ഒരിക്കൽ
പ്രണയ വഞ്ചിയേറിപ്പോയ
ഉന്മാദിനിയായ ഒരുവൾ,
രാത്രിയിൽ
ഇപ്പോൾ ഒരുപാട് പ്രണയികളെ
സ്വീകരിക്കുന്നുണ്ട് .
വിജനമായ
പാതകൾ അറ്റു പോകുന്നിടത്ത്
ഒരുവൻ വല നെയ്തിരിക്കുന്നു..
അവൾ അതിലെ ഇര
പശ നൂലുകളാൽ ബന്ധിതയാണവൾ.
മനോഹരമായ
കറുത്ത കൺപീലികൾ
അവശേഷിക്കുന്ന കുഴിഞ്ഞ
കണ്ണുകളിലെ ദൈന്യത്തിൽ
ഒരു മേഘക്കീറ്
ഒളിച്ചിരിക്കുന്നുണ്ട് .
ഇമയൊന്നനങ്ങിയാൽ
ഏതു നിമിഷവും
പ്രതീക്ഷിക്കുന്നുണ്ടൊരു
മഴപ്പെയ്ത്തിനെ.
പ്രണയം പങ്കിടാൻ
ആരും വരാത്ത ഒ
രു പകലിൽ..
ആയിരം കുടമുല്ലകളുടെ
ഗന്ധവും പേറിവന്ന ഒരുവൻ
അവളുടെ
ഉലഞ്ഞ മുടിയിഴകൾ
പടർത്തി കൊണ്ട് ചോദിച്ചു,
നിൻറെ ഗന്ധം എന്താണ്?
കൗമാരഗന്ധങ്ങൾ എല്ലാം
മറന്നുപോയ അവളാകട്ടെ,
കാട്ടുകടന്നലുകളുടെ ഇരമ്പമുള്ള
നെറ്റിത്തടം ചുളിച്ചുകൊണ്ട്
നിസ്സഹായതയോടെ നോക്കി.
അകലെ
വഴി അവസാനിക്കുന്നിടത്ത്
നിന്നെത്തിയ
അഴകുവറ്റിയ ഒരുവൾ
ചോദ്യത്തിൽ ഉണർന്ന് പൊട്ടിച്ചിരിച്ചു.
അധരങ്ങൾ ചവച്ചുതുപ്പിയ
കടവാതിലുകളുടെ രൂക്ഷഗന്ധം
ചോരമണത്തോടൊപ്പം
കൂടിക്കുഴഞ്ഞു.
അവൾക്കുു ചുറ്റും
ഒരുപാട് ഗന്ധങ്ങൾ
ഉയിർക്കുന്നുണ്ടായിരുന്നു.
മുഷിഞ്ഞ നോട്ടുകളുടെ,
വാടിയ മുല്ലപ്പൂക്കളുടെ,
വിയർപ്പിൻ്റെ,
ലഹരിയുടെ,
രേതസ്സിൻ്റെ,
അഴുകിയ സുരക്ഷാകവചങ്ങളുടെ……
ഒടുവിൽ
കാലുകൾക്കിടയിലൂടെ പടർന്നൊഴുകിയ
ചോരച്ചാലുകളിൽ
അലിഞ്ഞുപോയ ഒരു കുഞ്ഞിൻ്റെ,
അവനു ചുരത്താൻ
കാത്തുവച്ച മുലപ്പാലിൻ്റെ…..
ഒഴുകിപ്പരന്ന
ഗന്ധങ്ങൾക്കിടയിൽ
അവൾ ഗന്ധം ഇല്ലാത്തവളായി
ഓർമ്മകൾക്കെന്തു ഗന്ധം.