ഞാൻ = നീ

പൂട്ടി വച്ച ഹൃദയം പറിച്ചെടുത്തോടി
പ്പോയല്ലോ
വണ്ടികളെങ്ങോ
കണ്ണുനീരിൽ കടലച്ചെറു ചൂടെത്ര
വട്ടം കുതിർന്നു പോയല്ലേ?
ഏലക്കാച്ചുടുചായ മൊത്തീട്ടു
നാവു പൊള്ളി മഴത്തുള്ളി നിൽക്കേ
നിൻ്റെ പൂമര മിന്നലെപ്പൂത്തു
കാട്ടുതീ പോലെ കത്തി നിൽക്കുന്നു .
എൻ്റെ പൂന്തോട്ടം മഞ്ഞു വിഴുങ്ങി
തൊണ്ട നീലിച്ചു ചത്തുപോകുന്നു.
നമ്മൾ പ്രേമിച്ച പുസ്തകത്താളിൽ
അക്ഷരങ്ങൾ പടർന്നു മായുന്നു .
ആശയക്കൊടുങ്കാറ്റു പിടിച്ചു
കപ്പൽപ്പായ നെടുകെ കീറുന്നു.
ദിക്കു തെറ്റി അലഞ്ഞുനടപ്പുണ്ടാവു
മെൻ്റെ കടലാസു വള്ളം .
വാക്കു തട്ടിമുറിഞ്ഞുപോയെന്നോ
ഇന്നലെ നാം പറത്തിയ പട്ടം .
പാട്ടുപെട്ടിയടച്ചു വച്ചിട്ടു
നാക്കുണങ്ങിക്കിടന്നു പൂക്കാലം .
രക്തവും പച്ചവെള്ളവും വീഞ്ഞായ്
ചുണ്ടിലിറ്റിച്ചു പ്രാണനെരിച്ച്
തായ് മൊഴിയിലമൃതു കടഞ്ഞ്
കള്ളമെത്ര പൊലിപ്പിച്ചുവല്ലേ ?
കാൽമുടന്തിനിലത്തിരിപ്പായി
ഇന്നലെപ്പെറ്റെണീറ്റ കിനാവ് .
പുസ്തകം തിന്നു തീർത്തു വിശപ്പു
കെട്ടുപോകുന്നോ ചിന്തകൾക്കെല്ലാം ?
വർത്തമാനക്കരിമ്പുകക്കെട്ടഴി
ച്ചെന്നും നമ്മളടുത്തിരിക്കുന്നു .
ചോദ്യമെയ്തു തിരിച്ചും മറിച്ചും
ഉത്തരങ്ങൾ പണിഞ്ഞു വയ്ക്കുന്നു.
ഇത്തിരി മാത്ര നിന്നു പൊറുക്കാനുളളിടത്തിനായ്
തല്ലുകൂടുന്നു .
വാക്കുരഞ്ഞു നീറിപ്പുകഞ്ഞിട്ട്
ഉച്ചപോലെ നാം പൊള്ളിനിൽക്കുമ്പോൾ
കണ്ണുനാലിലും നമ്മളെക്കണ്ട്
നാണംകെട്ടു തല കുനിക്കുമ്പോൾ
മണ്ണിലാദ്യമഴത്തുള്ളി വീണ്
പൊട്ടിപ്പൊട്ടിച്ചിരിച്ചു പോകുന്നു.
നിർമലാനന്ദധാരയിലുളളിൻ
മച്ചകങ്ങൾ തുറന്നു പോകുന്നു .
പൂവിലഞ്ഞി മണം പോലെ ബോധം
കണ്ണിലുണ്മയായ് ഊറി നിൽക്കുന്നു .