ഓർമ്മയിലെ ഒരു കുട്ടിക്കാലം

പെരും മഴയാണ്..
കുട്ടിക്കാലത്തേക്കൊരു കടലാസ് തോണി തുഴയണം
പുതുമണ്ണിനെ പുണരണം
പുൽനാമ്പുകളിൽ പതിയിരിക്കുന്ന
മഴത്തുള്ളിയെ ചികയണം
ഇറയത്തെ തോട്ടിൽ
പെറ്റു പെരുകിയ പരൽ
മീനുകളെ കയ്യിലൊതുക്കണം
കണ്ണിമവെട്ടാതെയുള്ള അച്ഛമ്മയുടെ കഥകൾക്ക്
ഒന്നൂടെ കാതോർക്കണം
തണുപ്പേറും നേരത്ത്
മൺവിളക്കിൻ വെട്ടത്ത് അച്ഛമ്മയെ കെട്ടിപ്പിടിച്ചുറങ്ങണം
പുള്ളിക്കുട ചൂടി
പള്ളിക്കൂടം കയറണം
ഇടവഴിയിലെ പോക്കാച്ചി തവളയെ കണ്ണുരുട്ടി പേടിപ്പിക്കണം
തൂവെള്ളയാലുള്ള യൂണിഫോമിൽ
ചളി വെള്ളം തെറിച്ചു വീഴും
വഴക്കും വടിയുമായി അമ്മ
പുറകിലെത്തും
അച്ഛന്റെ മടിയിൽ,
അഭയം ഞാൻ തേടും…

പെരും മഴ പെയ്യുകയാണ്..
മണ്ണിലും… മനസ്സിലും

മലപ്പുറം ഇടക്കര മൂത്തേടം സ്വദേശി ആണ്. ബിരുദ വിദ്യാർത്ഥി. നവമാധ്യമങ്ങളിൽ എഴുതുന്നു.