മഴയുച്ച

നിറയെ വെള്ളലില്ലികൾ തുന്നിപ്പിടിപ്പിച്ച
വേനലിന്റെ നീലയുടുപ്പിലേയ്ക്ക്‌
നോക്കിനോക്കിയിരിയ്ക്കേ,
നനഞ്ഞ തൊങ്ങലുകളുള്ള
കരിമ്പടമൊന്ന് പൊടുന്നനെ
വീശിയെറിയപ്പെടുന്നു.

ഏതോ വിദൂരശാഖിയിൽ നിന്നടർന്ന
ഒരു പൂമൊട്ടിനെ
ഒടുവിലത്തെ വസന്തകാലത്തെന്നലല
കൊണ്ടുവന്ന് മടിത്തട്ടിലിടുന്നു.

മഴയുടെ വെള്ളനൂലുകൾ തമ്മിൽ
പിണഞ്ഞും, പിരിഞ്ഞും
എന്തെന്തൊക്കെയോ
മന്ത്രിക്കാൻ തുടങ്ങുന്നു.

ഒറ്റയൊറ്റയായ് വളരുന്ന ശീമക്കൊന്നകൾ
ഊതനിറത്തിലുള്ള പൂക്കളുതിർക്കുന്നു.
ശിഖരങ്ങളിൽനിന്നറ്റ മഞ്ഞയിലകൾ
നീർച്ചാലുകളിലൂടെ
ഒരു തെരയലിനെന്നപോലെ പായുന്നു.

വിലക്കപ്പെട്ട കുന്നിൻചെരിവുകളെ
പുണർന്നുവരുന്നൊരു കാറ്റ്‌
ഓർമ്മത്തുള്ളികൾ ചാറ്റിച്ച്‌
എകാകിനിയായവളുടെ
മദ്ധ്യാഹ്നത്തിലേയ്ക്ക്‌
ഒരു സന്ദേശമയക്കുന്നു.

പുരാതനമായ ഒരു പുസ്തകത്തിന്റെ
ഏടുകൾക്കിടയിൽനിന്ന് അപ്പോൾ
നാഡികൾ വെളിപ്പെടുന്നൊരിതൾ
ആത്മാവിൽ വന്നുവീഴുന്നു.

നിശ്ചലജലവിതാനത്തിനു മീതെ
തൽക്ഷണം സൃഷ്ടിയ്ക്കപ്പെട്ട
ഒരു മലരിയിൽ
ഇലകളും, ഇതളുകളും, പൂക്കളും
ഉന്മാദത്തിലാണ്ട്‌ തിരിയുന്നു.

ഓരോ മിന്നൽപ്പിണരിനുമൊപ്പം
ഉള്ളിൽ ഒരാന്തലുണരുന്നു.
അജ്ഞാതമായ ഏതോ ആവലാതിയിൽ
മഴയിലേക്ക്‌ തുറക്കുന്ന വാതിലുകൾ
അപ്പോൾ അവൾ കൊട്ടിയടയ്ക്കുന്നു.

മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് സ്വദേശിനി. സാങ്കേതികമേഖലയിൽ‌ ബിരുദധാരി. ഇപ്പോൾ മുംബൈയിൽ താമസിക്കുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.