രണ്ടാവുകയെന്നാൽ

രണ്ടാവുകയെന്നാൽ
നമ്മൾ ചിരിച്ച
ചിരികളിൽ നിന്നെൻ്റെ
ചിരികളെ മാത്രം
നാടുകടത്തുകയെന്നർത്ഥം.

രണ്ടാവുകയെന്നാൽ
നമ്മൾ വിളിച്ച
മുദ്രാവാക്യങ്ങളിൽ ഒന്നുമാത്രം
മുറിച്ചുകളയുകയെന്നർത്ഥം

രണ്ടാവുകയെന്നാൽ
നിങ്ങളുടെ ലോകത്തേക്കുള്ള
വാതിൽ എൻ്റെ മുന്നിൽ
വലിച്ചടക്കുകയെന്നർത്ഥം

എന്നിട്ടും,
ഒന്നായിരിക്കുക
എന്ന സ്വപ്നത്തിൽ
ജീവിക്കുന്ന എന്നിലേക്ക്
നിഗൂഢതകളുടെ ചായം തേച്ച
വഴുതുന്ന വാക്കുകൾ കൊണ്ട്
നിങ്ങൾ വെടിയുതിർക്കുന്നു.

വർത്തമാനമപ്പോഴും
നമുക്കിടയിൽ നിന്ന്
ഉടഞ്ഞുപോയ
സോഷ്യലിസത്തെപ്പറ്റി
ഉറക്കെയുറക്കെ
സംസാരിക്കുന്നു.

കാലവും
ചരിത്രവും
കറുത്തുപോയ
അടയാളങ്ങളെ
നശിച്ചുപോകാത്ത വിധം
കോറിവെയ്ക്കും,

അപ്പോഴും,
ആകാശമെത്തിപ്പിടിക്കാൻ
ശ്രമിക്കുന്നൊരു
തൂവെള്ള കൊടി മാത്രം
നമുക്കിടയിൽ
ഒരുമയെപ്പറ്റി വാചാലമാകും

പട്ടാമ്പി ശങ്കരമംഗലം സ്വദേശി. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതാറുണ്ട്. എം ആർ എസ് അട്ടപ്പാടിയിലെ അധ്യാപകനാണ്,