നിസ്സഹായനായ കവി

കവിത എഴുതപ്പെട്ടവന്റെ,
കൈകൾക്കിനി ആയുസ്സില്ല.
മരണത്തിനും മുന്നേ,
മരിച്ചുപോയെന്നു തോന്നിപ്പിച്ച ജീവിതമായിരുന്നല്ലോ?
അക്ഷരങ്ങളും ആ കണ്ണീരിനാൽ,
മായ്ക്കപ്പെട്ടിരിക്കുന്നു.

ഹൃദയത്തിലെന്നും,
പ്രണയമൊളുപ്പിച്ചവനായിരുന്നു.
അടങ്ങാത്ത ജിജ്ഞാസ
ആത്മാവിഷ്ക്കാരമാക്കിയ കാല്പനികൻ.
വർഷകാല മേഘങ്ങളുടെ
കണ്ണീർമുത്തുകളാവാൻ വെമ്പൽ കൊണ്ടവൻ.
നോക്കിൽ
മോഹഭ്രംശത്തിന്റെ താഴ് വരയും.
വാക്കിൽ
നോവിന്റെ തേങ്ങലും.
ഹൃത്തിൽ
സഹാനുഭൂതിയുടെ അക്ഷയഖനിയും ഒളിപ്പിച്ചവൻ.

നെരൂദയുടെ പ്രണയചിന്തകൾ,
നെഞ്ചേറ്റാൻ അവനാവില്ലിനി.
സ്വൈഗിന്റ അനുതാപ വൈരുദ്ധ്യതയും,
ഇബ്സന്റെ പ്രതിഷേധാത്മകത്വവുമാണിന്നവനിൽ.
ആശാപിണ്ഡം അറുത്തെറിയാൻ കഴിയാത്ത,
മഹാ മനീഷിയുടെ അന്ധാളിപ്പ്.

ഇവിടെയൊരു,
വേനൽമഴ കനക്കുന്നുണ്ടിന്നും
എന്നെ മാത്രം, നനയിക്കുന്ന മഴ.
എനിക്കു മാത്രം,
കുളിരുന്ന മഴ.

ചെങ്ങന്നൂർ സ്വദേശി. ഒരു സ്വകാര്യ സ്ഥാപനത്തിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്