ഓർമ്മകൾ ഓർമ്മകൾ എങ്ങോട്ടു തിരിഞ്ഞാലും ഓർമ്മകൾ. മനുഷ്യാ, ഓർമ്മകൾ ഇല്ലെങ്കിൽ അവയെ ഓർത്ത് വയ്ക്കാൻ കഴിയില്ലെങ്കിൽ എങ്ങനെ നീ ജീവിക്കും? അതെ! മനുഷ്യർക്ക് ഓർമ്മ എന്നത് അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. ഓർമ്മകളിൽ ജീവിക്കുന്ന ജീവിയാണ് മനുഷ്യൻ. അവന്റെ ദുഖവും സന്തോഷവും പകയും വിരക്തിയും ഒക്കെയും ഓർമ്മകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഓർമ്മക്കുറിപ്പുകൾ അതല്ലെങ്കിൽ ആത്മകഥകൾ നമ്മെ കരയിക്കുകയും രോക്ഷം കൊള്ളിക്കുകയും ചെയ്യിച്ചിട്ടുണ്ട്. ചിലപ്പോൾ നിസ്സഹായമായ ഒരവസ്ഥയിൽ നിർജ്ജീവമായിരുന്നിട്ടുണ്ട്. ചിലപ്പോൾ ദിവസങ്ങളോളം ഓർത്ത് വിഷാദിച്ചിട്ടുണ്ട്. മലയാളത്തിലും ആംഗലേയ സാഹിത്യത്തിലും ഒരുപാട് ആത്മകഥകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും വായിക്കപ്പെട്ട ചില ആത്മകഥകൾ മനസ്സിനെ തൊട്ടതിനെക്കുറിച്ച് പറയാം. ആദ്യമേ തന്നെ പറയാനുള്ള പേര് മലയാളിയുടെ ഒരേയൊരു മാധവിക്കുട്ടിയെക്കുറിച്ചു തന്നെയാണ്. പിന്നെ ഓർക്കുകയാണെങ്കിൽ എച്മുകുട്ടി, നളിനി ജമീല, നമ്പി നാരായണൻ, സിസ്റ്റർ ജെസ്മി അങ്ങനെ നീണ്ടുപോകുന്നു ആ ലിസ്റ്റ്. ഇവരുടെ ഒക്കെ ഓർമ്മകൾ ഓടിക്കയറി വന്നുവെങ്കിലും ഓർക്കാൻ ഇനിയും ബാക്കിയുണ്ട് എന്നത് മറക്കുന്നില്ല. എല്ലാവരെയും ഓർത്ത് പറയേണ്ടതില്ല എന്നും കരുതുന്നു. ഇക്കൂട്ടത്തിൽ ചേർക്കാൻ എന്തുകൊണ്ടും പ്രധാനപ്പെട്ടതും ഓർത്ത് വെയ്ക്കേണ്ടതുമായ ഒരു ഓർമ്മക്കുറിപ്പ് ആണ് പ്രൊഫസർ ടി ജെ ജോസഫ് എന്ന മനുഷ്യന്റെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന് ഞാൻ കരുതുന്നു. നീതിനിഷേധത്തിന്റെ ജീവിക്കുന്ന തെളിവാണദ്ദേഹം. ഒരേ സമയം താൻ വിശ്വസിക്കുന്ന മതവും കേരളജനതയും അധികാരവർഗ്ഗവും തള്ളിപ്പറഞ്ഞ ഒരു വ്യക്തി. മതാന്ധത മൂലം ഒരു കൂട്ടം കടുത്ത മതവിശ്വാസികൾ തങ്ങളുടെ അജണ്ട നടപ്പിൽ വരുത്തിയപ്പോൾ അദ്ദേഹത്തിന് നഷ്ടമായത് സ്വന്തം അംഗങ്ങളുടെ സ്വതന്ത്ര വ്യവഹാരങ്ങൾ ആണ്. ഒട്ടും കുറ്റബോധമില്ലാതെ മലയാളി അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുന്നത് മതത്തെ കുറ്റം പറഞ്ഞിട്ടല്ലേ, ചോദിച്ചു വാങ്ങിയതല്ലേ ജീവൻ ബാക്കിയുണ്ടല്ലോ അങ്ങനെ ആശ്വസിക്കൂ എന്നൊക്കെയാണ്. മറ്റുള്ളവരിൽ നിന്നും വിഭിന്നമായി ഇത്തരം ഇടപെടലുകളെ മൃദു സ്വഭാവത്തോടെ പരിഗണിക്കാനും ന്യായീകരിക്കാനും ആണ് എന്നും അധികാര വർഗ്ഗത്തിനും താത്പര്യം. അതുപോലെ അവയെ വിമർശിക്കാനോ എതിർക്കാനോ സമൂഹവും ഭയക്കുന്നു. സമൂഹത്തിന്റെ ആ ഭയമാണ് മതത്തിന്റെ വേരോട്ടം ക്രൂരതയിൽ മുങ്ങുന്നത്. മെസപ്പൊട്ടാമിയൻ ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നുപോയ ഒരു വികാരമാണ് ക്രൂരത എന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണല്ലോ.
മലയാളം അധ്യാപകനായ അദ്ദേഹം പരീക്ഷയ്ക്ക് വേണ്ടി തയ്യാർ ചെയ്ത ഒരു ചോദ്യപ്പേപ്പറിൽ ഒരു സാഹിത്യകാരന്റെ വരികൾ ഉപയോഗിച്ച് ഒരു ചോദ്യം ഉണ്ടാക്കി. അതിൽ ഉപയോഗിച്ച ഒരു പേരിൽ തുടങ്ങിയ വിവാദം പിന്നീട് കേരളം അതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അതിനെ കൊണ്ടെത്തിച്ചു. ലോകത്ത് പലയിടങ്ങളിലും മതനിന്ദ എന്ന ഓമനപ്പേരിൽ ശിക്ഷാവിധികൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട നിരവധിപേരിൽ ഒടുവിലത്തെ എന്ന് പറയാൻ കഴിയാത്ത ഒരു വ്യക്തിയായി പ്രൊഫ ടി ജെ ജോസഫിന് നിൽക്കേണ്ടി വന്നത് ആ ഒരു ചോദ്യപ്പേപ്പർ തയ്യാറാക്കൽ മൂലമാണ്. മുൻപ് പലയിടത്തും പലപ്പോഴും സംഭവിച്ചത് പോലെ സംഭവിക്കാനിരിക്കുന്നത് പോലെ ഒരു ദൗർഭാഗ്യം. അതിന്റെ ജീവനോടുള്ള ഉദാഹരണമായി ഒരു ചോദ്യപ്പേപ്പർ വിവാദം ഒരു അധ്യാപകനെ അടയാളപ്പെടുത്തുന്നു. പക്ഷെ നിഷ്പക്ഷമതികളായി വർത്തിക്കുന്ന സമൂഹം വളരെ മനോഹരമായി അതിനെ പൊതിഞ്ഞു നയപരമായി സംരക്ഷിക്കുന്നു. ഭയം സൂചകമായി നൽകി നാവടപ്പിക്കുന്നു.
ഒരു ദുർഗതി വന്നാൽ കൂടെ നിൽക്കുന്നവർ ആരോ അവരാണ് യഥാർത്ഥ സുഹൃത്തുക്കളും ബന്ധുക്കളും. മതവും ദൈവവും ആണ് അതിന് കാരണമെങ്കിൽ നിയമം പോലും മുഖം തിരിക്കും. കൂടെ നില്ക്കാൻ ആരുമില്ലാതെ ഒളിച്ചോടി നടക്കേണ്ടി വരികയും ഒടുവിൽ സ്വമേധയാ പിടി കൊടുത്തു ജയിൽവാസം അനുഭവിക്കുകയും തിരികെ വന്നു അനിവാര്യമായ നീതിയെന്നു ചിലർ വിധിച്ച വിധിക്കു കീഴടങ്ങേണ്ടി വരികയും ചെയ്ത ഒരു അദ്ധ്യാപകൻ. സ്വന്തം ജീവിതം മാത്രമല്ല , തന്റെ മകനുപോലും ക്രൂരമായ പീഡനങ്ങൾ അധികാരി വർഗ്ഗം നൽകുകയുണ്ടായി . ഈ സംഘര്ഷഭരിത ജീവിതം സ്വന്തം ഭാര്യയെ നഷ്ടപ്പെടുത്തി. മാനസിക നില നഷ്ടമായ അവർ ആത്മഹത്യ ചെയ്തു. സഭയും കോളേജിലും ഒറ്റപ്പെടുത്തുകയും വരുമാനമാർഗ്ഗം നഷ്ടപ്പെടുത്തുകയും ചെയ്തു. പക്ഷെ ഇവയൊക്കെയുണ്ടെങ്കിലും മനസ്ഥൈര്യത്തോടെ നിന്ന് ഇവയെയൊക്കെ നേരിട്ട ആ മനുഷ്യനോട് സഹതാപമല്ല മറിച്ച് ആരാധനയാണ് തോന്നുക. കഠിനമായ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ നേരിടുകയും ഇടപെടുകയും ചെയ്തു മനുഷ്യനെന്ന് അദ്ദേഹം തെളിയിച്ചു .
മതം ഒരു ഭ്രാന്തായി നിലനിൽക്കുന്ന ലോകം. അതിൽ എവിടെയാണ് സാധാരണ മനുഷ്യർക്ക് സാന്ത്വനം, ആശ്വാസം ലഭിക്കുക? എന്റെ മതത്തിലും വിശ്വാസത്തിലും കൂടെക്കൂടിയാൽ സംരക്ഷിച്ചു പിടിക്കാം എന്ന നിലപാടുകൾ മാത്രമാണ് മതം മനുഷ്യന് നൽകുന്നത്. പരമതത്തോടും ദൈവത്തോടും പ്രവാചകരോടും പകയും വിദ്വേഷവും വെറുപ്പും വളർത്തുകയും അസഹിഷ്ണുത പൂണ്ടു ജീവിക്കുകയും തക്കം കിട്ടിയാൽ അത് പ്രകടമാക്കുകയും ചെയ്യുന്ന മനുഷ്യരായി മതവിശ്വാസികൾ മാറുന്നു. ഇരവാദവും സഹതാപതരംഗവും വളർത്തിയും, തക്കം പാർത്തു പക പോക്കിയും മതങ്ങൾ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിർത്തുന്നു. ആധുനിക കാലത്തു ഇത്തരം ചിന്താഗതികളും കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്. മതം ഇല്ലാത്ത ഒരു ലോകം വരേണ്ടതുണ്ട്. അതുവരേയ്ക്കും എഴുത്തുകാരന്റെയും ചിന്തകന്റെയും വിമര്ശകന്റെയും രക്തം വീണു ഈ മണ്ണ് ചുവന്നുകൊണ്ടേയിരിക്കും. തീർച്ചയായും അറ്റുപോകാത്ത ഓർമ്മകൾ ഒരു അടയാളപ്പെടുത്തലാണ്. ഒരു മനുഷ്യനെങ്ങനെ മതത്തിന്റെ ഭീകരതയ്ക്ക് ഇരയായി ജീവിക്കുന്നു ഇന്നിന്റെ കാലത്തു എന്നത്. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഒരു ഓർമ്മക്കുറിപ്പായി അത് മലയാള സാഹിത്യത്തിൽ ഇരിക്കട്ടെ. മലയാളിയുടെ പ്രതിബദ്ധതയും സ്നേഹവും സാഹോദര്യവും കൊട്ടിഘോഷിക്കുന്ന ഇടങ്ങളിലൊക്കെ ഒരു ദുഃശ്ശകുനമായി …