഹൃദയത്തിൽ തുളച്ചു കയറി. മുറിയിലേക്ക് തുറന്നിട്ട ജനാല വെളിച്ചത്തിൽ പുറത്തേക്ക് നോക്കി കട്ടിലിൽ ചാരിയിരിക്കുന്ന കറുത്ത വസ്ത്രം ധരിച്ച പദ്മ. നീണ്ട കറുത്ത മുടിയിഴകൾക്കിടയിൽ ഇടകലർന്ന നരച്ച തലമുടികൾ. തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ. വരണ്ട ചുണ്ടുകൾ. ആളനക്കം കേട്ട് പദ്മ നന്ദന്റെ മുഖത്തേക്ക് നോക്കി. ശൂന്യമായ മുഖഭാവത്തിന് മാറ്റമൊന്നുമുണ്ടായില്ല.

അവളുടെ സഹോദരി ആ മുറിയിലേക്ക് കടന്നു വന്നു. അവർ നന്ദനെ നോക്കി ചിരിച്ച ശേഷം പദ്മയെ നോക്കി.

‘ലഹരിമരുന്നുകളുടെ അമിതമായ ഉപയോഗം അവളുടെ ഓർമ്മകളെ പാടേ മായ്ച്ചു കളഞ്ഞിരിക്കുന്നു നന്ദാ. ഇനിയൊരു തിരിച്ചുപോക്കില്ല, അവൾ ഇനി അധികം നാളുണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞിരിക്കുന്നു.’ പദ്മയുടെ കണ്ണുകളിലെ അപരിചിതത്വത്തിന്റെ അർത്ഥം നന്ദന്റെ നാഡികളെ തളർത്തി. അവസാനത്തെ കൂടിക്കാഴ്ചയിൽ നിന്ന് അവളുടെ വാക്കുകൾ നന്ദന്റെ മനസ്സിലേക്ക് അലയടിച്ചെത്തി. ‘നന്ദനെന്ന ഒരു പഴകിയ ശീലത്തെ മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു, പുതിയ ജീവിതം തുടങ്ങാൻ.’ തന്നെ മറക്കാനുള്ള ശ്രമത്തിൽ അവൾ മറന്നുപോയത് അവളെത്തന്നെയാണെന്നുള്ളത് അവ്യക്തമായ ഓർമ്മകൾ പോലെ അവളുടെ മുഖത്ത് വ്യക്തമായിക്കിടന്നു. അയാളുടെ മനസ്സ്‌ ശൂന്യമായി. പിന്നീട് ഒരു നിമിഷം പോലും അയാൾക്കവിടെ നിൽക്കാനായില്ല. പദ്മയുടെ മനസ്സിൽ നിന്ന് മായ്ഞ്ഞു പോയ തന്നെ തിരഞ്ഞ് അയാൾ ആ പടിയിറങ്ങി. അടുത്ത മൂന്നു ദിവസം ചിത്രപ്രദർശനത്തിനിടയിലും നന്ദന്റെ മനസ്സ്‌ ശൂന്യമായിത്തന്നെ കടന്നു പോയി. ഇങ്ങിയങ്ങോട്ട് എന്ത് എന്ന തന്നെയലട്ടിയ ചോദ്യത്തിന് ഉത്തരം തിരഞ്ഞാണ് വീണ്ടും ഇന്ന് ജലഛായം കൊണ്ട് അവളെ വരയ്ക്കാൻ തുനിഞ്ഞത്. നന്ദൻ വീണ്ടും ആ ചിത്രം നോക്കി വിങ്ങലോടെ കണ്ണുകളടച്ചു. മഴപെയ്തു തുടങ്ങി. സമയമേറെ കഴിഞ്ഞാണ് വീണ നന്ദനെ വിളിക്കാൻ ഉമ്മറത്തേക്ക് ചെന്നത്. പക്ഷേ, തീവ്രമായ പ്രണയത്തിന്റെ അവശേഷിച്ച ഊർജത്തിലോടിയിരുന്ന ആ ഘടികാരം നിലച്ചിരുന്നു. അധികം ദൂരെയല്ലാത്തൊരിടത്ത് അതേ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്ന മറ്റൊരു ഹൃദയം അതേ സമയം നിശ്ചലമായി. നന്ദന്റെ മുറ്റത്തെ ഈസലിൽ കിടന്ന ചിത്രത്തിലെ ജലഛായം മഴയിൽ ഒലിച്ചിറങ്ങി ആ ക്യാൻവാസ് ശൂന്യമായിത്തീർന്നിരുന്നു.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്