നാല്പത് പ്രണയ നിയമങ്ങൾ – എലിഫ് ഷഫാക്ക്

“ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ വേണ്ടത്ര സ്നേഹിച്ചിട്ടില്ലെന്നാണ്. “
-എലിഫ് ഷഫാക്ക്

“നാല്പതു പ്രണയ നിയമങ്ങൾ ” തുർക്കി,.ബ്രിട്ടീഷ് എഴുത്തുകാരി എലിക് ഷഫാക്കിൻ്റെ വിഖ്യാത കൃതിയാണ്. മനോഹരമായ ഭാഷയിൽ.മലയാളത്തിലേക്കത് വിവർത്തനം ചെയ്തിരിക്കുന്നത് ശ്രീ..അജയ്..പി..മങ്ങാട്ടും. ജലാലുദ്ദീനും കൂടിയാണ്..നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുകയും ചെയ്ത നോവലാണിത്. കൊതിപ്പിക്കുന്ന കവർ പേജോടെ മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നത് അദർ ബുക്ക്സ് ആണ്.

പ്രണയം വ്യക്തി ജീവിത്തിൽ വരുത്തുന്ന അവിചാരിത പരിണാമങ്ങൾ തന്നെയാണ് എലിഫ് ഷഫാക്ക് ഈ നോവലിലൂടെ സംവദിക്കുന്നത്. മനുഷ്യൻ്റെ ജീവിതയാത്ര തന്നെ ആനന്ദത്തിൻ്റെ ഉറവിടം അന്വേഷിച്ചുള്ളതാണ്. അവനവൻ്റെ ആനന്ദത്തേയാണ് ഒരാൾ തേടേണ്ടത്. മറ്റുള്ളവർ ഉപദേശിച്ച് തരുന്നതിനേയല്ല.

“നീ തേടുന്നത് നിന്നേയും തേടും”
-റൂമി

അനുരാഗികളുടെ ഹൃദയ ഗുരുവും, സൂഫിസത്തിലെ എക്കാലത്തേയും മഹാ കവിയും, ആത്മാവിൽ നൃത്തം ചെയ്തു കൊണ്ട് പ്രണയത്തിൻ്റെ ദിവ്യാനുഭവം പകർന്നു തരുന്ന ആൽക്കെമിസ്റ്റുമാണ് ജലാലുദ്ദീൻ റൂമി.

“തബ്രീരീസിലെ അതിശയ വെളിച്ചമേ
നീയെവിടെപ്പോയൊളിക്കാൻ?
നീ മറഞ്ഞിരിക്കുമിടം വെളിച്ചപ്പെടുത്തുമല്ലോ
നിൻ്റെ സൂര്യൻ്റെ ദീപ്തി.”
-റൂമി

1244 ൽ തൻ്റെ ആത്മീയ ഗുരുവും പ്രാണപ്രിയനും മഹാനായ ദർവിഷുമായ, തിബ്രിരീസിലെ ഷംസിനെ റൂമി കണ്ടുമുട്ടി. ആ കുടിക്കാഴ്ച ഇരുവരുടെയും ജീവിതം മാറ്റിമറിച്ചു. തുടർന്നു വന്ന നൂറ്റാണ്ടിലെ സൂഫികൾ ആ സൗഹ്യദത്തെ രണ്ടു സമുദ്രങ്ങളുടെ സംഗമത്തോടാണ് താരതമ്യം ചെയ്തത്. ശംസിനെ കണ്ടുമുട്ടിയ ശേഷമുണ്ടായആത്മീയ പ്രണയാനുഭവങ്ങളാണ് റൂമി എന്ന പണ്ഡിതനെ മിസ്റ്റിക്‌ കവിയാക്കി മാറ്റിയത്.

റൂമിയാണ് വട്ടം ചുറ്റുന്ന ദർവീശുകളുടെ ഉന്മാദന്യത്തം തുടങ്ങിയത്. യഥാർത്ഥ സൂഫിസം എന്താണെന്നും, ഒരു സൂഫി, ജീവിതത്തെ എങ്ങനെ അർത്ഥവത്താക്കുന്നു എന്നും, പരിശുദ്ധ ഖുറാൻ പ്രകാരം ഇസ്ലാം എന്തിനൊക്കെയാണ് പ്രാധാന്യം നല്കുന്നത് എന്നുമൊക്കെ ഈ നോവൽ നമ്മെ ഉദ്ബോധിപ്പിക്കുന്നു. പ്രണയത്തിൻ്റെ ശക്തിക്ക് മനുഷ്യനോളം പഴക്കമുണ്ട്. അതിന് ഹൃദയങ്ങളെ പരിവർത്തിപ്പിക്കുവാൻ കഴിയും.

20-ാം നൂറ്റാണ്ടിലെ ഒരു അമേരിക്കൻ കുടുംബിനിയും , ലിറ്റററി എജൻ്റിൻ്റെ പാർട്ട് ടൈം റീഡറുമായ എല്ല റുബിൻ സ്റ്റയിനും, തൊഴിലിൻ്റെ ഭാഗമായി അവർ വായിച്ചു കൊണ്ടിരുന്ന’മധുരമാർന്ന ദൈവനിന്ദ’ എന്ന കൃതിയുടെ രചയിതാവുമായ അസീസ് സെഡ് സഹാറയുമായുള്ള അവിചാരിത പ്രണയത്തെയും പ്രാണസങ്കടങ്ങളുടെ പ്രണയപാശത്തെയും കൂട്ടി പിന്നി വയ്ക്കുന്നുണ്ട് ഈ നോവലിൽ. 40-താം വയസ്സിൽ എല്ല യഥാർത്ഥ പ്രണയത്തിലേക്ക് യാദൃശ്ചികമായി എത്തിച്ചേരുകയാണ്. അത് എല്ലയുടെ ജിവിതത്തെ മാറ്റി മറിക്കുന്നു. തുടർന്ന് വിശ്വസയോഗ്യനല്ലാത്ത ഭർത്താവിനേയും മൂന്നു കട്ടികളെയും ഉപേക്ഷിച്ച് അവർ അസീസ് സഹാറയ്‌ക്കൊപ്പം കെനിയയിൽ എത്തിച്ചേരുകയും ചെയ്യുന്നു. തൻ്റെ അവസാന നാളുകളെത്തിക്കഴിഞ്ഞു എന്ന മുന്നറിയിപ്പ് അസീസ് നല്കുന്നുണ്ടെങ്കിലും അയാളുടെ രോഗശയ്യയിൽ ശിശ്രൂഷിക്കുകയും മരണശേഷം അദ്ദേഹം ആഗ്രഹിച്ച പോലെ പ്രിയപ്പെട്ട റൂമിയുടെ കാലടികൾ പിന്തുടർന്ന് കൊനിയയിൽ ഖബറടക്കുകയും ചെയ്യുന്നു

എന്നിട്ടും എല്ല അകമേ പൂർണ്ണത അനുഭവിച്ചു. താൻ തനിച്ചായതായി അവർക്കു തോന്നിയതേയില്ല. തൻ്റെ ഹ്യദയം എന്തു പറയുമെന്ന് കേൾക്കുകയും നാല്പതാം പ്രമാണം സാവധാനം ഉരുവിടുകയും ചെയ്തു. അതിങ്ങനെയായിരുന്നു…..,

“സ്നേഹമില്ലാത്ത ജീവിതം ഒരു കണക്കിലും പെടില്ല. എന്തു തരം സ്നേഹമാണ് നീ അന്വേഷിക്കേണ്ടതെന്ന് സ്വയം ചോദിക്കരുത്, ആത്മീയം, ഭൗതികം, ദൈവികം, ഐഹികം, പൗരസ്ത്യം, പാശ്ചാത്യം.. വിഭജനങ്ങൾ കൂടുതൽ വിഭജനങ്ങളിലേക്ക് മാത്രമാണ് നയിക്കുക. സ്നേഹത്തിന് ശീർഷകമില്ല. അതെന്താകുന്നുവോ, അതാകുന്നു ശുദ്ധവും സരളവും.”

കഥയിവിടെ പൂർണ്ണമാകുമ്പോൾ നാം അറിയുന്ന മറ്റൊരു സത്യം ഇതൊരു സ്ത്രീപക്ഷ രചന കൂടിയാണെന്നാണ്. പ്രണയമില്ലാത്ത വിവാഹജീവിതം എത്രത്തോളം വെറുക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവാണ് നമുക്ക് എല്ലയുടെ കഥയിലൂടെ എലിഫ് ഷഫാക്ക് പറഞ്ഞു തരുന്നത്.

പ്രിയപ്പെട്ട വായനക്കാരേ…, ഈ കൃതി അലസവായനക്കുള്ളതല്ല. വീണ്ടും വീണ്ടും വായിക്കുകയും. പ്രണയത്തിൻ്റെ ആദ്ധ്യാത്മിക പ്രഭയിൽ അകമേയെരിഞ്ഞ് ഓജസ്സും ചൈതന്യവും വീണ്ടെടുക്കുകയും, പ്രണയം മാത്രമാണ് മനുഷ്യനെ നവീകരിക്കാനുള്ള അസംസ്കൃത വസ്തുവെന്നു തിരിച്ചറിയിക്കുകയുമാണ് വേണ്ടത്. ജീവിതത്തിൻ്റെ ഏടുകളിലേക്ക് വെളിച്ചം വീശുന്ന മഹത്തായ ആശയങ്ങളാണ് ‘നാല്പതു പ്രമാണങ്ങൾ’. നന്മയുടെ വീണ്ടെടുക്കലുകൾക്ക് മാറ്റുകൂട്ടുന്ന പ്രണയ പ്രമാണങ്ങൾക്ക് വായനക്കാർ നോവലിസ്റ്റിനോടും വിവർത്തകരോടും ആത്യന്തികമായി മൗലാനാ ജലാലുദ്ദീൻ റൂമിയോടും അദ്ദേഹത്തിൻ്റെആത്മീയ ഗുരു ഷംസിനോടും കടപ്പെട്ടിരിക്കുന്നു.

ആലപ്പുഴ സെൻറ് മേരീസ് ആർ. സി. സ്ക്കൂളിൽ ലൈബ്രേറിയൻ ആയി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ കവിതകളും പുസ്തകക്കുറിപ്പുകളും എഴുതാറുണ്ട്