വരിവരിയായ്…

നിനക്കു ഞാനിതാ
ശവപ്പറമ്പിൽ
ആറടി മണ്ണൊരുക്കുന്നു.
ആരുടേയും
കണ്ണ് പാഞ്ഞെത്താത്ത
മാവിൻ ചുവട്ടിൽതന്നെ !

പൊള്ളും ചൂടേറ്റ്
നീ ഉഷ്ണം ഭാവിക്കണ്ട.!
മാവിന്റെ തണൽ നിനക്കുണ്ട്
(നീയറുത്തെറിഞ്ഞ
കൊമ്പിൽനിന്നും
മുളപൊട്ടിയ ചില്ലകൾ
നിനക്ക് തണൽവിരിക്കാൻ
ആടിയുലഞ്ഞ്
നിൽക്കുന്നു)

വരിവരിയായ്
വെന്തെരിയാൻ
കാത്തുനിൽക്കുന്നുണ്ട്
ഉറ്റവർ.
മണ്ണിനുവേണ്ടി
പടവെട്ടിയവർ
തമ്മിൽ തമ്മിൽ
കൊമ്പുകോർത്തവർ
വലിയവൻ ചെറിയവൻ
സവർണ്ണൻ അവർണ്ണൻ
കറുത്തവൻ വെളുത്തവൻ
സമ്പന്നൻ ദരിദ്രൻ
അങ്ങനെയങ്ങനെ
എല്ലാവരുമുണ്ട്….!!

വാരിക്കൂട്ടിയതൊ-
ന്നുമെടുക്കാതെ
ശ്വാസം കിട്ടാതെ
പിടഞ്ഞുപിടഞ്ഞ്…….

വെന്തുമരിക്കാൻ
നിരനിരയായ്
വരിവരിയായ്
നെടുനീളത്തിൽ
നീണ്ടങ്ങനെയവർ….

വൈക്കം ബ്രഹ്മമംഗലം സ്വദേശിനി. കുറവിലങ്ങാട് ദേവമാതാ കോളേജിൽ ഒന്നാം വർഷ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി. 'നീ പൂവും ഞാൻ പൂമ്പാറ്റയും ' എന്ന പേരിൽ ഒരു പ്രണയ കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കവിതകളോടൊപ്പം ചെറുകഥകളും എഴുതാറുണ്ട്.