അസ്തമനസൂരൃൻ കടൽത്തിരകളിൽ
ചായം പൂശുന്നതു കാണാനേറെപ്പേ൪.
യുവമിഥുനങ്ങൾ,
അച്ഛനമ്മമാരും, കുഞ്ഞുങ്ങളും
മദ്ധ്യവയസ്കർ, ഒറ്റതിരിഞ്ഞവ൪,
വൃദ്ധദമ്പതികൾ.
ഒന്നൊന്നായെത്തും തിരകളെക്കാണുന്നു
രാപകൽ, നിലക്കാതെയുയരും
തിരകൾതൻ പാൽപ്പതയും, ആർപ്പും
അനുഭവിച്ചങ്ങിരിക്കുന്നു
പൂഴിയിൽ കാലുറപ്പിച്ചു തിരത്തഴുകലിൻ
സുഖവും, കുളിരും വീണ്ടും വീണ്ടുമറിയുന്നു.
ആഹ്ലാദിച്ചോതോ കുഞ്ഞുങ്ങൾ
പറത്തിയ പട്ടം, കാറ്റിൽ,
നടനമാടുന്നതു കാണുന്നു.
നിമിഷങ്ങളങ്ങിനെ, മനസ്സിൽ
കേവലാനന്ദം പകർന്നു പോകുന്നു,
അസ്തമന സൌന്ദര്യം നുക൪ന്നിരിക്കെ
കടലിലാഴുന്നു സൂര്യൻ,
രാവാവുന്നു, ഇനിയെന്നൊരു
തിരയുയരുന്നു
ഭൂഗോളത്തിനങ്ങേപ്പുറത്തിപ്പോൾ
പുലരിയാവുന്നെന്ന, ചിന്തയോ
ബോധപാളിയിലുണരുന്നേയില്ലാനേരം
കാറ്റിലുണങ്ങും വസ്ത്രം കുടഞ്ഞു, കുടഞ്ഞു
മണൽത്തരികളെ തെറിപ്പിച്ചു
നടന്നു നീങ്ങുന്നേവരും, നുക൪ന്നു തീർന്ന
കാഴ്ചകൾക്കു വിരാമമിടുന്നിന്നേക്കായ്