മൂന്നുനാലു മനുഷ്യർ എന്നെ ചുമന്ന് എങ്ങോട്ടോ കൊണ്ടു പോവുകയാണ്. എവിടേക്കാണെന്ന് എനിക്കറിയില്ല. പൂർണമായും മൗനം അവലംബിച്ച ശിൽപ്പിയുടെ ആ പരിവർത്തനം എന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു. എന്റെ കപോലങ്ങളിലൂടെ ഒലിച്ചിറങ്ങിയ അശ്രുകണങ്ങൾ സൂര്യപ്രഭയേറ്റ് വജ്രം പോലെ വെട്ടിത്തിളങ്ങി. അതെ…. ഒരു ശിലയാണെന്ന സത്യം മറന്നു പലപ്പോഴും ഞാനേതോ മായികാലോകത്തിൽ വിരാജിച്ചു പോയി.
ആകാശമാകെ ഇപ്പോൾ കാർമേഘ കൂട്ടങ്ങൾ നിറഞ്ഞിരിക്കുന്നു. മഴ ഉടനെ പെയ്യുമോ എന്ന ശങ്കയിൽ എന്നെ ചുമന്നിരുന്നവർ നടത്തത്തിന്റെ വേഗത വർദ്ധിപ്പിച്ചു. ഞാൻ പതുക്കെ മിഴികൾ ചിമ്മി, ഭൂതകാലം എന്റെ മനോരഥത്തിൽ തിരയടിക്കാൻ ആരംഭിച്ചു.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹരമായ ഒരു നദിക്കരയിലായിരുന്നു എന്റെ വാസം. വെണ്ണക്കൽ ശിലാസമൂഹത്തിൽ പെട്ട എന്നെ അന്നൊരു ദിവസം കുറേ മല്ലന്മാർ ചേർന്നു മാതൃശിലയിൽ നിന്നും വേർപെടുത്തി. ശരീരമാസകലമുള്ള വേദനയിലുപരിയായി മാതൃശിലയെ വിട്ടു പിരിഞ്ഞത് എന്നെ കൂടുതൽ സങ്കടപ്പെടുത്തി. അവരെന്നെ ഒരു തടാകക്കരയിൽ സ്ഥാപിച്ചു.
മന്ദമാരുതന്റെ ലാളനയേറ്റ് ഇടക്കെപ്പോഴോ ഞാനൊന്നു മയങ്ങി. ഉറപ്പുള്ള എന്റെ ശരീരത്തിൽ ആയുധങ്ങൾ കുത്തിയിറക്കുന്ന കർണ്ണകഠോര ശബ്ദവും, ആയുധങ്ങൾ തുളച്ചു കയറുമ്പോൾ ഉള്ള സഹിക്കവയ്യാത്ത വേദനയും കാരണം ഞാൻ ഞെട്ടി ഉണർന്നപ്പോൾ മുമ്പിൽ ദൃഡഗാത്രനായ, മുടി നീട്ടി വളർത്തിയ ഒരു മനുഷ്യൻ. അയാൾ വീണ്ടും വീണ്ടും എന്നെ മുറിവേല്പിച്ചു കോണ്ടേയിരുന്നു. വേദനയെല്ലാം കടിച്ചമർത്തി ഞാനങ്ങനെ തന്നെ നിന്നു. വെറുമൊരു വെണ്ണക്കൽ ശിലയായ എനിക്ക് പുതിയ രൂപവും, ഭാവവും നൽകാനുള്ള ശ്രമത്തിലാണ് ആ ശിൽപ്പി. ചുരുക്കി പറഞ്ഞാൽ ഒരു പുനർജ്ജന്മം.
അങ്ങനെ ദിനരാത്രങ്ങൾ പലതും കടന്നു പോയി. ഗ്രീഷ്മം വർഷകാലത്തിനു വഴിമാറി കൊടുത്തപ്പോഴേക്കും വെറും ശിലയായിരുന്ന ഞാൻ ഒരു പൂർണ്ണ സ്ത്രീരൂപം പ്രാപിച്ചിരുന്നു. പിന്നീടുള്ള ദിനങ്ങളിൽ എന്നെ കൂടുതൽ സുന്ദരിയാക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ. അയാളുടെ ഓരോ പ്രവർത്തിയും ഞാൻ സാകൂതം വീക്ഷിക്കുമായിരുന്നു. മിനുക്കുപണികളുടെ അന്ത്യത്തിൽ എന്നെ നിർന്നിമേഷനായി നോക്കി നിന്നു ആത്മനിർവൃതിയടയുന്ന ആ ശിൽപ്പിയോട് എനിക്ക് എന്തെന്നില്ലാത്ത ഒരാരാധന തോന്നി. തന്റെ പരിശ്രമത്തിന്റെ പൂർണതയാണല്ലോ ഓരോ ശിൽപ്പിയുടെയും ലക്ഷ്യം.
മഴയും വെയിലുമേറ്റ് ശിൽപ്പത്തിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കാനാവാം അദ്ദേഹം എന്നെ ഒരു മുല്ലവള്ളി പടർപ്പിനുള്ളിൽ സ്ഥാപിച്ചു. ഗോത്തിക് ശൈലിയിലുള്ള ശില്പത്തെക്കുറിച്ച് കേട്ടറിഞ്ഞു നാനാ ദിക്കുകളിൽ നിന്നും ആളുകൾ പ്രവഹിക്കാൻ തുടങ്ങി.
“ഇത്രയും രൂപസൗകുമാര്യം ഉള്ള ശില്പം ഇന്നേവരെ ആരും കണ്ടിട്ടില്ലെന്നും, സ്ത്രീ സൗന്ദര്യത്തിന്റെ മൂർത്തിമത്ഭാവമാണ് ഈ ശില്പ” മെന്നുമുള്ള അവരുടെ പ്രശംസ കേട്ടു ശില്പി അഭിമാനത്തോട് കൂടി ഒന്നു മന്ദഹസിച്ചു.
അപ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും പ്രമാണിയാണെന്നു തോന്നിക്കുന്ന ഒരാൾ മുന്നോട്ടു വന്നു എന്നെ അടിമുടി ഒന്നു നോക്കി.
“എത്ര കിഴി സ്വർണം വേണം…?. അതോ പണമായിട്ട് മതിയോ…? പറഞ്ഞാലും, ഈ ശില്പം ഞാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.” പ്രമാണി പറഞ്ഞു.
ശിൽപ്പിയുടെ മുഖത്തെ മന്ദഹാസം സാവധാനം മറഞ്ഞു. ഇടറുന്ന ശബ്ദത്തിൽ അയാൾ മൊഴിഞ്ഞു,
“ഈ ശില്പം വിൽക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല, എത്ര പൊന്നും പണവും തരാമെന്നു പറഞ്ഞാലും ഈ ശില്പത്തെ ഞാൻ ആർക്കും കൊടുക്കില്ല “.
ഇതു പറയുമ്പോൾ ശില്പിയുടെ മിഴികൾ ആർദ്രമാവുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നീട് പലരും ഇതേ ആവശ്യവുമായി ശിൽപ്പിയെ സമീപിച്ചെങ്കിലും എന്നെ വിൽക്കാൻ ശില്പി തയ്യാറായില്ല.
ശില്പി തന്റെ പണിയൊക്കെ പൂർത്തിയാക്കി, സോമപാനവും ചെയ്തു തൃസന്ധ്യയാവുമ്പോൾ എന്നും മുല്ലവള്ളിക്കുടിലിൽ വരും. തന്റെ സന്തോഷവും ദുഃഖവും പുതിയ ആശയങ്ങളും എല്ലാം ശിലയായ എന്നോട് പങ്കുവെക്കും. അങ്ങനെ ശില്പിയുടെ വികാരവിചാരങ്ങളെല്ലാം ഞാൻ അറിയാൻ തുടങ്ങി. എല്ലാ ചരാചരങ്ങളുടെയും ഭാഷ മനസ്സിലാക്കാൻ ശില്പങ്ങൾക്കാവുമെന്ന സത്യം ആ ശിൽപ്പിക്ക് അറിയില്ലായിരുന്നു.
ഞങ്ങൾ തമ്മിൽ ദൃഢമായ ഒരു ആത്മബന്ധം വളർന്നുവന്നു. മുല്ലവള്ളി പടർപ്പിൽ വന്നിരിക്കുന്ന ചെറുകിളികൾ ഞങ്ങളുടെ കഥ നാടാകെ പാടി നടന്നു. ശില്പചാതുര്യം ആസ്വദിക്കാൻ വരുന്നവരുടെ കൂർത്തനോട്ടങ്ങൾ എന്റെ ശരീരത്തിലേക്കു തുളച്ചു കയറുന്നതു മനസ്സിലാക്കിയ ശില്പി എനിക്കു പട്ടുചേല ചുറ്റി തന്നു. ആ മഞ്ഞ പട്ടുചേലയിൽ ഞാൻ കൂടുതൽ സുന്ദരിയായെന്നു കുഞ്ഞികിളികൾ കൊഞ്ചി പറഞ്ഞു.
ഒരിക്കൽ ഒരു ശിശിരകാലത്തിൽ വന്ന ദേശാടനക്കിളികളാണ് മൈക്കൽ എയ്ഞ്ചലോയുടെ “ഡേവിഡി” നെക്കുറിച്ച് എനിക്കു വർണ്ണിച്ചു തന്നത്. വെളുത്ത മാർബിളിൽ കൊത്തിയ ആ ശില്പം ലോകത്തിലെ തന്നെ പുരുഷസൗന്ദര്യത്തിന്റെ ഒരു പ്രതീകമാണെന്ന് അവർ വിവരിച്ചു. അതുപോലെ സ്ത്രീ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇതു പോലെയുള്ള ശില്പം ലോകത്തെവിടെയും കാണില്ലെന്ന അവരുടെ കളമൊഴി കേട്ടു എനിക്കു ശില്പിയോട് ബഹുമാനമോ ആരാധനയോ പ്രണയമോ ഒക്കെ തോന്നി.
ചിലപ്പോൾ പുല്ലാങ്കുഴൽ അതിമനോഹരമായി വായിച്ചു കൊണ്ട് ശില്പി അരികിൽ വന്നിരിക്കും. ആ മധുരനാദത്തിന് അകമ്പടിയായി കുഞ്ഞിക്കിളികളും കുയിലുകളും മധുരമായി പാടും. അപ്പോൾ കാട്ടുമുല്ല ചെടി ഞങ്ങൾക്ക് വേണ്ടി പുഷ്പവൃഷ്ടി നടത്തും. അങ്ങനെ അതൊരു കൊച്ചു വൃന്ദാവനമായി മാറി. ശില്പിയുമൊത്തുള്ള ഓരോ ചെറു നിമിഷവും ഞാൻ നന്നായി ആസ്വദിച്ചിരുന്നു.
അങ്ങനെയിരിക്കെ ഒരു പൗർണമി നാളിൽ കുറേ ഗഗനാചാരികൾ അതു വഴി വന്നു. വെണ്ണക്കൽ ശില്പം കാണാനിടയായ അവർ എന്റെ ആകാരസൗകുമാര്യം ആസ്വദിച്ചു അവിടെ തന്നെ നിന്നു. നിശയുടെ അന്ത്യയാമങ്ങളിൽ പൃഥ്വി ദർശനത്തിനെത്തുന്ന ഈ ഗഗനചാരികൾക്ക് അചേതന വസ്തുക്കൾക്കു ചേതന നൽകാനുള്ള കഴിവുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്. അവർ സാവധാനം എന്നെ സമീപിച്ചു കൊണ്ട് പറഞ്ഞു,
“അല്ലയോ വെണ്ണക്കൽശില്പമേ… ഞങ്ങൾ സ്വർല്ലോകവാസികളായ ഗന്ധർവ്വൻമാർ ആണ്. ഞങ്ങൾ ഒന്നു സ്പർശിച്ചാൽ നീ അപ്സരസായി മാറും. വന്നാലും….നമുക്ക് സ്വർഗ്ഗലോകത്തേക്ക് പോയി മാസ്മരാനുഭൂതികൾ ആസ്വദിക്കാം. സൂര്യകിരണങ്ങൾ ഭൂമിയിൽ പതിക്കും മുൻപ് തിരികെ എത്തിക്കുകയും ചെയ്യാം.”
ഞാൻ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ അവർ വീണ്ടും വീണ്ടും നിർബന്ധിച്ചു കോണ്ടേയിരുന്നു. ഓരോ പൗർണമി ദിനങ്ങളിലും അതുവഴി പോകുന്നത് പതിവാക്കിയ ആ ഗന്ധർവ്വകിന്നരന്മാർ പഴയ ചോദ്യങ്ങൾ ആവർത്തിച്ചു കോണ്ടേയിരുന്നു. അപ്പോഴാണ് എന്റെ പാദങ്ങൾ ഉപധാനമാക്കി, മുല്ലപ്പൂ ശയ്യയ്യിൽ കിടന്നുറങ്ങുന്ന ശില്പിയെ അവർ കണ്ടത്. കാര്യം മനസ്സിലാക്കിയ ഗന്ധർവന്മാർ ഇപ്രകാരം മൊഴിഞ്ഞു,
“വെറുമൊരു മർത്യന് വേണ്ടി നിന്റെ സുഖങ്ങളെല്ലാം എന്തിനാണ് ത്യജിക്കുന്നത്…? മർത്ത്യനും ശിലക്കും ഒരിക്കലും ഒന്നാവാൻ സാധിക്കില്ലയെന്നു നിനക്കറിവുള്ളതല്ലേ…? ഈ ശിൽപ്പിക്ക് നീ വെറുമൊരു ശില മാത്രമാണ്. വരൂ….. ഞങ്ങളുടെ കൂടെ വന്നാലും “
“ഇല്ല… ഞാനെങ്ങോട്ടും ഇല്ല. ഇതു തന്നെയാണ് എന്റെ സ്വർഗം ” ഞാൻ പതുക്കെ മന്ത്രിച്ചു. ശിൽപ്പിയെ പുച്ഛത്തോടെ ഒന്നു നോക്കിയിട്ട് ഗഗനചാരികൾ അപ്രത്യക്ഷരായി. ശില്പി അപ്പോഴും ഒന്നുമറിയാതെ ഗാഢനിദ്രയിലായിരുന്നു.
സൂര്യമുദ്രയിലുള്ള എന്റെ വലതു കരം ആരോ തലോടുന്നത് പോലെ തോന്നി മിഴികൾ തുറന്നപ്പോൾ ശില്പി മുൻപിൽ നിൽക്കുന്നു. അയാളുടെ ഓരോ മൃദുസ്പർശവും ഒരായിരം ജന്മത്തിന്റെ സ്നേഹസാഫല്യമായിട്ടാണ് എനിക്കനുഭവപ്പെട്ടിരുന്നത്. മുല്ലവള്ളിപടർപ്പും അതിലെ ചെറുകിളികളും പാലപ്പൂവിന്റെ ഗന്ധം കൊണ്ടു വരുന്ന മന്ദമാരുതനും ഈ ശിൽപ്പിയും ഉള്ള ഇവിടം തന്നെയാണ് എന്റെ സ്വർഗം. ഞാൻ മനസ്സിൽ മന്ത്രിച്ചു. മുല്ലവള്ളിപടർപ്പിനിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങളേറ്റു എന്റെ വദനം മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. മുല്ലമാല കൊണ്ടു കേശമലങ്കരിച്ച് പട്ടുചേല അതിമനോഹരമായി ഞൊറിഞ്ഞുടുപ്പിച്ചു, തൂമന്ദഹാസം പൊഴിച്ച് ശില്പി ദൂരേക്ക് മറഞ്ഞു.
ദിനരാത്രങ്ങൾ പലതും കഴിഞ്ഞു. ശില്പിയെ കണ്ടിട്ടിപ്പോൾ ഒരുപാട് നാളുകളായി. ഓരോ സായംസന്ധ്യയിലും ശില്പിയുടെ വരവും പ്രതീക്ഷിച്ചു ഞാനിരുന്നു. കുഞ്ഞിക്കുരുവികൾ ഇപ്പോൾ മധുരമായി പാടാറേയില്ല. കാട്ടുമുല്ലപ്പൂക്കളുടെ സൗരഭ്യം കുറയാൻ തുടങ്ങി. ഒന്നും പറയാതെ, എന്നെ തനിച്ചാക്കി ശില്പി എങ്ങോട്ടായിരിക്കും പോയത്!! മനസ്സ് ആകുലമാവാൻ തുടങ്ങി. അപ്പോഴാണ് കുഞ്ഞിക്കുരുവികൾ ദൂരെ നിന്നും പറന്നു വരുന്നത് കണ്ടത്. ദൂരെ ഏതോ ദേശത്തു ശില്പിയെ കണ്ടുവെന്നും, അയാൾ പുതിയ ശില്പങ്ങളുടെ പണിപ്പുരയിലാണെന്നും അവർ പറഞ്ഞു.
ഓരോ ദിനങ്ങളിലും ശിൽപ്പിയുടെ വരവും പ്രതീക്ഷിച്ചു ഞാനിരുന്നു. ഗഗനാചാരികൾ അപ്പോഴും പഴയ വാഗ്ദാനങ്ങൾ ആവർത്തിച്ചു കൊണ്ട് അതിലൂടെ വന്നുപോയിക്കൊണ്ടിരുന്നു.
ഋതുക്കൾ പലതും വന്നു പോയി. സൂര്യന്റെ തീക്ഷണരശ്മികളേറ്റു മുല്ലവള്ളി കരിഞ്ഞു പോയി. മുല്ലവള്ളി പോയതോടു കൂടി ചെറുകിളികളും വരാതായി. ശിൽപ്പിക്ക് വേണ്ടിയുള്ള എന്റെ കാത്തിരിപ്പ് മാത്രം ബാക്കിയായി. എന്റെ ഉടലിന്റെ പഴയ തിളക്കമെല്ലാം നഷ്ട്ടപ്പെടുവാൻ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം സൂര്യകിരണങ്ങളേറ്റു ഞാനുണർന്നപ്പോൾ നാലഞ്ചുപേർ എന്റെ ചുറ്റും നിൽക്കുന്നു. അതാ…… അവരുടെ കൂടെ ശില്പിയും ഉണ്ട്. ശില്പിയാകെ മാറിയിരിക്കുന്നു.
മുടിയും താടിയുമെല്ലാം ജട പിടിച്ചിരിക്കുന്നു. എന്റെ മിഴികൾ ആർദ്രമായി. ശില്പിയുടെ അടുത്തേക്ക് ഓടി ചെന്ന് ഒന്നു ഗാഢമായി പുണരാൻ മനസ്സ് കൊതിച്ചു. പക്ഷെ കാലുകൾ ഒന്നനക്കാൻ പോലുമാവുന്നില്ല.
വെറുമൊരു ശിലയാണെന്ന സത്യം പലപ്പോഴും ഞാൻ മറന്നു പോകുന്നു. ശില്പിയുടെ ഒരു മൃദു സ്പർശനത്തിന് വേണ്ടി ഞാൻ വല്ലാതെ മോഹിച്ചു. പക്ഷെ ശില്പി എന്നെ ഒന്നു നോക്കുകയോ എന്റെ സമീപത്തേക്കൊന്നു വന്നതോ പോലുമില്ല. അവരെല്ലാവരും കൂടെ ഗഹനമായി എന്തെക്കെയോ ചർച്ച ചെയ്യുന്നു. അപ്പോൾ അതിലൊരാൾ ഒരു പൊതി ശില്പിയുടെ കയ്യിൽ വെച്ചു കൊടുത്തിട്ട് പറയുന്നു…,
“അഞ്ഞൂറ് സ്വർണനാണയമുണ്ട്.”
ശില്പി ഉടൻ തന്നെ അതു വാങ്ങിച്ചു മടിയിൽ തിരുകി. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കും മുൻപ് അവരെന്നെ നിലത്തു നിന്നും ബലമായി അടർത്തിമാറ്റാൻ ഒരുങ്ങ. സകല ശക്തിയും എടുത്തു അവിടെ തന്നെ ഉറച്ചു നിൽക്കാൻ വൃഥാ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു. എന്റെ പട്ടുചേല വലിച്ചെടുത്തു അവർ ദൂരേക്കെറിഞ്ഞു.
“ശില്പത്തിനെന്തിനാണ് ചേല ?? ഇതെന്താ മനുഷ്യസ്ത്രീയാണോ” അതിലൊരാളുടെ പരിഹാസം അവിടെ ഒരു കൂട്ടച്ചിരിയായി മാറി.
ശില്പിയുടെ മുന്നിലേക്ക് പറന്നു വീണ ആ ചേല ഒന്നു നോക്കുക പോലും ചെയ്യാതെ തന്റെ പണിയായുധങ്ങളും മാറത്തിട്ടു അയാൾ അവിടെ നിന്ന ആളുകളോടായി പറഞ്ഞു,
“ഞാൻ ഇതിലും മനോഹരമായ ഒരു ശില്പം ഉണ്ടാക്കാൻ പോവുകയാണ് “.
ഞാൻ എല്ലാം നിശബ്ദമായി വീക്ഷിച്ചു കൊണ്ടിരുന്നു. പ്രണയാർദ്രഭാവങ്ങൾ പങ്കുവെച്ച ശില്പിയുടെ മനസ്സ് ഇത്ര പെട്ടെന്നൊരു ശിലയായി മാറിയോ..? പരിവർത്തനം പ്രകൃതിനിയമമാണ് അതു അനിവാര്യതയുമാണ്…., എങ്കിലും…..
അവസാനമായി,എന്നെ ഒന്നുതിരിഞ്ഞുപോലും നോക്കാതെ ആ ശില്പി അനന്തതയിലേക്ക് നടന്നു മറഞ്ഞു.
വികാരങ്ങളെല്ലാമടക്കി ഞാൻ വീണ്ടും വെറുമൊരു ശിലയായി.