അതിജീവനം

അതിജീവനം…
അഗ്നിക്കുള്ളിൽ
മഞ്ഞിന്റെ തണുപ്പ് തിരയും.
പുകച്ചുരുളുകൾക്കുള്ളിൽ
പുഷ്പസുഗന്ധം
സ്വന്തമാക്കും.
അലയാഴിയാഴങ്ങൾക്കു മീതെ
തുഴഞ്ഞു നിൽക്കും.
മരുഭൂമികളിൽ
മരുപ്പച്ചകളെ കണ്ടെത്തും.

അതിജീവനം…
നിണമിറ്റുന്ന മുറിവുകളുടെ
വേദന കടിച്ചമർത്തി
നടക്കാൻ പഠിക്കലാണത്.
മുൾമുനകൾ പാകിയ വീഥികളിൽ
പട്ടിന്റെ മൃദുലത കണ്ടെത്തുമത്.
കണ്ണീരുപ്പുപുരളും ചുണ്ടുകളപ്പോൾ
ചിരിക്കാൻ മറക്കില്ല.

അതിജീവനം…
അതൊരിക്കലും
കൊടുംകാറ്റിലുലഞ്ഞു
കടപുഴകും വൻമരങ്ങളല്ല,
അചഞ്ചലമായ
കരിമ്പാറ കൂട്ടങ്ങളാണ്.
പരിമിതികളുടെ പരിധികളിൽ
നിന്നുമാകാശത്തെയത് സ്വന്തമാക്കും.
ഒടുക്കങ്ങളുടെ
കാർമേഘങ്ങൾക്കിടയിലും
തുടക്കങ്ങളുടെ
മഴവില്ലുകൾ തിരയും.

അതിജീവനം..
ലക്ഷ്യം വയ്ക്കുന്ന
കൂരമ്പുകൾക്കിടയിൽ..
സ്വരൂക്കൂട്ടിയ
പ്രതിരോധത്തിന്റെ പടച്ചട്ടകളാണ്.
അനിവാര്യമായ
അവസാനത്തിനിടയിലെ
ചെറുത്തു നിൽപ്പുകളാണ്…,
അവനവന്റെ ചെറുത്തു നിൽപ്പുകൾ.

ഓച്ചിറ സ്വദേശി. ഇപ്പോൾ മൃഗസംരക്ഷണവകുപ്പിൽ സീനിയർ വെറ്ററിനറി സർജൻ. ആനുകാലിക പ്രസിദ്ധീകണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.