1993 ഒരു ലീവ് സ്റ്റോറി

സുപ്രഭാതം….
ആകാശവാണി കോഴിക്കോട്… ഇന്ന് 1993 മാർച്ച് 2 കൊല്ലവർഷം 1168 കുംഭം 18. ഇന്നത്തെ പ്രക്ഷേപണം ആരംഭിക്കുന്നു. ആദ്യമായി ഇന്നത്തെ പരിപാടികള്‍….

05.55 AM – സുഭാഷിതം : കാവിലമ്പാറ കുഞ്ഞിക്കണ്ണൻ

06.00 AM – കാവ്യാഞ്ജലി; ഓ എൻ വി യുടെ ‘കുഞ്ഞേടത്തി’:  ആലാപനം സജി കടവന

06.05 AM – ഇഗ്ളീഷിൽ വാർത്തകൾ

കമ്പിളി പുതപ്പിനുള്ളിലെ സുഖശീതള നിദ്രയ്ക്ക് ഭംഗം വന്നിരിക്കുന്നു. അകത്തെ മുറിയിൽ നിന്നും റേഡിയോ വലിയവായിൽ കരയുകയാണ്. ഇന്നത്തെ തണുപ്പിന്റെ കാഠിന്യം ഒന്ന് കുറഞ്ഞോട്ടെ എന്ന് കരുതിയാവണം പതിവില്ലാതെ അച്ഛൻ റേഡിയോയുടെ സൗണ്ട് ഒരൽപം കൂട്ടി വെച്ചത്. എന്തായാലും പണി കിട്ടിയത് എനിക്കു തന്നെയാണ്.

ചുവരിൽ തൂങ്ങിയാടുന്ന അജന്താ ക്ളോക്കിൽ കാണിക്കുന്ന സമയം അഞ്ചേ നാൽപ്പത് !  എഴുന്നേൽക്കാൻ ഇനിയും ഉണ്ട് രണ്ട് രണ്ടര മണിക്കൂർ ..!

പാതികൂമ്പിയ മിഴികളോടെ ഞാൻ പുറത്തേക്ക് നടന്നു. മഴത്തുള്ളികൾക്ക് സമാനമെന്നോണം തുള്ളിയിടുന്ന മഞ്ഞുകണങ്ങൾക്ക് നടുവിലൂടെയുള്ള എന്റെ നടത്തം പതിവ് ആശ്വാസ കേന്ദ്രത്തിന് അരുകിൽ അവസാനിച്ചു .

“എടാ ..ആ തെങ്ങ്മ്മല് ഓലമടല് തൂങ്ങി നിക്കുന്നത് കാണ്ന്നില്ലേ . കുറച്ച് അപ്പുറത്തേക്ക് മാറി നിന്ന് പിടിക്കെടാ”

അമ്മ പറഞ്ഞത് ശരിയാ… ’തെങ്ങു ചതിക്കില്ല തേങ്ങ ചതിക്കില്ല’ എന്നൊതൊക്കെ സത്യമാണെങ്കിലും ഇടയ്ക്കൊരു പണി തരണം എന്ന് തെങ്ങ് എങ്ങാനും ചിന്തിച്ചാൽ… !! സംപ്രേക്ഷണം പാതിയിലുപേക്ഷിച്ച് ഞാൻ അകത്തേയ്ക്ക് ഓടി.

എന്ത് ചായക്ക് പാലില്ലെന്നോ.. പാലില്ലെങ്കിൽ വിഷമിക്കേണ്ട അനിക്സ്പ്രേ  ഉണ്ടല്ലോ..അനിക്സ്പ്രേ.. പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ..

അകത്ത് റേഡിയോ തകർക്കുകയാണ്. രാവിലെയായാൽ തുടങ്ങും ഒച്ചയും വിളിയും. ഒരു ഉഗ്രൻ ‘കൂറ’  റേഡിയോയ്ക്കുള്ളിൽ കയറി പണികൊടുത്തതിനാൽ മൂന്നു നാലു ദിവസം ചെവിയ്ക്ക് ഒരു സ്വസ്ഥതയുണ്ടായിരുന്നു. ഇന്നലെ അച്ഛൻ നന്നാക്കികൊണ്ടുവന്നു, ഉറക്കവും മുടങ്ങി.

നിജാം പാക്ക് …നിനക്ക് എനിക്ക് എന്നിങ്ങനെ എല്ലാവരും ചോദിച്ചു വാങ്ങുന്ന പാക്ക്.. നിജാം  പാക്ക്..

രാധേ …അതിമനോഹരമായിരിക്കുന്നു !! എന്നെയാണോ ഉദ്ദേശിച്ചത് ??അല്ല നിന്റെ പാചകം..

മേശപ്പുറത്ത് വെച്ച് എന്തോ എഴുതുന്നതിനിടയിൽ റേഡിയോയുടെ താളത്തിനൊപ്പിച്ച് പരസ്യം അനുകരിക്കുന്ന അച്ഛൻ. പതുക്കെ അച്ഛന്റെ മുന്നിലൂടെ മുറിയിലേക്ക് നടന്നു .

വയറുവേദന ആയതിനാൽ രണ്ടു ദിവസമായി സ്കൂളിൽ പോയിട്ട്‌. എങ്ങനെയെങ്കിലും ആ പേരിൽ ഇന്നും നാളേം കൂടി ലീവ് എടുക്കണം. ആന്തരിക അസുഖങ്ങൾ മുഖത്ത് പ്രതിഫലിപ്പിക്കുന്ന പേശികൾ അതി ഭീകര വേദനാ ഭാവം കൈകൊണ്ടു. നടക്കുന്നതിനിടയിൽ വേദനമൂലം ഒന്ന് കൂനി, ഇടം കണ്ണിട്ട് അച്ഛനെ ഒന്ന് നോക്കി.

ഓ….  !!! എനിക്ക് മടുത്തു.. എടി നീ അപ്പുറത്തെ വീട്ടിലെ അമ്മൂനെ കണ്ടു പഠിക്ക്.. എത്ര കൃത്യനിഷ്ട. ഇവിടെ ഒമ്പതുമണിയായിട്ടും വെള്ളം കോരലാ…… അതേ അമ്മൂന്റെ ഭർത്താവ് വിവേകിയാ… ആകാശ് പമ്പുസെറ്റാ അദ്ദേഹം വാങ്ങിയിരിക്കുന്നത്… അതുകൊണ്ട്…… ? വോൾട്ടേജ് ക്ഷാമം അവരെ ബാധിക്കുകയേയില്ല..!നിങ്ങളും വിവേകിയാവൂ.. ! കാർഷികാവശ്യങ്ങൾക്കും വീട്ടാവശ്യങ്ങൾക്കും പമ്പുസെറ്റ് വാങ്ങുമ്പോൾ കുറഞ്ഞ വോൾട്ടേജിലും പ്രവർത്തിക്കുന്ന ആകാശ് തെരഞ്ഞെടുക്കൂ.

സൗണ്ട് ഒരൽപം കുറയ്ക്കുന്നതിനായി റേഡിയോയുടെ വട്ടത്തിൽ പിടിക്കാനാഞ്ഞപ്പോൾ അച്ഛന്‍റെ രൂക്ഷമായുള്ള നോട്ടം കണ്ട് പെട്ടെന്ന് കൈവലിച്ചു. മേശപ്പുറത്ത് വെച്ചിരുന്ന അരിഷ്ടം ഒരു ഔൺസ് ഗ്ളാസ്സിൽ എടുത്ത് പൊതിയിലുണ്ടായിരുന്ന ഗുളിക ഒരെണ്ണമെടുത്ത് അതിൽ ചാലിച്ച് എന്റെ നേരെ നീട്ടി ..

“എങ്ങനുണ്ട് ….? കൊറവുണ്ടോടാ….? ഇന്ന് സ്കൂളിൽ പൊയ്‌ക്കോ “

“രാത്രി നല്ല വേന ഇണ്ടായ്നു അച്ഛാ. ഇന്നൽത്തേക്കാളും ആശാസണ്ട്. ഞാന് ക്ലാസ്സില് ജനലിന്റെ അടുത്താ ഇരിക്ക്ന്നത്. കാറ്റടിച്ചാ ചെലപ്പോ വേന പിന്നേം കൂടും”

എന്നെ സഹായിക്കാനെന്നവണ്ണം മുഖപേശികൾ ഒരിക്കൽ കൂടി എൻ്റെ രക്ഷകരായി. ഒന്നുകൂടി കൂനിപ്പിടിച്ച് മേശയുടെ മേലെ പിടിച്ച് പിടിച്ച് സാവധാനം ഞാൻ റൂമിലേക്ക് നടന്നു. എന്റെ ദാരുണാവസ്ഥ കണ്ട് വന്ന  അമ്മയുടെ മനസ്സലിഞ്ഞു .

“അവന് വേദന കുറവില്ലേൽ ഇന്നും കൂടി പോണ്ട. വൈന്നേരം നമ്മുക്ക് ആ പോക്കറ് ഡോക്ടറെ ഒന്ന് കാണിച്ചാലോ…? നിങ്ങള് പോവുമ്പോ ഒന്ന് ബുക്ക് ചെയ്തിട്ടേക്ക്.. എന്നാ റേഷനും വാങ്ങാം..”

കിടക്കയിൽ കയറി പുതച്ചുമൂടി കിടക്കുമ്പോഴും അച്ഛന്റെയും അമ്മയുടെയും സംസാരങ്ങൾക്കിടയിലേക്കായിരുന്നു എന്റെ ചെവിയുടെ റിലേ.. അന്തിമമായേക്കാവുന്ന അച്ഛന്റെ മറുപടിയ്ക്കായി ഞാൻ കാതോർത്തു.

വാട്ടീസ്‌ ദിസ് ലീലാമ്മേ ഫയലുകൾ ഒന്നും നീങ്ങുന്നില്ലല്ലോ….? മൈക്കിൾസ് ടീ കുടിച്ചില്ലേ..? ആരോഗ്യത്തിനും ഉന്മേഷത്തിനും മൈക്കിൾസ് ടീ ഒരു ശീലമാക്കു.

പുലരി മുതൽ സന്ധ്യ വരെ പുതുമ തരും അംബർ.. അംബർ ബനിയനും ജട്ടികളും

‘നശിച്ച ഈ റേഡിയോയും കൊണ്ട് തോറ്റു !!!..എന്തെങ്കിലും ഒരു പ്രധാനപ്പെട്ട കാര്യം കേൾക്കാൻ തൊടങ്ങുമ്പോ ശല്യം ചെയ്യാനായിട്ട്.

പത്തു മണിയ്ക്: ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ

11 മണിയ്ക്ക്: ഹലോ ആകാശവാണി. 11.30 ന് മഹിളാലയം; മഹിജ കിട്ടനുണ്ണിയുടെ ‘എന്തിന് മിഴി നിറഞ്ഞെൻ സന്ധ്യേ’  ഓർമ്മക്കുറിപ്പ് ആൻഡ്രിയ മേരി അലക്സ്

12.00 മണിയ്ക്ക് ഇംഗ്ലീഷില്‍ വാര്‍ത്തകള്‍: 12.05 ന് പ്രകാശധാര: ‘പരീക്ഷകൾ കുട്ടികളിൽ ചെലുത്തുന്ന മാനസിക സമ്മർദ്ദങ്ങൾ : അവതരണം ഡോക്ടർ ആഞ്ചലോസ് പുഞ്ചപ്പാടം

“ഡാ ..എണീയ്ക്ക് ഈ അരിഷ്ടം കൂടി കഴിച്ചിട്ട് കിടന്നോ…  എന്നിട്ടും മാറീല്ലേല് വൈന്നേരം ഡോക്റ്ററെ കാണിക്കാം “

ഹാവു !! അപ്പോൾ ഇന്നും സ്കൂളിൽ പോകണ്ട !! ഇന്നത്തെ ക്ലാസ്സ് പരീക്ഷയിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ടിരിക്കുന്നു .

കഴിഞ്ഞ ദിവസമാണ് മേരിയമ്മ ടീച്ചർ രണ്ടു ദിവസം കഴിഞ്ഞു നടത്താൻ പോവുന്ന കണക്കിന്റെയും സയൻസിന്‍റെയും ക്ലാസ്സ് പരീക്ഷ അനൗൺസ് ചെയ്തത്. ഞെട്ടലോടെയാണ് ക്ലാസിലെ ഞാനടക്കമുള്ള ചില കക്ഷികൾ ഈ വാർത്ത കേട്ടത്. കഴിഞ്ഞ ക്ലാസ് പരീക്ഷയുടെ അനുഭവം എന്റെ മുന്നിലേക്കോടിവന്നു .കണക്കിന് മുപ്പതിൽ ഏഴ്, സയൻസ് ഒരൽപം നില മെച്ചപ്പെടുത്തി മുപ്പതിൽ പന്ത്രെണ്ട് !!!!

ഇനി ഇതാവർത്തിച്ചാൽ രക്ഷിതാവിനെയും കൂട്ടി ക്ലാസ്സിൽ കയറിയാൽ മതിയെന്ന ടീച്ചറുടെ അന്ത്യശാസനത്തിനു മുന്നിൽ ഞാനൊരു ശപഥം നടത്തി.

‘ടീച്ചറെന്റെ കണ്ണുതുറപ്പിച്ചു. ഇന്ന് മുതൽ ഒറക്കമൊഴിഞ്ഞു ഞാൻ പഠിക്കും !!! അടുത്ത ക്ലാസ് പരീക്ഷേല് ആദ്യ അഞ്ചു സ്ഥാനങ്ങളിലൊന്നിൽ ഈ ഞാനേയ്ക്കും!!!!’

ശപഥമൊക്കെ നടത്തിയത് ശരിയാ ..ആദ്യ അഞ്ചിൽ പോയിട്ട്  ഇരുപത്തഞ്ചിൽ എത്തുമോ എന്നുള്ളകാര്യം പടച്ചതമ്പുരാനുപോലും അറിയുമോ എന്നതിലാണ് എന്റെ ആശങ്ക .

ഇത്തവണ പരീക്ഷ എഴുതിയാൽ പണി ഉറപ്പാണ്.. എങ്ങനെയെങ്കിലും മുങ്ങിയാലേ രക്ഷയുള്ളൂ . പനിയാണെന്നു പറഞ്ഞാൽ ‘അമ്മ സമ്മതിയ്ക്കില്ല. കഴിഞ്ഞതവണ ഒരു പരീക്ഷണം നടത്തി പാളിപ്പോയതാണ് .

ചെറിയുള്ളിയുടെ അകത്ത് പഞ്ചസാര നിറച്ച് രണ്ടു കക്ഷങ്ങൾക്കുള്ളിലും വെച്ച് കിടന്നാൽ പിറ്റേന്ന്‌ പനി ഉറപ്പാണെന്ന് പറഞ്ഞു തന്നത് നാലാം ക്ലാസ്സിൽ പഠിക്കുന്ന ഓർമ്മേഷ് ദിവാകരനാണ്. ഇളയവർ ചൊല്ലും ചെറുനെല്ലിക്ക ആദ്യം കയ്ച്ചാലും പിന്നെ രുചിയുണ്ടാവുമല്ലോ എന്നോർത്ത് പ്രയോഗിക്കുകയും ചെയ്തു .‌ ഫലമോ !! ആ പഞ്ചായത്തിലുള്ള സകല ഉറുമ്പുകളും വന്ന് എന്നെ കടിച്ചുപറിച്ചു എന്നതല്ലാതെ മറ്റൊരു രുചിയും എനിക്കതിൽ നിന്നും കിട്ടിയില്ല എന്നുള്ളതാണ്.

പിന്നെ ഇത്തരം സന്ദർഭങ്ങളിൽ അടിയന്തിരമായി എടുത്തുപയോഗിക്കാൻ പറ്റുന്നത് വയറുവേദന, നടുവേദന, തലവേദന എന്നിവയാണ്. ഇതിന്റെയെല്ലാം ഗുണമേന്മ എന്നത്, ഇതിന്റേതായുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ പുറമേക്ക് ദ്യോതകമാവില്ല എന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് ഞാൻ വയറുവേദന തന്നെ തിരഞ്ഞെടുത്തത്.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള ആദ്യ പിരീഡിൽ തന്നെ എന്റെ വയറുവേദന ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. അതിശക്തമായ വേദനയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയും പുറത്തേക്ക് തള്ളുകയും ചെയ്തു.  നിൽക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ മേരിയമ്മ ടീച്ചർ ഇടപെട്ടു. രണ്ടു മിനുട്ട് പ്രത്യക്ഷമായും മൂന്നര മിനുട്ട് പരോക്ഷമായുമുള്ള ടീച്ചറുടെ നിരീക്ഷണത്തിനൊടുവിൽ എന്നെ വീട്ടിലേക്കയക്കാൻ തീരുമാനമായി .

വീടിനടുത്തുള്ളവർ ആരാണെന്നുള്ള ടീച്ചറുടെ ചോദ്യത്തിന് ക്ലാസ്റൂമിലെ പല ബെഞ്ചുകളിൽ നിന്നും ആവേശോജ്വലമായ സ്വീകരണമാണ് കിട്ടിയത്. ആദ്യ ബെഞ്ചിന്റെ മൂലയ്ക്കിരിക്കുന്ന സുസ്മേഷ്, രണ്ടാം ബെഞ്ചിലെ റിയാസുദ്ധീൻ അതിനപ്പുറമിരിക്കുന്ന ജിന്റോ പോൾ… എന്തിനു പറയുന്നു എന്റെ വീടിന്റെ രണ്ടു സ്റ്റോപ്പ് ഇപ്പുറമുള്ള സുമിത്രാ രങ്കയ്യന്‍ വരെ എന്നെ വീട്ടിൽ കൊണ്ടുവിടാൻ തയ്യാറായി വന്നു എന്നുള്ളതാണ്. പക്ഷേ അവരുടെ സഹായങ്ങളൊന്നും സ്വീകരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല .

“ഏഴ് ബി യിലെ സഹദ് മുല്ലക്കോയ ഇന്റെ പൊരേന്റെ അടുത്താ ടീച്ചറേ”

നിമിഷങ്ങൾക്കുള്ളിൽ ഏഴു ബി യിൽ പഠിക്കുന്ന, ഞങ്ങൾ സ്നേഹത്തോടെ ‘കയ്ച്ചിൽ’ എന്ന് വിളിക്കുന്ന സഹദ് മുല്ലക്കോയ ഞങ്ങളുടെ ക്ലാസിനു മുന്നിലെത്തി.

“ടീച്ചറേ ഞാൻ തന്നെ പോണോ ??. എനിക്കിപ്പോൾ സയൻസ് ക്ലാസ്സാ. ഒന്നാം ചലന നിയമം എന്ന ജഡത്വ നിയമത്തിലെ ‘ദ്രവ്യമാന’ ത്തെ കുറിച്ചുള്ള ക്ലാസ് ശ്രദ്ധിച്ചിരിക്കുകയായിരുന്നു ഞാൻ. മിസ്സായാൽ പിന്നെ ഒന്നും മനസ്സിലാവില്ല ടീച്ചർ.”

മുല്ലക്കോയയുടെ ദൈന്യതയാർന്ന പ്രകടനം അരങ്ങു തകർക്കുന്നു. ഒടുവിൽ ടീച്ചറുടെ സ്നേഹപൂർവ്വ ഇടപെടലിൽ മനംനൊന്ത് മുല്ലക്കോയ എന്നെ വീട്ടിൽ കൊണ്ടുപോയി വിടാൻ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി.

മുല്ലക്കോയയുടെ തോളിൽ താങ്ങി ഞാൻ പതുക്കെ പതുക്കെ സ്കൂൾ കവാടത്തിലേക്ക് നടന്നു. പുറകിൽ ഞങ്ങളുടെ ഭാഗ്യത്തെ സ്തുതിച്ചുകൊണ്ട് ചില സഹപാഠികൾ വേദനയോടെ ഞങ്ങൾക്ക് മംഗളാശംസകൾ നേരുന്നുണ്ടായിരുന്നു.

ഞാനും മുല്ലക്കോയയും ഉണ്ടാക്കിയ പരസ്പരസഹായ സംഘത്തിന്റെ അജണ്ടകളിലൊന്നാണ് ഇതെന്ന് ക്ലാസിലെ ചില തല്പരകക്ഷികൾക്ക് മാത്രമേ ധാരണയുണ്ടായിരുന്നുള്ളു.

“എടാ ഗ്രൌണ്ട്ക്ക് പോയാലോ ? ഫുട്ബോളളിണ്ടാവും. കൊറച്ച്  കളിച്ചിങ്ങാണ്ട് പൊരക്ക് പോവാം.”

മുല്ലക്കോയയുടെ നിർബന്ധത്തിനു വഴങ്ങി ഗൗണ്ടിൽ തിമിർത്തതിനുശേഷം വീട്ടിലെത്തുമ്പോൾ നാലര മണി. വീടിനടുത്തെത്തിയപ്പോൾ വയറുവേദനയുടെ അസ്കിതകൾ അനുഭവപ്പെട്ടു തുടങ്ങിയ എന്നെ വീടിന്റെ കോലായിലിരുത്തി, ‘അമ്മ വാതിൽ തുറക്കും മുമ്പേ രണ്ടാളുടെയും ഡ്രെസ്സിലെ അഴുക്ക് അവൻ തട്ടിക്കുടഞ്ഞു.

“ഇവന് തീരേം വയ്യ. ഡോട്ടറെ ഒക്കെ കാണിച്ചിട്ട് രണ്ടീസം കഴിഞ് സ്‌കൂള്ക്ക് വിട്ടാ മതീന്നാ മേരിയമ്മ ടീച്ചറ് പറഞ്ഞേ..”

വൈകുന്നേരം അച്ഛനോടൊപ്പം ചാത്തപ്പൻ വൈദ്യരുടെ അടുത്തേക്ക്. ഉണ്ടക്കണ്ണും മഹാബലിയെപ്പോലുള്ള വയറും വായിൽ മുറുക്കാനും നിറച്ച് വൈദ്യരെന്നെ ആകമാനം ഒന്ന് നോക്കി. പിന്നെ ചൂണ്ടുവിരൽകൊണ്ട് കണ്ണട മൂക്കിൻത്തുമ്പിലേക്കിറക്കിവെച്ച് പതുക്കെ എൻ്റെ വയറിൽ ഞെക്കാൻ തുടങ്ങി

“എവ്ടാ വേദന ..? ഇവിടെ… ?? ഇവിടെ… ?  ”

പ്രത്യേകിച്ച് ഒരു സ്ഥലമൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ട് എല്ലായിടത്തും വേദനയുണ്ടെന്ന് മുഖഭാവത്തിലൂടെ വൈദ്യർക്ക് ലക്ഷണം കൊടുത്തു.

“മ് ….ശോധനയുണ്ടോ ??”

അതെന്തോന്ന്…..! അച്ഛൻ തലയാട്ടുന്നത് കണ്ടപ്പോൾ പിന്നെ ഞാനും ഒന്നും അമാന്തിച്ചില്ല.

ചില ആലോചനകൾക്കുശേഷം ചാത്തപ്പൻ വൈദ്യര് പൂച്ച മാന്തിപ്പറിക്കും പോലെയുള്ള കയ്യക്ഷരത്തിൽ  രണ്ടു കുപ്പി അരിഷ്ടവും കുറച്ച് ഗുളികകളും എഴുതി. അരിഷ്ടത്തോട് എനിക്ക് പ്രത്യേക ഒരു അഭിനിവേശം തന്നെയായിരുന്നു. വൈദ്യരുടെ മറ്റ് ചില പൊടിക്കൈകളും മനസ്സിലാക്കി ഞങ്ങളിറങ്ങുമ്പോൾ അദ്ദേഹത്തെപ്പറ്റി പറയാൻ അച്ഛന് നൂറ് നാവായിരുന്നു.

“ചാത്തപ്പൻ വൈദ്യരെ മരുന്ന് കുടിച്ചാൽ ഏത് രോഗവും പമ്പകടക്കും ”

മരുന്ന് കുടിച്ചു തുടങ്ങിയാൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ രോഗത്തെ പമ്പകടത്തേണ്ടിവരും എന്നോർത്തപ്പോഴായിരുന്നു എനിക്ക് സങ്കടം കൂടിയത്. ഇല്ലെങ്കിൽ അടുത്തത് നേരെ  ടൗണിൽ ക്ലിനിക്ക് നടത്തുന്ന പോക്കറ് ഡോക്റ്ററെ അടുത്തേക്കാണ്.

എന്തെകിലും അസുഖവുമായി ചെന്നാൽ ആദ്യം സൂചി വെച്ചേ മറ്റ് ചികിത്സകളിലേക്ക് അദ്ദേഹം കടക്കാറുള്ളു. ശേഷം വേണമെങ്കിൽ വയറ് കീറി ഓപ്പറേഷൻ നടത്തിയും അദ്ദേഹം അസുഖം കണ്ടുപിടിക്കും എന്നാണു പറഞ്ഞുകേൾക്കുന്നത്. ‘ആരും ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിച്ച് രോഗത്തെ കെട്ടുകെട്ടിക്കുന്ന പത്ത് തലയുള്ള തനി രാവണനായ  ഭിഷഗ്വരൻ .’

ഇതൊക്കെയാണ് ഇതുവരെയുള്ള എൻ്റെ നാൾവഴികൾ.. ഇന്ന് കണക്കിന്റെ പരീക്ഷ രക്ഷപ്പെട്ടു. ഇനി നാളെ സയൻസ്.. വയറുവേദനയുടെ കാലാവധി ആണേൽ ഇന്നത്തോടെ തീരുകയും ചെയ്യും ..

രക്ഷയ്ക്ക് വേണ്ടിയുള്ള തന്ത്രങ്ങൾ തലച്ചോറിലൂടെ കടന്ന്, അതിന്റെ സമസ്തമേഖലകളും റെയ്‌ഡ്‌ചെയ്യാൻ തുടങ്ങി.. നിറഞ്ഞൊഴുകിയ സമ്മർദ്ദത്താൽ, കടിച്ചെടുത്ത മോതിരവിരലിന്റെയും ചെറുവിരലിന്റെയും നഖങ്ങൾ പുതപ്പു മാറ്റി പുറത്തേക്ക് തുപ്പിക്കളഞ്ഞു.

4. മണിയ്ക്ക് വിവിധ് ഭാരതി : ഹിന്ദി ചലച്ചിത്രഗാനങ്ങള്‍

4.30 ന് സന്തോഷ് ട്രോഫി ഫൈനൽ തത്സമയ സംപ്രേഷണം

6.30 ന് സന്ധ്യാഗീതം

6.50 ന് : “തെയ്യാ തിനന്തോം… തെയ്‌തിനം താരോ … തെയ് തെയ് തെയ്!! വയലും വീടും

7.05 ന് : പ്രാദേശികവാര്‍ത്തകള്‍

7.25 ന് : കിഞ്ചന വർത്തമാനം

7.35  ന് : യുവവാണി

8 മണിയ്ക്ക് നാടകോത്സവം എട്ടാം  ദിവസം !! ഹാസ്യനാടകം : ‘രാജാപ്പാർട്ട് കൊച്ചാപ്പി ‘

ജോലിക്ക് പോവാൻ തയ്യാറായ അച്ഛൻ വാച്ച് എടുക്കാനായി മുറിയിലേക്ക് കയറിയ ശബ്ദം കേട്ടതും ഒരൽപം വേദനയോടെയുള്ള മൂളൽ എവിടെ നിന്നോ എന്നിൽ നിന്നും സംജാതമായി. അച്ഛൻ മെല്ലെ വന്ന് എന്റെ പുതപ്പ് മാറ്റി നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി. ‘വേദന’മൂലം മയങ്ങുന്ന എന്റെ കണ്ണുകൾ അറിയാതെ പോലും തുറന്നുപോവാതിരിക്കാനും ഞാൻ അതീവ ശ്രദ്ധ ചെലുത്തി.

ആകാശവാണി വാർത്തകൾ വായിക്കുന്നത് വെണ്മണി വിഷ്ണു. പ്രധാനവാർത്തകൾ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി പി വി നരസിംഹറാവു നാളെ  കേരളത്തിലേക്കെത്തുന്നു. വിദ്യാഭാസ നയങ്ങളിൽ സമഗ്ര മാറ്റം ആവശ്യമാണെന്ന്‌ മുഖ്യമന്ത്രി. കുണ്ടറയിൽ നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി. വാർത്തകൾ വിശദമായി..

തലവഴി മൂടിയ പുതപ്പു മാറ്റി മെല്ലെ എഴുന്നേറ്റു. വാർത്ത തുടങ്ങുമ്പോൾ ആണ് അച്ഛൻ വീട്ടിൽനിന്നും ഇറങ്ങാറുള്ളത്. അതാണ് പതിവ്. മെല്ലെ പുറത്തേക്ക് നടന്നു. മുറ്റത്തെ കോണിൽ നിന്നും മുല്ലക്കോയയുടെ വീട്ടിലേക്കൊന്ന് പാളി നോക്കി. സാധാരണ അവന്‍ പാല് വാങ്ങാൻ പോവാറുള്ള സമയമാണ്.

“എടാ … മേരിയമ്മ ടീച്ചറ് ഇന്നലെ നിന്നെപ്പറ്റി ചോയ്ച്ചീനു. ഞാ പറഞ്ഞ് നിനക്ക് തീരേമ് വയ്യാന്ന്. ഇന്നലെ സ്കൂളിലേക്ക് വരുന്ന വഴി പിന്നേം വേദന എട്ത്തിട്ട് ഓന്‍ തിരിച്ചു പോയീന്ന് ഞാനങ് കാച്ചി   ”

ആത്മാര്‍ഥ സുഹൃത്തിന് എന്നോടുള്ള സ്നേഹം കണ്ട് എന്‍റെ കണ്ണു നിറഞ്ഞു പോയി. പടർന്നു പന്തലിച്ച ബുഷിന്റെ ഇലകൾ അവന്റെമേൽ പറിച്ചെറിഞ് ഞാൻ അനുഗ്രഹാശ്ശിസുകൾ പൊഴിച്ചു. പിന്നെയും വിട്ടൊഴിയാത്ത എന്റെ ആശങ്ക ഞാനവന്റെ മുന്നിൽ കെട്ടഴിച്ചു.

“ഇയ്യ്‌ വെഷ് മിക്കണ്ടടാ … നാളേം മിക്കവാറും ലീവായ്ക്കും. നമ്മളെ കേരളം ഇന്ന് സന്തോശ് ട്രോഫി അടിച്ചാൽ നാളെ ലീവായ്ക്കും മോനേ.. ഒട്ങ്ങാട് പള്ളീക്ക് ഞാ ഒരു നേർച്ച ഇട്ട്ക്ക്ണ്. ഇയ്യും പ്രാർത്ഥിച്ചോ..”

മുല്ലക്കോയ പറഞ്ഞത് ശരിയാണ്. കഴിഞ്ഞതവണ ഗോവയെ മൂന്നു ഗോളിന് തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ സ്കൂളിന് ലീവ് കിട്ടിയിരുന്നു. കേരളാ ക്യാപ്റ്റൻ വി പി സത്യൻ ട്രോഫി പിടിച്ചു നിൽക്കുന്ന ചിത്രം വായനശാലയിലെ പത്രത്തിൽ നിന്ന് വെട്ടിയെടുത്ത് ഞാനും അവനും കൂടിയാണ് ക്ലാസ്സിലെ ചുവരിൽ ഒട്ടിച്ച് വെച്ചത്.

അപ്പോൾ കേരളം ഇന്നും ജയിച്ചാൽ നാളെ ലീവ് !!!!!! ക്രേക്ക്പാറ മുത്തിയ്ക്ക് ഞാനും നേർന്നു ഒരു  അയിമ്പീശേന്റെ നേർച്ച…

അപസർപ്പകഥകളിലെ നർത്തകിമാർ എന്റെ മനസ്സിനുള്ളിൽ കാബറേ ആരംഭിച്ചിരിക്കുന്നു. നാളെത്തെ ഭീകരാന്തരീക്ഷത്തിനുമേൽ ചെറിയൊരു മേൽക്കോയ്‌മ കിട്ടിയതുപോലെ ഒരു സന്തോഷം .

വജ്രദന്തി വജ്രദന്തി വീക്കോ വജ്രദന്തി…  റ്റൂത്ത് പൌഡർ റ്റൂത്ത് പേസ്റ്റ്… അയുർവേദിക് പച്ചമരുന്നാൽ നിർമ്മിതം സമ്പൂർണ സ്വദേശി വീക്കോ വജ്രദന്തി

ഈയം ആകാശവാണി സമ്പ്രതി വാർത്താഹാഃ ശ്രൂയന്തഹഃ പ്രവാചകാ ബലദേവാനന്ത സാഗരാഹാഃ.. പ്രധാൻമന്ത്രി ദോ ദിനാഹാഃ കേരൾ മേം ആയഹാഃ  ഇന്ത്യൻ ക്രിക്കറ്റ് ടീമാഹാഃ ഇംഗ്ലണ്ടാഹാഃ പരാചിതാഹാഃ *

വെറുതെ ഇങ്ങനെ കിടക്കുമ്പോൾ ബോറടിക്കുന്നു !! എങ്ങനെയെങ്കിലും അഞ്ചു മണി ആയാൽ മതിയായിരുന്നു. കേരളം ജയിച്ചാൽ !!!! അകത്ത് നിന്നും റേഡിയോ എടുത്ത് കൊണ്ടുവന്നു കട്ടിലിനു സമീപത്ത് വെച്ചു. ഇത്രയും നേരം വെറുപ്പോടെ ഞാൻ കണ്ട റേഡിയോ ഇതാ എൻ്റെ സ്നേഹലാളനങ്ങളേറ്റ് അരുകിലിൽ ചൂടുപറ്റിയിരിക്കുന്നു.

കല്യാണ സാരി എവിടെ നിന്നാ എടുക്കുന്നത് കോട്ടയം അയ്യപ്പാസിൽ നിന്നും… അതൊരു ചെറിയ കടയല്ലേ .. പുറത്തു നിന്നു നോക്കിയാൽ ചെറുത്.. അകത്ത് അതിവിശാലമായ ഷോറൂം    

ആകാശവാണി… സമയം ഒരു മണി കഴിഞ് പതിനഞ്ചു മിനുട്ട്… ശ്രോതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഞായറാഴ്ചയിലെ എഴുത്ത് പെട്ടി പുനഃ സംപ്രേക്ഷണം

ചേട്ടാ .. ചുണ്ടങ്ങാ കുന്നില്‍ നിന്നും കോമളവല്ലി, ദാക്ഷായാണി,സെറീനാ ബീഗം, പുഷ്പ്പവല്ലി എന്നിവരുടെ ഒരു  കത്തുണ്ട്..

ഓഹോ… എന്താണ് വിശേഷം കേള്‍ക്കട്ടെ ??

നാടകോത്സവം നാലാം ദിവസം സംപ്രേക്ഷണം ചെയ്ത ഹാസ്യനാടകം ‘ഓലമടലിലെ ഓന്ത്’ വളരെ നല്ല നിലവാരം പുലർത്തി. അതിലെ നായിക ചാരുലത നായകനോട് പറയുന്ന… “വറുഗീസു ചേട്ടാ …അങ്ങില്ലാതെ ഒരു ജീവിതം.. ആശാമരത്തിന്റെ തോണിയിലേറി നാം തുഴഞ്ഞു നീങ്ങിയ കൈതപ്പാടത്തിനു നടുവിൽ വെച്ച് അങ്ങെന്റെ നെറ്റിയിൽ സിന്ദൂരക്കുറി ചാർത്തിയത്’  എന്ന ഡയലോഗ് കേട്ടപ്പോൾ  ‘ഷീലാമ്മയുടെ കറുത്തമ്മയെ ആണ് ഞങ്ങൾക്ക് ഓർമവന്നത്”

*നല്ല അഭിപ്രായത്തിന് ചുണ്ടങ്ങാ കുന്നിലെ സഹോദരിമാരോട് നന്ദി പറയുന്നു. ടുക് ടു തീയേറ്റേഴ്സ് അവതരിപ്പിച്ച ‘ഓലമടലിലെ ഓന്ത്’ ഒരു ഹാസ്യ നാടകത്തിനപ്പുറം വൈകാരികമായ ഒരു തലത്തിലേക്ക് പ്രേക്ഷകരെ സ്വാധീനിച്ചു എന്നറിയുന്നതിൽ അതീവ സന്തോഷം. അടുത്ത കത്ത് വായിക്കൂ..”

അടുക്കളപ്പുറത്ത് നിന്നാണെന്ന് തോന്നുന്നു അമ്മയെ ആരോ വിളിക്കുന്ന ശബ്ദം.

“അളിയാക്കാന്‍റെ മോന്ക്കും പുതിയെണ്ണിനും ഇന്ന് പൊരേല് തക്കാരായ്നു. കൊറച്ച് കോയി ബിരിയാണീം. ഒരു ചിക്കന്‍റെ കാലും. മുല്ലയ്ക്കും ഓനും മാണ്ടി മാത്രാ രണ്ട് കോയിക്കാല് പൊരിച്ചെ ”

മുല്ലക്കോയയുടെ എളാപ്പാന്റെ അളിയന്റെ ഭാര്യ ഉമ്മു കുൽസു ആണ് ആവിപറക്കുന്ന ബിരിയാണിയും കൊണ്ട് വന്നിരിക്കുന്നത്. ജീവിതത്തിൽ എനിക്കേറ്റവും ഇഷ്ട്ടമുള്ള ഭക്ഷണം ഏതെന്നു ചോദിച്ചാൽ ബിരിയാണി എന്നല്ലാതെ പറയാൻ വേറൊരു പേരില്ല. രണ്ടു ദിവസമായി കഴിക്കുന്ന കഞ്ഞിയിൽ നിന്നും ഇന്നൊരു മോചനമായി.

“അള്ളാ.. ഓൻക്ക് പള്ളവേനയാ!!!! ഇതിപ്പോ അലാക്കിന്റെ അവ് ലും കഞ്ഞീന്നും പറഞ്ഞപോലായല്ലോ. ന്നാ ഓന്ക്ക് കൊട്ക്കണ്ട. പള്ളവേന കൂടും .  ”

തലയിൽ ഒരു ഇടിത്തീ വീണപോലെ !!!! അപ്പൊ എനിക്ക് കഴിക്കാൻ ഇന്ന് ബിരിയാണി തരൂലേ ??!!! ഒന്ന് പൊട്ടിക്കരയണമെന്നു തോന്നിയെങ്കിലും ഒച്ച പുറത്തേയ്ക്ക് വന്നില്ല.

വയറുവേദന മാറി എന്നുപറഞ്ഞാൽ നാളെ സ്കൂളിൽ പോവേണ്ടിവരും !! ഇല്ല എന്നുപറഞ്ഞാൽ ബിരിയാണിയും തരൂല. ഈ ലോകത്ത് എന്നെപ്പോലെ ഗതികെട്ടവൻ വേറെ ആരുണ്ട് ദൈവമേ ??

എന്റെ മോഹങ്ങൾ ഗതികിട്ടാതെ കിടക്കയിൽ കിടന്ന് ഉരുണ്ടുമറിയുകയാണ്. ഒരു ബിരിയാണി മൂലം അസ്വസ്ഥമായിരിക്കുന്നു മനസ്സ്. ചില കണക്കു കൂട്ടലുകളോടെ ഞാൻ എഴുന്നേറ്റു.

അമ്മ അലക്കാന്‍ പോയ തക്കം,’ജെറി’ യെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന തന്ത്ര ശാലിയായ ‘ടോമി’നെ പോലെ ഞാന്‍ അടുക്കള ലക്ഷ്യമാക്കി നടന്നു. ഒരു ഇലയനക്കം പോലുമില്ലാത്ത അന്തരീക്ഷം. മേശപ്പുറത്തെ പത്രത്തില്‍ അടച്ചുവെച്ചിരിക്കുന്ന ആവിപറക്കുന്ന ദം ബിരിയാണി. അതെനിക്ക് സ്വന്തമാകാനുള്ള സമയം വിദൂരമല്ലാതായിരിക്കുന്നു. ഒരിക്കൽ കൂടി വാതിലിനു പുറത്തേക്ക് പാളി നോക്കി പാത്രത്തിന് നേരെ ഞാൻ കയ്യടുപ്പിച്ചു.

“ഡാ………………………!”

എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ ‘അമ്മ അലറി. ആദ്യത്തെ ഞെട്ടലിന് ശേഷം ഞാൻ അടവ് മാറ്റി ചവുട്ടി . അപേക്ഷ !! യാചന !! പിന്നെ മിഴികൾ വീണ്ടും വീണ്ടും നിറച്ചുള്ള മോങ്ങൽ !!

“മിണ്ടാതെ പൊയ്ക്കോണം… വയറുവേദനള്ള ചെറുക്കനാ…. ഇതും കൂടി തിന്നിട്ടു വേണം എടുത്ത് ആശുപത്രീൽ കൊണ്ടോയി ഇടാൻ..”

ദേഷ്യത്തിൽ കണ്ണും മൂക്കും തൊടച്ച് എനിക്കായ് ‘മാത്രം ‘ വെച്ച കഞ്ഞിയും പപ്പടവും കഴിച്ച് അരിഷ്ടവും മോന്തിക്കുടിച്ച് ഹതാശനായി ഞാൻ റൂമിലേക്ക് നടന്നു..

ആരോഗ്യജീവിതത്തെ കാത്തിടും ലൈഫ്ബോയ്.. ലൈഫ്ബോയ് എവിടയോ അവിടെയാണ് ആരോഗ്യം

തൂവെള്ളപ്പൂക്കൾതൻ പുഞ്ചിരിപോൽ ! വെള്ളയുടുപ്പിനുജാലതന്നെ!
പാലൊളിയേകും ഉജാലയിപ്പോൾ. വീട്ടിലും നാട്ടിലും പേരുകേട്ടു

ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ.. വയലാർ രാമവർമ്മ രചിച്ച്‌ കെ രാഘവൻ മാസ്റ്റർ സംഗീതം പകർന്ന, ‘അശ്വമേധം’ എന്ന ചിത്രത്തിലെ’പാമ്പുകൾക്ക് മാളമുണ്ട്’ എന്ന ഗാനം ആലപിക്കുന്നത് കെ എസ് ജോർജ്.  ആവശ്യപ്പെട്ടിരിക്കുന്നത് നഫീസ കുഞ്ഞിപ്പ പന്താവൂർ

ചില്ലു മേടയിലിരുന്നെന്നെ  കല്ലെറിയല്ലേ … എന്നെ കല്ലെറിയല്ലേ…..
പാമ്പുകൾക്ക് മാളമുണ്ട് … പറവകൾക്കാകാശമുണ്ട്…
മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ലാ ..
എവിടെനിന്നോ വന്നു ഞാൻ …
എവിടേയ്‌ക്കോ പോണു ഞാൻ ..
വിളക്ക് മരമേ വിളക്ക് മരമേ
വെളിച്ചമുണ്ടോ ..വെളിച്ചമുണ്ടോ കയ്യിൽ …*

ഉച്ചമയക്കത്തിനൊടുവിൽ ഞെട്ടിയെഴുന്നേറ്റു. സമയം ആറുമണിയായിരുന്നു. ഉറങ്ങിപ്പോയപ്പോൾ അമ്മ വന്നു റേഡിയോ ഓഫാക്കിയതാണെന്നു തോന്നുന്നു. വേഗം തുറന്നു.

വിജയ് ഥാപ്പയുടെ ഒരു പാസ്. .അത് മിസ് പാസായി കേരളാ ക്യാപ്റ്റൻ കുരികേശ് മാത്യുവിന്റെ കാലുകളിൽ. തോബിയാസിനെ ലക്ഷ്യമാക്കി ഉയർത്തി അടിക്കുന്നു. നേരെ പാപ്പച്ചനിലേക്ക്. മഹാരാഷ്ട്ര ഡിഫന്റർ മിൽട്ടൺ ഫെർനാണ്ടോയെ കടന്ന് ഐ എം വിജയനിലേക്ക്. പക്ഷേ അത് മഹാരാഷ്ട്രയുടെ സുരേഷ് മേനോൻ പിടിച്ചെടുത്ത് ക്രിസ് ഫെർണാണ്ടസിന് കൈമാറുന്നു. യു ഷറഫലിയെ മറികടന്ന് ആരിഫ് അൻസാരിയിലേക്ക്….

“വലംകാലിൽ കൊരുത്ത പന്തുമായി കേരളാ ഗോൾമുഖം ലക്ഷ്യമാക്കി കുതിയ്ക്കുന്ന ആരിഫ് അൻസാരി .സെക്കന്റ് പോസ്റ്റിലേക്ക് അതാ ഒരു റണ്ണിങ് ബുള്ളറ്റ് ഷോട്ട് ..!!!!

ഓ ….ഒരു മുഴുനീളെ ഡൈവുമായി കേരളാ ഗോൾ കീപ്പർ രാജീവ് കുമാർ അത് രക്ഷപ്പെടുത്തിയിരിക്കുന്നു. വാട്ട് എ ബോംബാസ്റ്റിക് സേവ്….!!!

മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഇരുപത്തിയാറാം മിനുട്ടിൽ അജിത് കുമാർ നേടിയ ഒരു ഗോളിന് കേരളം മുന്നിട്ടു നിൽക്കുന്നു

ഹാവു!!! … ഒരു ഗോളിന് മുന്നിലാണ്. മഹാരാഷ്ട്രയെ എഴുതിത്തള്ളാൻ പറ്റില്ല.നല്ല ടീമാണ്. ഇപ്പൊ തന്നെ ഭാഗ്യത്തിനാണ് ഗോൾ ആവാതെ രക്ഷപ്പെട്ടത്..

വി പി സത്യൻ, ഹർഷനെ ലക്ഷ്യമാക്കി ഒരു ലോങ്ങ് പാസ്സ്. ഓടിയെത്തിയ ഹാഷിം അത് ഐ എം വിജയനെ ലക്ഷ്യംവെച്ച്  ഹെഡ് ചെയ്യുന്നു. മഹാരാഷ്ട്രാ സ്റ്റോപ്പർ ബാക്ക് മിൽട്ടൺ ഫെർണാണ്ടോ ആ ബോൾ പിടിച്ചെടുക്കുന്നു. കുരികേശ് മാത്യുവിനെ മറികടക്കാനുള്ള ശ്രമത്തിൽ അജിത് കുമാർ കൈവശപ്പെടുത്തി ഐ എം വിജയന് കൈമാറുന്നു… ബോളുകൊണ്ട് ചിത്രം വരയ്ക്കുന്ന ഐ എം വിജയൻ !!!! മഹാരാഷ്ട്രാ ഡിഫെൻസിനെ വട്ടം കറക്കി പന്തുമായി മുന്നിലേക്ക്. ഗിരീഷ് നായരെയും വിജയ് ഥാപ്പയെയും മനോഹരമായി കബളിപ്പിച്ച് സി വി പാപ്പച്ചന് കൈമാറുന്നു. ഓടിയെത്തിയ മഹാരാഷ്ട്ര ഫോർവേഡ് സന്തോഷ് കശ്യപിനെ മറികടന്ന് പാപ്പച്ചൻ ഐ എം വിജയന് പാസ് ചെയ്യുന്നു. വൺ ടു വൺ പാസ്… അതാ !!!! സി വി പാപ്പച്ചൻ മനോഹരമായി ആ പന്ത് മഹാരാഷ്ട്രാ ഗോൾവലയ്ക്കുള്ളിലെത്തിച്ചിരിക്കുന്നു* …

“ഗോൾ…………………….!!”

ആവേശത്തിൽ കട്ടിലിലിൽ നിന്നും ഒരടി ഉയരത്തിൽ ഞാൻ ചാടിപ്പോയിരുന്നു. സന്തോഷം അടക്കാനാവുന്നില്ല. രണ്ടു ഗോളുകൾക്ക് കേരളം മുന്നിൽ ……!

അലർച്ച കേട്ട് അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന അമ്മയുടെ കയ്യിൽ നിന്നും കഞ്ഞിക്കലം താഴെവീണ ശബ്ദം. നിമിഷങ്ങൾക്കകം ‘അമ്മ മുറിയിലേക്കോടിയെത്തി. അനങ്ങാതെ, ഒന്നുമറിയാത്ത ഭാവത്തിൽ മൂടിപ്പുതച്ചു കിടക്കുന്ന ഞാൻ. ആ എന്നെയും റേഡിയോയെയും ദേഷ്യത്തിൽ ഒന്ന് നോക്കി പിറുപിറുത്ത് ‘അമ്മ തിരിച്ച് പോയി.

മഹാരാഷ്ട ഗോള് തിരിച്ചടിക്കുമോ ?? കേരളം തോറ്റാൽ നാളെ സയൻസ് പരീക്ഷ !!!!!!!!

സമ്മർദ്ദം വീണ്ടുമെന്നെ വലിഞ്ഞു മുറുക്കി. വേഗം തന്നെ റേഡിയോ ഓഫ് ചെയ്തു. ഇനി ഏഴു മണിയുടെ വാർത്ത കേൾക്കാം..ജയിച്ചോ തോറ്റൊന്ന് അപ്പോൾ അറിഞ്ഞാൽ മതി..

ആകാശവാണി പ്രാദേശിക വാർത്തകൾ വായിക്കുന്നത് സുഷമ.. പ്രധാന വാർത്തകൾ … കേരളം സന്തോഷ് ട്രോഫി ജേതാക്കളായി. കൊച്ചിയിൽ മഹാരാഷ്ട്രയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരളം തോൽപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫിയിൽ ജേതാക്കളാകുന്നത്. സന്തോഷ സൂചകമായി നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സന്തോഷം കൊണ്ട് ഇരിക്കാനും വയ്യ നിൽക്കാനും വയ്യ കിടക്കാനും വയ്യ എന്ന അവസ്ഥ.. നാളെ സ്കൂളില്ല !!സയൻസ് പരീക്ഷയും !!! നാളെ കഴിഞ്ഞാൽ മേരിയമ്മ ടീച്ചറ് ഒരു മാസത്തെ ലീവിന് അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോവുകയാണ്….

“ഹവാ ഹവാ യേ ഹവാ  ഖുശ്ബൂ ലുടാ ദേ
കഹാ ഖുലി ഹാ ഖുലി സുല്ഫ് ബതാ ദേ
അബ് ഉസ്കാ പതാ ദേ ജരാ മുജ്കോ ബതാ ദേ”

എന്റെ ബ്രേക്ക് ഡാൻസ് അതിന്റെ പാരമ്മ്യത്തിലെത്തിയിരിക്കുന്നു. കല്ല്യാണ  വീടുകളിൽ രാത്രികാലങ്ങളിൽ ആടിത്തിമിർക്കുന്ന, മുടി ചീകുന്ന സ്റ്റെപ്പും കയറുവലിക്കുന്ന സ്റ്റെപ്പും അതിനിടയിലേക്ക് കയറിവന്ന നാടോടി ‘തെക്കൻമാനം ചുവന്നെടി പെണ്ണേ…ചിരുതേയി’ യുടെ   സ്റ്റെപ്പുകളും ചേർന്ന ഒരു വെറൈറ്റി ഐറ്റം …

എല്ലാം കണ്ട് അമ്പരന്നു നിൽക്കുന്ന ‘അമ്മയുടെ മുന്നിലൂടെ, ശങ്കരൻതമ്പിയെ കൊല്ലാൻ നൃത്തം കളിച്ചു പോവുന്ന നാഗവല്ലിയെപോലെ ഞാൻ അടുക്കളയിലേക്ക് ചെന്ന് ബിരിയാണി പാത്രം തുറന്നു. അമ്പരപ്പ് വിട്ടൊഴിഞ്ഞതും ‘അമ്മ ഓടിവന്നു എന്റെ കൈക്ക് കയറി പിടിച്ചു.

“എന്റെ കയ്യിൽ നിന്നും കിട്ടണ്ടെങ്കിൽ ഓടിക്കോ.. നിന്റെ സൂക്കേട്  ഞാൻ മാറ്റും ..”

“എന്റെ അസുഖം മാറിയമ്മേ .. ദേ .. നോക്ക്.. നേരത്തെ ഒക്കെ എനിക്ക് നടക്കാനേ പറ്റുന്നില്ലായിരുന്നു. ഇപ്പൊ ദേ എനിക്ക് ഓടാൻ പോലും പറ്റുന്നുണ്ട് …”

അടുക്കളയിൽ നിന്നും കോലായിലേക്കും തിരിച്ചും മൂന്നു റൌണ്ട് ഓടിക്കാണിച്ച് എന്റെ ശാരീരിക ക്ഷമത അമ്മയുടെ മുന്നിൽ തെളിയിച്ച് ഞാൻ എന്റെ പ്രിയപ്പെട്ട ബിരിയാണി തുറന്ന് കോഴിക്കാലിന്റെ ഇറച്ചിക്കൂടിയ ഭാഗം കടിച്ചെടുത്തു.

തുള്ളിനീലം ഹായ്… റീഗല്‍, തുള്ളിനീലം ഹായ്…. വെണ്മയെത്രയോ ആഹാ വെണ്മയെത്രയോ..

കാറിന്റെ താക്കോൽ ഞാനെവിടെവെച്ചു ??.. ഈയിടെ മറവി കുറച്ച് കൂടുന്നുണ്ട് … ചെറിയ ചെറിയ മറവികൾ ഓർമ്മ നഷ്ട്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്. സന്തോഷ് ബ്രഹ്മി പതിവായി കഴിച്ചുതുടങ്ങുക. കുട്ടികൾക്കും മുതിർന്നവർക്കും പ്രായംചെന്നവർക്കും ഒരുപോലെ ഫലപ്രദം…ഓർമ്മയ്ക്കും ബുദ്ധിയ്ക്കും സന്തോഷ് ബ്രഹ്മി.. സന്തോഷ് ബ്രഹ്മി.. ഒരു സന്തോഷ് ഫാർമസി ഉൽപ്പന്നം*

ആകാശവാണി കോഴിക്കോട്… യുവവാണി… യുവ കഥാകൃത്ത് കമലേഷ് എറൂളിയുടെ ‘കുട്ടികുറുക്കന്റെ കൗശലങ്ങൾ ‘ എന്ന ചെറുകഥസമാഹാരത്തിലെ   ‘1993 ഒരു ലീവ് സ്റ്റോറി ‘ എന്ന കഥ*

                                                       *********

*കടപ്പാട് : പ്രിയപ്പെട്ട സുഹൃത്തുക്കൾ ,ഫേസ്ബുക് & ഗൂഗിൾ

കോഴിക്കോട് പേരാമ്പ്ര സ്വദേശി, ഭാഷാസ്നേഹി. നവമാധ്യമങ്ങളിൽ എഴുതുന്നു