ഞാൻ പ്രേമിക്കുമ്പോൾ
ജലമാകെ കരഞ്ഞു കത്തുന്ന
മരുഭൂമി
ഞാൻ പ്രേമിക്കുമ്പോൾ
നിരയൊത്ത ചെമ്മരിയാടുകൾ
മേയാൻ വരുന്നു
ഒറ്റപ്പെട്ട ഗുഹകളിൽ മഞ്ഞുരുകി
മഞ്ഞവെയിലിലൂടെ,
കൽബീലിയൻ മയിൽ നൃത്തമാടി
ജിപ്സികൾ കാറ്റിന്റെ ആന്ദോളനത്തിൽ
പച്ചകുത്തി അലയാൻ പോകുന്നു
ഞെക്കു വിളക്കുകൾ തൂക്കിയ ഷെർപ്പമാർ
സമയാരോഹണത്തിന്റെ
ഘടികാരം തിരിക്കാൻ മറന്നുപോയ മനസോടെ
പുറത്തേക്കു നോക്കിയിരുന്നു
അകാലത്തിൽ നരച്ചു വൃദ്ധരാകുന്നു
മരിക്കുന്നു; ജനിക്കുന്നു
തുരീയസ്ഫോടത്തിൻ
ഹിമവാതിലുകളിൽ
നിഗൂഢ നിശബ്ദതയോടൊത്ത്
പറക്കും തളികകളിൽ പ്രപഞ്ചനൃത്തം
കാണാൻ പോകുന്ന
നാഗയക്ഷൻ ചിരഞ്ജീവിയെന്ന് പരപശ്യന്തികൾ
എന്നിട്ടും
ഞാൻ പ്രേമിക്കുമ്പോൾ
ജലമാകെ കരഞ്ഞു കത്തുന്ന മരുഭൂമി.
(I- കാഷ്മീർ ശൈവിസത്തിലെ സ്ഫോട ശാസ്ത്രം കാണുക.
2-കൽബീലിയൻ നൃത്തം – ജിപ്സികളുടെ നാടോടി നൃത്തച്ചുവടുകൾ.)