എൻ്റെ,
ചിന്തയുടെ കൂടാരത്തിലേക്ക്
എല്ലാവരും കൂടി
പാഞ്ഞുകയറി
ചിതറിക്കിടന്ന
അഭിപ്രായങ്ങളെ
ഞാൻ നോക്കിയിരിക്കെ
എടുത്തു കൊണ്ടുപോയി
പകുത്തെടുത്തപ്പോഴാണ്
നിവരാത്ത നട്ടെല്ലിനു പകരം
വളയാത്ത നട്ടെല്ലിനെ ഞാൻ
കാവൽ നിർത്തിയത്.
അതിൽ പിന്നെ
എന്നിലേക്കാരും
കടന്നു കയറിയിട്ടില്ല.
ചിന്തകളെ
കവർന്നെടുത്തതുമില്ല.
വളയാത്ത നട്ടെല്ലുകളുടെ
സഞ്ചാര പാതയെപ്പോഴും
നേരെ നീണ്ടു കിടക്കും
ഒറ്റയടിപ്പാതകളാണ്.
ഇടക്കിടെ
കയറ്റിറക്കങ്ങളുള്ള
ഒറ്റയടിപ്പാത..
ഒരേ നിറമാണവ
തൂവുന്നത്..
ഇടക്കിടെയവ
ഓന്തുകളെപ്പോൽ
നിറം മാറാറില്ല..
നേരിനെ
താങ്ങി നിർത്താൻ
നാടിനെ കരകയറ്റാൻ
നാലാൾക്കു മുന്നിൽ
നിലപാട് പറയാൻ
ഇരുമ്പോളം കരുത്തുള്ള
ഒന്നാന്തരം
നട്ടെല്ല് വേണം,
വെറുതെ നാട്ടിവെക്കുന്ന
നട്ടെല്ലുകൾ പറ്റും
പരസ്യങ്ങൾ പതിക്കാൻ.