ഓരോ ആശയങ്ങളും അടയാളങ്ങളും ഒരെഴുത്തുകാരനിൽ അങ്കുരിക്കുകയും അത് അക്ഷരങ്ങളായി പുറമേക്ക് വരുകയും ചെയ്യുമ്പോൾ വായനക്കാരന് ലഭിക്കുന്ന ആനന്ദത്തെ എഴുത്തുകാരന്റെ കഴിവെന്നും മേന്മയെന്നും അടയാളപ്പെടുത്താം. അവയെ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുക എന്നതാണല്ലോ പ്രധാനം . കേട്ടെഴുത്തുകൾ പലപ്പോഴും സംഭവിക്കാറുണ്ട് സാഹിത്യത്തിൽ. ഇന്ന് വിദേശങ്ങളിൽ കൂലിയെഴുത്തുകൾ ആവശ്യം പോലെയുണ്ട് . പുസ്തക രചന എന്നതവിടെ ഒരു വ്യവസായം പോലെയാണ് . ഒരെഴുത്തുകാരനെ മുന്തിയ വിലയ്ക്ക് കരാറിൽ വയ്ക്കുന്നു . തുടർന്നയാൾക്ക് ഒരു ത്രെഡ് അതല്ലെങ്കിൽ ഒരു കഥ കൊടുക്കുന്നു . അതിനെ സാഹിത്യപരമായ എല്ലാ രീതിശാസ്ത്രങ്ങളും അനുസരിച്ചു ഒരു നോവലായി എഴുതിക്കൊടുക്കണം . അതിനായിട്ടുള്ള എല്ലാ സൗകര്യങ്ങളും അവനു ലഭിക്കുകയും ചെയ്യും. ഈ രീതി മലയാളത്തിലും പരീക്ഷിക്കേണ്ടിയിരിക്കുന്നു എന്ന് കരുതുന്നു. വാർഷിക മത്സരങ്ങൾ പോലെ വിഷയം നൽകി കഥയും നോവലും എഴുതിക്കുന്നതു പോലെ അത്ര ലളിതമാകില്ലതു എന്ന് കരുതുന്നു . കേട്ടെഴുത്ത് എന്നത് മറ്റൊരു കലാരൂപമോ കാപട്യമോ ആണ് ഇന്ന് മലയാള സാഹിത്യത്തിൽ . മറ്റൊരാളുടെ ജീവിത കഥയെ അയാൾ പറഞ്ഞിട്ടോ മറ്റൊരാൾ പറഞ്ഞിട്ടോ പകർത്തി എഴുതുകയും തന്റെ കലയായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണത് എന്ന് വേണമെങ്കിൽ പറയാം . ഈ വിഷയത്തിൽ മലയാളിക്ക് ഇന്ന് പരിചിതമായിട്ടുള്ള ഒരു പേരാണല്ലോ ആടുജീവിതവും ബെന്യാമിൻ എന്ന എഴുത്തുകാരനും. ആ വിവാദങ്ങളിലേക്ക് പോകുന്നില്ല തത്കാലം . എന്റെ കഥ ഒന്നെഴുതുമോ എന്ന് ചോദിച്ചുകൊണ്ട് അറിയപ്പെടുന്ന എഴുത്തുകാരെ സമീപിക്കുന്ന ഒരുപാട് പേരുണ്ട് . ചെറിയ എഴുത്തുകാരെ സമീപിക്കുന്നവർ അറിയപ്പെടാതെ പോകുന്നതും നിഷേധിക്കുന്നില്ല . പ്രശസ്തരായ മലയാളി എഴുത്തുകാരിൽ പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ട് എന്ന് അവരുടെ ചില കഥകളിലൂടെയും അഭിമുഖങ്ങളിലൂടെയും അവർ അത് വെളിപ്പെടുത്തിയിട്ടുള്ളതുമാണല്ലോ . ഇത്തരം ഒരു കേട്ടെഴുത്താണ് യൂ കെ കുമാരൻ എഴുതിയ “സംഘടിതം” എന്ന ലഘുനോവലും. ഒരു യാത്രക്കിടെ പരിചയപ്പെട്ട യുവാവ് അയാളുടെ കഥ എഴുതാൻ ആവശ്യപ്പെടുകയും സമയക്കുറവു കൊണ്ട് തന്റെ ഡയറിക്കുറിപ്പുകൾ നൽകിയശേഷം ഇതിൽ നിന്നും താങ്കൾക്ക് എന്നെ വായിച്ചെടുക്കാം എന്ന അഭിപ്രായം ഉൾക്കൊണ്ടു എഴുത്തുകാരൻ ആ ഡയറിക്കുറിപ്പുകൾ വായിക്കുകയും അതിനെ ഒരു കഥാ രൂപത്തിൽ അല്ല മറിച്ചയാളുടെ ഡയറിക്കുറിപ്പുകൾ അതേപോലെ വേണ്ട രീതിയിൽ എഡിറ്റ് നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് സംഘടിതമെന്ന പേരിൽ അറിയപ്പെടുന്ന ഈ ലഘുനോവലിന്റെ പശ്ചാത്തലം.
ഉറ്റ കൂട്ടുകാരായ രണ്ടുപേർ . അവർ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയആശയം ഉണ്ട് . വിഭിന്ന അഭിപ്രായക്കാർ ആണെങ്കിലും സൗഹൃദമാണ് അവരുടെയിടയിലെ ചാലകശക്തി . ഒരേ ആശയത്തിന്റെ വിഭിന്ന ചിന്താഗതികൾ . പക്ഷെ ദിശാന്ധത മൂത്ത രാഷ്ട്രീയത്തിന്റെ ആശയഅപരിഷ്കൃതത്വം ഉന്മൂലനമെന്ന തത്വ സിദ്ധാന്തത്തെ മുറുക്കെ പിടിക്കുമ്പോൾ കൂട്ടുകാരൻ കണ്മുന്നിൽ ദാരുണമായി കൊല്ലപ്പെടുന്ന കാഴ്ചയാണ് അയാൾക്ക് അനുഭവിക്കേണ്ടി വരുന്നത് . കൊലപാതകം കഴിഞ്ഞതോടെ പതിവുപോലെ ഒരു എല്ലിന്കഷണം പോലെ പ്രതിയെ പൊലീസിന് കൊടുത്ത് സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത ഏതാകും എന്ന് പറഞ്ഞു കൊടുക്കേണ്ടതില്ല പ്രബുദ്ധരായ ഒരാൾക്കും എന്നറിയാം . പക്ഷെ സ്വന്തം കൂട്ടുകാരന്റെ വിധിയെ അങ്ങനെ വിട്ടുകൊടുക്കാൻ നീതിബോധമുള്ള ആ സ്നേഹിതന് കഴിയുന്നില്ല . വീണ്ടും വീണ്ടും അതേ കൊലയാളികൾ സൗഹാർദ്ദ പൂർവ്വം അയാളോടും പിന്നെ അയാളുടെ സഹോദരിയോടും ഒക്കെ കേസിൽ സാക്ഷിപറയുന്നതിൽ നിന്നും മാറാൻ മാനസിക സമ്മർദ്ധം നൽകുന്നു . അവയിൽ ഒന്നും ഒതുങ്ങില്ല എന്നറിവിൽ അയാളുടെ പിതാവിൽ എത്തി നിൽക്കുന്നു ആ സമ്മർദ്ദ തന്ത്രം . നഷ്ടങ്ങൾ നിനക്കാകില്ല എന്നും പെങ്ങളുടെ ഭാവി ജീവിതം , മാതാപിതാക്കളുടെ സാമൂഹ്യ ജീവിതം ഇവയൊക്കെ എന്ത് വിധത്തിൽ എങ്ങനെയൊക്കെ താറുമാറാകുവാൻ പോകുന്നു എന്നൊരു സൂചനയോടെ ആദര്ശതയൊക്കെ മടക്കി പരമ്പിന്റെ അടിയിൽ വച്ച് നിസ്സഹായനായി നിൽക്കുന്ന പിതാവിന്റെ വാക്കുകൾ കൂടിയാകുമ്പോൾ ഒരു പിടിവള്ളി പോലും ഇല്ലാതെ ഒറ്റയ്ക്കാകുന്നു അയാൾ . നീ കോടതിയിൽ സത്യം പറഞ്ഞോളൂ പക്ഷെ അന്ന് നമ്മൾ ആളുമാറിയാണ് ഒരാളെ തീർത്തതെങ്കിൽ നിന്നെ തീർക്കുമ്പോൾ ആള് മാറില്ല എന്നത് ഓർത്തു വയ്ക്കുക എന്നൊരു ജീവൽ ഭീഷണി കൂടി അയാൾക്കിട്ടുകൊടുക്കുന്ന ശത്രുക്കളുടെ ഗർവ്വിനു മുന്നിൽ അയാൾ ഒരു സാധാരണ മനുഷ്യനായി ചൂളിപ്പോകുകയും കോടതിയിൽ അയാൾക്ക് കള്ളസാക്ഷി പറയേണ്ടി വരികയും ചെയ്യുന്നു.
സംഘടിതമായ ആക്രമണങ്ങളും പ്രതിരോധങ്ങളും തീർക്കുന്ന ആ മനുഷ്യർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ആശയം എന്തെന്ന് വളരെ വ്യക്തമായി മലയാളി വായനക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുമ്പോൾ തന്നെ ഒരു പേരുപോലും പറഞ്ഞു പൊല്ലാപ്പ് ഉണ്ടാക്കാതിരിക്കാൻ എഴുത്തുകാരൻ ബദ്ധശ്രദ്ധനാണ് എന്ന് കാണാം . ഭാഷാപരമായി നല്ല കയ്യടക്കം ഡയറിക്കുറിപ്പുകൾ പോലെയാണെങ്കിൽ ഈ നോവലിന് കൈവശമുണ്ട് . വളരെ വൈകാരികപരമായും മനുഷ്യത്വപരമായും വ്യക്തി ചിന്തകളും സമൂഹവും അടയാളപ്പെടുത്താൻ ഈ ലഘുനോവലിനു സാധിച്ചിട്ടുണ്ട് . ഒന്നും കൃത്രിമമായി പറയാനോ കാണിക്കാനോ ഇല്ലാത്ത ഒരു സംഭവമായി ഈ നോവലിലെ വിഷയങ്ങൾ വായനക്കാരന് അനുഭവപ്പെടുക തന്നെ ചെയ്യും.
സംഘടിതം (ലഘുനോവൽ )
യൂ കെ കുമാരൻ
ഹരിതം ബുക്ക്സ്
വില : ₹ 40.00