അവൾ വരികയാണ്

അടുക്കളക്കെട്ടിനുള്ളിലെ
നെടുവീർപ്പുകളെക്കത്തിച്ച്
നോവിൻച്ചട്ടിയിൽ
ഉപ്പുപാടങ്ങളിലൂടെയൊഴുകവന്ന
മിഴിനീരിൽ തളയ്ക്കപ്പെട്ട
പെണ്മനമിട്ടു കിനാച്ചോറുണ്ടാക്കി  
സ്വപ്നങ്ങളുടെ ചിറകുകളരിഞ്ഞ്
അവകാശങ്ങളെ വെട്ടിനുറുക്കി
ലക്ഷ്യങ്ങളെയരച്ചെടുത്ത്
പുഞ്ചിരി പൊടിച്ചെടുത്ത്
സ്വാതന്ത്ര്യത്തെ പിഴിഞ്ഞെടുത്ത്
പെണ്ണിലയെ തിളയ്ക്കും
വിലക്കെണ്ണയിൽ വറുത്തെടുത്തു
കറിക്കൂട്ടുമൊരുക്കി
കാത്തിരുന്ന ആ കാലത്തെ
പച്ചയ്ക്കു കത്തിച്ചാ
ചാരത്തെ നെറ്റിയിൽ പൂശി
അവൾ വരികയാണ് ….

അടിച്ചമർത്തലിനെ
കീറിയടുപ്പിൽ വെച്ചുകത്തിച്ച്
ഭയത്തെ ഔദാര്യത്തിൽ
കുഴച്ചതിനിടയ്ക്കിടക്ക്
സദാചാരത്തെയും
കപടസംസ്കാരത്തെയും
പ്രത്യാശയെന്ന പുട്ടുകുറ്റിയിൽ
വേവിച്ചെടുത്തവൾ വരുന്നുണ്ട്…

തീയിൽ കുരുത്ത്
കനലിൽ വിരിയുന്ന
അഗ്നിപൂക്കളായ്…

പഴകുന്തോറും വീര്യം കൂടുന്ന
ജീവിതമെന്ന ലഹരിയെ
വാരിപ്പുണരുവാനായ്  
മാനാഭിമാനങ്ങൾ
അടിയറവെയ്ക്കാതെ
മഴവില്ലിൻ നിറം
മനസ്സിൽ ചുമന്നവൾ
വരികയാണ്….

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സ്വദേശിനി. ഇപ്പോൾ കുടുംബത്തോടൊപ്പം ബാംഗളൂരിൽ താമസം. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.