ഒരുമിച്ച് കാണാതാകുന്നവർ

ക്ഷണിക്കപ്പെടാതെ
വന്നതുകൊണ്ടാവും
ആദ്യമൊന്നും
വേണ്ടത്ര ഗൗനിച്ചില്ല.

കൊത്തിക്കൊത്തി
മുറത്തിക്കേറി കൊത്തിയപ്പോഴാണ്
ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്
അങ്ങനെയാണ്
കടന്നുകയറ്റക്കാരൻ്റെ
തനിനിറം
നാടറിഞ്ഞത്.

ഇരകളിൽ
ഒരാൾ കവിയായിരുന്നു
ഹൃദയത്തിൽ മുറിവുള്ളവൻ
മുഖപടമില്ലാതെ
പാടിനടന്നവൻ….
സമ്പർക്കം
അക്ഷരത്തിലൂടെ.

ഇനിയൊരാൾ
കർഷകൻ
വേദന നഷ്ടപ്പെട്ട
മുറിവുള്ളയാൾ
വിശപ്പിൻ്റെ
ചിത്രംപേറുന്നവൻ….
സമ്പർക്കം
മണ്ണിലൂടെ.

അടുത്തയാൾ
പുരോഹിതനായിരുന്നു
മുറിവ് കാണുമ്പോൾ
വേദനിക്കുന്നവൻ
വഴികൾ തേടി
അവധൂതനായവൻ…
സമ്പർക്കം
ദൈവത്തിലൂടെ.

അടുത്തയാളൊരു
ശതകോടീശ്വരൻ
വേദനയ്ക്ക്
മരുന്നുണ്ടാക്കുന്നവൻ
ചിറകില്ലാതെ
പറക്കുന്നവൻ….
സമ്പർക്കം
രഹസ്യ കേന്ദ്രത്തിന്ന്.

അപരിചിതനായൊരാൾ
ചെറിയൊരു വണ്ടിയിൽ
ഒരുമിച്ചാണവരെ
കൊണ്ടുവന്നത്.
ശാന്തികവാടങ്ങളിൽ
അശാന്തമായ
കാത്തിരിപ്പ്.

അടുത്ത പറമ്പിലെ
വീട്ടുമുറ്റത്ത്
ഒളിച്ചുകളിക്കുന്നൊരു കുട്ടി ഉറക്കെപ്പറയുന്നു
കൊറോണയാണു ഞാൻ
നിങ്ങളെ
കണ്ടു പിടിച്ചിരിക്കും.

വീടു നിർമ്മിച്ച മാസ്ക്കിനുള്ളിലേക്ക്
കുട്ടികൾ മറയുമ്പോൾ
പുക കാറ്റുമായി
അങ്കം കുറിച്ചിരുന്നു
മനുഷ്യർ ഒരുമിച്ച്
കത്തുന്നിടത്ത്.

ചലചിത്ര ഗാനരചയിതാവ്, കവി, നാടകപ്രവർത്തകൻ, സ്വദേശം തിരുവനന്തപുരം കാട്ടാക്കട . കവിതാ സമാഹാരങ്ങൾ 'കടലുതിന്ന കാക്കകൾ', 'ഇല്ലെൻ്റ് കവിതകൾ' സെക്രട്ടറിയേറ്റ് ധനകാര്യ ഓഡിറ്റ് വിഭാഗമായ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഉദ്യേഗസ്ഥൻ.