ഇലപൊഴിയുംകാലമിത്

നനവുറവകളിലേക്ക്
വിഷവാഹിനികൾ
കുതിച്ചടുക്കുന്നതോടെ
വിവശവികാരങ്ങൾ
പ്രേതങ്ങളാകും

മകരമഞ്ഞിന്റെ ശലാകകൾ
മൂടുപടം നെയ്യും

അവ
മനസ്സുകളിലെ
ശുഭ്രത മറയ്ക്കും

തിളക്കങ്ങളുടെ
പത്തരമാറ്റുരച്ച്
കാലം
ഹൃദയങ്ങളെ
തണുപ്പിൻകൂടാരങ്ങളിൽ
ഒളിപ്പിക്കും
കാലവൃക്ഷം
ഇലപൊഴിയ്ക്കും
കാലമിത്…

വെറുതെയെങ്കിലും
കാത്തിരിക്കും

ഇന്നിന്റെ ഗ്രീഷ്മത്തിലേയ്ക്ക്
ഗുൽമോഹറിതളുകളിൽ
വെയിൽച്ചീളുകൾ
ചോരത്തുള്ളികളിറ്റിക്കും
നേരമെത്താൻ

പൊടുന്നനെ
ആലിപ്പഴങ്ങൾ വീണ്
നിലം പൊള്ളാൻ

പിളർന്നുപൊട്ടുന്ന
ദാഹങ്ങളിലേക്ക്
കുളിർച്ചൊരിച്ചിലിൻ
ആരവമാകാൻ

തണുത്തുമറഞ്ഞുറങ്ങിയ
നേർവിത്തുകളെ
തട്ടിവിടർത്തി
നിഷ്ക്കളങ്കമായവ
കരയാൻ

പിന്നെ
പൂത്തിരിയായി
പൊട്ടിച്ചിരിക്കാൻ

നിമിഷങ്ങളെണ്ണുന്നു
കാലം!

മുംബെയിൽ ജനയിച്ചു വളർന്നു. ഒറ്റപ്പാലം NSS കോളേജിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദം. കേന്ദ്രീയ വിദ്യാലയങ്ങളിൽ സെക്കണ്ടറി ക്ലാസ്സുകളിൽ ഗണിതാദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. 2009 ൽ ആദ്യ കവിതാ സമാഹാരം ജ്വാല പുറത്തിറങ്ങി. ശേഷം 2015 ൽ ശരികളുടെ കൂടോത്രം (പ്ര: ഫേബിയൻ ബുക്ക്സ് ), പ്രാന്തുതുണ്ടുകളുടെ കൊളാഷ് (പ്ര: തത്വമസി), THE REFLECTION (Pub: AuthorടPress, New Delhi ) എന്നീ പുസ്തകങ്ങൾ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. 2017 ലിറങ്ങിയ രണ്ടു കവിതാ സമാഹാരങ്ങളാണ് 'ആരുമെന്ന തീണ്ടിയില്ല'(പ്ര: സൂര്യ പബ്ലിഷേഴ്സ് ), 'ചൊട്ടേം പുള്ളും (പ്ര: Authorspress). ശ്രീ എം കെ ഹരികുമാറിന്റെ 'വാൻഗോഗിന് ' എന്ന നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു. ആകാശവാണിയിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും സജീവമായി എഴുതുന്നു.