വിശുദ്ധ പാപം

എയർകണ്ടീഷന്റെ മുരൾച്ചക്കിടയിലും ബ്രൂമയുടെ ഉച്ചത്തിലുള്ള കുരയും ദേഷ്യം വരുമ്പോൾ മുൻകാലുകൾ തറയിൽ മാന്തുന്ന അരോചകമായ ശബ്ദവും കേട്ട് നീന ബെഡിൽ എണീറ്റിരുന്നു. അഴിഞ്ഞു കിടന്ന നീണ്ട മുടി കൈയ്യിൽ കുരിക്കിട്ട് വാരിക്കെട്ടി. അവൻ ദേഷ്യത്തിൽ മാത്രം അല്ല എന്തിനെയോ കണ്ടിട്ടുമുണ്ട്. അവൾ മാസ്റ്റർ സ്വിച്ച് അമർത്തി. മുകളിലെ അവളുടെ മുറി തുറന്നു പുറത്തു ഇറങ്ങി. റോട്ട് വീലർ കുരച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു, അതേ വേഗത്തിൽ അവൻ പിന്നിലെ ബാൽക്കണിയിലേക്ക് ഓടി താഴേക്ക് നോക്കി ഉച്ചത്തിൽ കുരച്ചു. അവന്റെ പിന്നാലെ എത്തിയ അവൾ കണ്ടത് എന്തോ ഒരു രൂപം ബാത്‌റൂമിന്റെ സൈഡിലെ അലക്കുകല്ലിന്റെ മുകളിൽ നിന്ന് ആറടി പൊക്കമുള്ള മതിലിനു മുകളിലൂടെ ചാടുന്നതാണ്.

ഇത്രയും പൊക്കമുള്ള മതിൽ ചാടികടന്ന് വന്നത് എന്താണ്… എന്റെ കാർലി എവിടെ..? അവളാണോ ഇനി മതിൽ ചാടി പുറത്തു പോയത്. അവളുടെ ശബ്ദം കേൾക്കുന്നില്ലല്ലോ. ബ്രൂമയെക്കാൾ ഉച്ചത്തിൽ പതിവായി ശബ്ദം വയ്ക്കുന്നത് അവളാണല്ലോ. ഇനി ആരെങ്കിലും അവളെ ഉപദ്രവിച്ചോ?.. അപ്പോഴും ഇര നഷ്ടപ്പെട്ട വിഷമത്തിൽ റോട്ട് വീലർ കൂർത്ത പല്ലുകൾ കാട്ടി, നീണ്ട നാവ് പുറത്തേക്കിട്ട് മുരണ്ടു മുരണ്ടു നിന്നു. വാതിൽ തുറന്നു ഇറങ്ങി കാർലിയ്ക്ക് എന്തുപറ്റിയെന്ന് നോക്കാനുള്ള ധൈര്യം നീനയ്ക്ക് ഇല്ലായിരുന്നു.

ആ വലിയ വീട്ടിൽ അവളും നാലും ആറും വയസ്സുള്ള രണ്ടു കുട്ടികളും മാത്രം. രണ്ടു മാസം കടലും രണ്ടു മാസം കരയുമായി നടക്കുന്ന നവീൻ, അവർക്കുള്ള കൂട്ടിനു വേണ്ടി സൈബീരിയൻ ഹസ്കിയെയും, ബ്രൂമയെയും വിലനോക്കാതെയാണ് വാങ്ങിയത്. നീല കണ്ണുകളും നീണ്ട വാലും നിറച്ചു രോമവും ഉള്ള വെളുത്ത സുന്ദരിയായ ഹസ്കിയുടെ ത്രികോണാകൃതിയിലുള്ള ചെവികളും കട്ടിയുള്ള രോമങ്ങളും മാത്രം അല്ല, അന്തസ്സും, ഉത്സാഹവും, സ്നേഹവും, ശാന്തതയുമുള്ള അവളെ, കഠിനവും ക്രൂര മുഖവുമുള്ള വേട്ടപ്പട്ടിയായ ബ്രൂമയെക്കാൾ പ്രിയങ്കരിയാക്കിയത്.

എന്നാൽ സൈബീരിയൻ ഹസ്കിയെക്കാൾ ശൗര്യവും, ബുദ്ധിശക്തിയും വലിപ്പവും ശാരീരികക്ഷമതയും കൂടുതലാണ് റോട്ട് വീലറിന് എങ്കിലും വിലയിൽ വളരെ മുൻപിൽ സൈബീരിയൻ ഹസ്കി തന്നെയാണ്. ഇവരുടെ പരിചരണത്തിനായി ചിലവാക്കുന്ന പണവും, വ്യായാമത്തിനായി കളയുന്ന സമയവും ഒന്നും ഒരു നഷ്ടമേ അല്ല, അവരുടെ സാമീപ്യം നീനയ്ക്ക് നൽകുന്ന സന്തോഷവും സുരക്ഷിതത്വവും വച്ചു നോക്കുമ്പോൾ.

കാർലി കൂടെയെത്തിയിട്ട് ആറുമാസം കഴിഞ്ഞു, രണ്ടു മാസം പ്രായമുള്ളപ്പോഴാണ് കാർലിയെ വാങ്ങിയത്. അവൾ ഇപ്പോൾ വളർന്നു ഒരു സുന്ദരി നായ പെണ്ണായി മാറി. ബ്രൂമയുമായി അവളെ ഒന്നിക്കാൻ അനുവദിക്കാതെ സൂക്ഷിക്കാൻ നീന ശ്രദ്ധിച്ചിരുന്നു എങ്കിലും കാർലി സ്വയം ഒരകലം ബ്രൂമയിൽ നിന്ന് പാലിച്ചിരുന്നുവോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടുപേരെയും പ്രത്യേകം കൂടുകളിൽ, പ്രത്യേകം സമയങ്ങളിലാണ് വ്യായാമവും കളികളും. കാർലി ബ്രൂമയുമായി ചേർന്നാൽ ശരിയാകില്ല, അവളെ ജർമ്മൻ ഷേപ്പേർഡുമായി ബ്രീഡ് ചെയ്യിപ്പിക്കണം.

സൈബീരിയൻ ഹസ്കിയെ ജർമ്മൻ ഷേപ്പേർഡുമായി ചേർത്താൽ കിട്ടുന്ന ഗെർബേറിയൻ ഷെവ്സ്കികൾ കൂടുതൽ വാത്സല്യവും, ബുദ്ധിയും സൗന്ദര്യവും ഉള്ളവരാണ്‌. രാത്രികാലങ്ങളിൽ ബ്രൂമയും, കാർലിയും ഒന്നിക്കാതിരിക്കാൻ ബ്രൂമയെ വീടിനകത്തും, മതിലിനും വീടിനും ഇടയിലുള്ള ചെറിയ ലോകം കാർലിയ്ക്കുമായാണ് നീന പകുത്തു നൽകിയത്..

കിടന്നിട്ട് ഉറക്കം വരുന്നില്ല, സമയം ഒന്നര, കാർലിക്ക് എന്ത് പറ്റിയതാവും. പതുക്കെ താഴത്തെ നിലയിൽ വന്നു, ജനലിലൂടെ പുറത്തേക്ക് നോക്കി, ഒന്നും ഇല്ല, അവളെവിടെ..? പതിയെ ഒന്ന് വിളിച്ചു… കാർലി….കാർലി…

ഒരു ആലസ്യത്തോടെ അവൾ കൂട്ടിൽ നിന്ന് പുറത്തേക്ക് വന്നു ദേഷ്യത്തോടെ നീനയെ ഒന്ന് നോക്കി, ദേഷ്യം വരുമ്പോൾ മുരളുന്ന ഒരു മുരൾച്ച നീട്ടി നൽകി, തിരികെ കയറിപ്പോയി. പുറത്തിറങ്ങി നോക്കേണ്ട, ആരേലും പതുങ്ങി ഇരിക്കുന്നുണ്ടങ്കിലോ, ഈ വലിയ വീടും വിലകൂടിയ കാറുകളും സൂക്ഷിക്കാൻ വേണ്ടിയാണല്ലോ സിസി ടിവികളും, ലക്ഷങ്ങൾ ചിലവിട്ട പട്ടികളും.

നാളെ അച്ഛനെ വിളിച്ചു കൂട്ട് കിടത്തണം.. എന്താണ് ചാടിപ്പോയത് എന്ന് അറിയണമല്ലോ…

പിറ്റേന്ന്, സമയം രാത്രി പന്ത്രണ്ടിനോടടുത്തു, അലക്കുകല്ലിന് സമീപം കാർലി ആരെയോ കാത്തു നിൽക്കുന്നു. അവൾ ഒരു പ്രത്യേക ശബ്ദം, അത് മുരൾച്ച അല്ല, സ്നേഹം കലർന്ന ഒരു കുഞ്ഞു കുര പുറപ്പെടുവിച്ചു, പെട്ടന്ന് ഇത്രയും പൊക്കമുള്ള മതിലു ചാടി ഒരു തെരിവ് പട്ടി അവിടെ എത്തി… അവളുടെ പതിവുകാരൻ… ഇതെങ്ങനെ ഇത്രയും പൊക്കം ചാടും..

പത്തായത്തിൽ നെല്ലുണ്ടെങ്കിൽ പാലക്കാട് നിന്നും എലി വരും…

അവളുടെ പിന്നിൽ മണപ്പിക്കുന്ന അവനെ അവൾ വാലാട്ടി, നക്കി നക്കി തുടച്ചു, പിന്നെ മുൻപ് പുറപ്പെടുവിപ്പിച്ചത് പോലെ ഒരു സ്നേഹ ശബ്ദം പുറപ്പെടുവിച്ചു..

തെരുവ് പട്ടിയെ കണ്ടിട്ട് കുരയ്ക്കാതെ കൂട്ടും കൂടി, അവന്റെ മുഖത്തു മുഖം ഉരസി നിൽക്കുന്നത് കണ്ട അവർ വടിയും കല്ലുകളുമായി പുറത്തേക്ക് ഇറങ്ങി, ശക്തനായ ആ തെരുവ് നായ ഒറ്റ ചാട്ടത്തിന് വന്നത് പോലെ തിരികെ പോയി.

അവളെ കൂട്ടിലാക്കി… തിരികെ വന്നു കിടന്നിട്ട് നീനയ്ക്ക് ഉറക്കം വന്നില്ല…. ഇതിനു മുൻപും ആ തെണ്ടിപ്പട്ടി വന്നുകാണുമോ.. എന്തെങ്കിലും സംഭവിച്ചു കാണുമോ.

തെണ്ടിപ്പട്ടി.. അല്ല കരുത്തനായ, ധീരനായ നായ. പ്രതിബന്ധങ്ങളും, പ്രതിസന്ധികളും തരണം ചെയ്തു തനിക്കു ഇഷ്ടപ്പെട്ടത് നേടിയെടുക്കാൻ മാത്രം ശക്തനായ നായ… ഒരിക്കൽ തന്റെ സമ്മതം കൂടാതെ തന്നെ കീഴടക്കിയ അജീഷിനെ പോലെ, ആദ്യം അറിഞ്ഞ ആ കരുത്തിനെ ഇന്നും സ്വകാര്യമായി ഇഷ്ടപ്പെടുന്നത് പോലെ. തെളിച്ചം നഷ്ടപ്പെട്ട ഒരു മുഖം ഉള്ളിൽ തെളിഞ്ഞു. കരിവീട്ടി പോലത്തെ ശരീരവും, ആണിന്റെ കരുത്തും ഏതൊരു പെണ്ണിനെ പോലെയും അവളും സ്വകാര്യമായി ഇഷ്ടപ്പെടുന്നുണ്ട്.

സൗഭാഗ്യത്തിന്റെ മടിത്തട്ടിൽ ജനിച്ചു. എല്ലാകാര്യത്തിനും സഹായികൾ, ഒറ്റയ്ക്ക് ബസിൽ യാത്ര ചെയ്തിട്ടില്ല, പഠിക്കാൻ പോയതെല്ലാം കാറിൽ, ഇടയ്ക്ക് വരുന്ന ഡ്രൈവർ അജീഷാണ്, അവന്റെ കറുത്ത കണ്ണുകൾ തന്നെ കൊതിയോടെ നോക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു. നിറയെ രോമങ്ങൾ നിറഞ്ഞ കറുത്ത കൈകളും, കട്ടി മീശയും, കൂട്ടൂ പുരികങ്ങളും താനും ഒളിച്ചു നോക്കിയിട്ടുണ്ട്, എന്നല്ലാതെ അവനെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിച്ചാലും അച്ഛൻ അനുവദിക്കില്ല എന്നറിയാമെന്നത് കൊണ്ട് ഉള്ളിലൂറിയ ഇഷ്ടം അവനോട് തുറന്നു പറഞ്ഞിട്ടുമില്ല. ഒരു ഡ്രൈവറിനപ്പുറത്തേക്ക് ആ ബന്ധം വളർത്തിയതുമില്ല.

അമ്മയുടെ അച്ഛൻ മരിച്ച ദിവസം, എല്ലാപേരും അങ്ങോട്ട്‌ പോയിക്കഴിഞ്ഞു, പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തി, പെട്ടന്ന് വസ്ത്രം മാറി അവനോടൊപ്പം കീഴാവൂരിലേക്ക് പോകാനായി മുറിയിൽ കയറിയ എന്റെ പിന്നിലൂടെ വന്ന അവന്റെ കരുത്തിനു മുൻപിൽ കീഴടങ്ങേണ്ടി വന്നു. ആദ്യാനുഭവത്തിന്റെ ഞെട്ടലിൽ നിന്നുണ്ടായ അന്നത്തെ എന്റെ മൗനം അപ്പുപ്പന്റെ പെട്ടന്നുണ്ടായ മരണമാണെന്ന് അമ്മ തെറ്റിദ്ധരിച്ചു. എന്നാൽ നവീനോടൊപ്പമുള്ള പല രാത്രികളിലും ആ പകലിന്റെ ഓർമ്മകൾ ചേക്കേറിയിട്ടുണ്ടല്ലോ.

പിറ്റേന്ന് രാവിലെ കാർലിയുമായി ഡോക്ടറുടെ അടുത്ത് പോയി, ആദ്യ പരിശോധനയിൽ തന്നെ സംശയം തോന്നിയ ഡോക്ടർ ബ്ലഡ്‌ പരിശോധിച്ചു ഉറപ്പിച്ചു. അവൾ ഗർഭം ധരിച്ചിരിക്കുന്നു.

അത് പറ്റില്ല… അയ്യേ ഒരു നാടൻ പട്ടിയുടെ ഭ്രൂണം തന്റെ ഹസ്കിയുടെ വയറ്റിൽ.. വേണ്ട ഡോക്ടർ… അതിനെ എടുത്തു മാറ്റണം.. ഒരു തെണ്ടിപ്പട്ടിയുടെ കുട്ടിയെ പ്രസവിക്കാൻ വേണ്ടിയാണോ ഞാൻ ഇവളെ ഇങ്ങനെ വളർത്തിയത്…

സ്കാനിംഗ് കഴിഞ്ഞു… ഭ്രൂണവളർച്ച നാലാഴ്ച്ച പിന്നിട്ടിരിക്കുന്നു… അത് എടുത്തു കളയാൻ പറ്റില്ല… ഇനി ഒരു അഞ്ചു ആഴ്ച കൂടി കഴിഞ്ഞാൽ നാലു കുട്ടികൾ ഇവൾക്ക് ജനിക്കും.

ഇത് ഇപ്പോൾ പ്രസവിച്ചോട്ടെ.. കുട്ടികളെ ആദ്യമേ മാറ്റിയാൽ മതി. ആറു മാസം കഴിഞ്ഞിട്ട് കൊണ്ട് വന്നു ജർമ്മൻ ഷേപ്പേർഡ് മായി ഇവളെ ഇണ ചേർക്കാം…

അറിയാതെ നീനയുടെ ഇടത്തെ കൈ തന്റെ അടിവയറ്റിൽ ഒന്ന് അമർന്നു… തന്നെ കൊല്ലല്ലേ എന്നുള്ള ഒരു കുഞ്ഞു ജീവന്റെ പിടച്ചിൽ, അതിന്റെ നിലവിളി അവളുടെ ചെവിക്കുള്ളിൽ മുഴങ്ങി… എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും എന്തിനു വേണ്ടിയായാലും ആദ്യ കണ്മണിയെ നഷ്ടപ്പെട്ട ഒരമ്മയുടെ നോവ് അവളിലേക്ക് അലിഞ്ഞിറങ്ങി. ഒരു ദീർഘ നിശ്വാസത്തോടെ അവൾ ചിന്തിച്ചു…. തനിക്കു സാധിക്കാത്തത് കാർലിക്ക് സാധിച്ചു.

ഗവണ്മെന്റ് സെക്രെട്ടറിയേറ്റിൽ ജോലി ചെയ്യുന്നു, വനിത സാഹിതി നടത്തിയ ചെറുകഥ മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്..