ചിതലരിച്ചുതുടങ്ങിയ മച്ചിൽ വല കെട്ടിക്കൊണ്ടിരിക്കുന്ന ചിലന്തിയെ കണ്ണെടുക്കാതെ അവൾ ശ്രദ്ധിച്ചു.
എന്തൊരു സൂക്ഷ്മതയോട് കൂടിയാണത് വല നെയ്യുന്നത്.. ഒരു പ്രത്യേക താളം, അതിനോടൊത്തുള്ള ചലനം!! ഒരു ചുവട് പോലും പിഴക്കുന്നില്ല.
തന്റെ ജീവിതവും ഇങ്ങനെ ചുവടു പിഴക്കാതെ, ഇഴ പൊട്ടാതെ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ ആയിരുന്നു.
അനാഥത്വത്തിന്റെ പടുകുഴിയിൽ നിന്ന് കൈ പിടിച്ച് കൂടെ കൂട്ടാൻ, ലോകത്തിനോട് മുഴുവൻ യുദ്ധം ചെയ്ത തന്റെ ‘പ്രാണൻ’.
പൂവിട്ടുനിൽക്കുന്ന ഗുൽമോഹർ നിരകളുടെയും, കുങ്കുമ ചുവപ്പു നിറത്തിന്റെയും അകമ്പടിയോടെ അല്ലാതെ ഒന്നും ഓർക്കാൻ കഴിയില്ല.
മഠത്തിലെ സുപ്പീരിയർ സിസ്റ്റർക്ക് താനെന്നും പ്രിയപ്പെട്ടവൾ ആയിരുന്നു. പിറവി തന്നവർക്ക് ബാധ്യത ആയപ്പോൾ ഉപേക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലേക്ക്, ജനിച്ചു മണിക്കൂറുകൾക്കുള്ളിൽ എത്തിപ്പെട്ടപ്പോഴും, പിന്നീടങ്ങോട്ടും മുന്നിലുള്ള ലോകത്തെ പേടിച്ചില്ല.
എല്ലാം എഴുതപ്പെട്ടിരുന്നിരിക്കണം.
നിഷേധിക്കപ്പെട്ട സ്നേഹവും, സംരക്ഷണവും അവൾ ആസ്വദിച്ച് തുടങ്ങിയത് ഹരിയെ പരിചയപ്പെട്ട മുതലാണ്. കോളേജ് ഗേറ്റ് മുതൽ നീണ്ട് കിടക്കുന്ന നടപ്പാതയും, ഇരു വശവും പന്തലിച്ചു നിൽക്കുന്ന ഗുൽമോഹർ കൂട്ടങ്ങളും അവരുടെ പ്രണയത്തിന് മൂക സാക്ഷികളായിരുന്നു.
ഹരിയില്ലാതെ ലക്ഷ്മിയേയും, ലക്ഷ്മിയില്ലാതെ ഹരിയെയും കാണാൻ കഴിയുമായിരുന്നില്ല.
ജീവിതയാത്രയിൽ കൂട്ടായി വരുമോ എന്ന് ഹരി ലക്ഷ്മിയോട് ചോദിച്ചതും, പൂത്തു നിൽക്കുന്ന ഗുൽമോഹറിന് ചുവട്ടിൽ നിന്നായിരുന്നു. ഹരിക്ക് മുൻപിൽ അന്തംവിട്ട് ഉത്തരമില്ലാതെ നിന്ന ലക്ഷ്മി ഒരു നിമിഷത്തേക്ക് ലോകത്തിന്റെ നെറുകയിൽ എത്തി. ആകാശം തൊട്ട് പറക്കാൻ തനിക്ക് ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതേ ആഗ്രഹിച്ചു. ആ നിമിഷങ്ങളിൽ അവർക്കിടയിലുണ്ടായ മൗനം, ലക്ഷ്മിക്കുവേണ്ടി നൂറുവട്ടം സമ്മതം മൂളി.
സ്വപ്നം കാണുന്ന പോലെ എളുപ്പമായിരുന്നില്ല തുടക്കം. ഒരുപാട് എതിർപ്പുകൾക്ക് മുൻപിൽ, ലക്ഷ്മിക്ക് വേണ്ടി ഹരി സ്വന്തവും, ബന്ധങ്ങളും വേണ്ട എന്ന് വച്ചു. അവിടുന്നങ്ങോട്ട് ജയിക്കാനുള്ള യുദ്ധമായിരുന്നു. വിഷമങ്ങളും, പ്രതിസന്ധികളും അവരെ രണ്ടുപേരെയും തളർത്തിയില്ല. സ്നേഹത്തിന്റെ പുറം തോടിനകത്തിരുന്ന് അവർ ഒന്നൊന്നായി നേടിക്കൊണ്ടിരുന്നു.
ജീവിതം ജയിക്കാൻ മാത്രമുള്ളതാണെന്ന് തോന്നിപ്പിച്ച നാളുകൾ. പഠിച്ച കോളേജിൽ തന്നെ ഹരിയും, ലക്ഷ്മിയും അധ്യാപകരായി. ഗുൽമോഹർ തണൽ ആസ്വദിക്കാൻ വേണ്ടി മാത്രം എന്നും കോളേജ് ഗെയ്റ്റിൽ വണ്ടി നിർത്തി അവർ രണ്ട് പേരും ചേർന്ന് നടന്നു. ചിതറി കിടന്ന പൂക്കൾക്ക് പോലും അസൂയ തോന്നിപ്പോയ പ്രണയം.
തനിക്കരുകിൽ എന്തിനും ഏതിനും ഉത്തരമായി പാറ പോലെ ഉറച്ചു നിന്നിരുന്ന തണൽ മരം തളർന്നു പോയപ്പോഴാണ് ലക്ഷ്മി ആദ്യമായി ജീവിതത്തിനു മുന്നിൽ പകച്ച് നിന്നത്.
അന്ന് ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഹരി വരുന്നതും കാത്ത് നിൽക്കുകയായിരുന്നു ലക്ഷ്മി. പടികൾ ഇറങ്ങി വരുന്ന ഹരിയെ കണ്ടതും അവൾ കൈ വീശി. തിരിച്ചു കൈ ഉയർത്താൻ ശ്രമിച്ച ഹരി പെട്ടന്നാണ് കുഴഞ്ഞു വീണത്. കണ്മുൻപിൽ സംഭവിക്കുന്നത് എന്തെന്നറിയുന്നതിന് മുൻപേ, ലക്ഷ്മി ഓടിയെത്തി ഹരിയെ താങ്ങി മടിയിലേക്ക് കിടത്തി.
പിന്നെയെല്ലാം നിമിഷനേരങ്ങൾക്കുള്ളിൽ ആയിരുന്നു. ഹരിയെ പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു. “ഡോക്ടർക്ക് ലക്ഷ്മിയോട് സംസാരിക്കണം എന്ന് പറയുന്നു” ഹരിയുടെ അടുത്ത സുഹൃത്തായ അരവിന്ദൻ സാറിന്റെ ശബ്ദം കേട്ടപ്പോഴാണ് ലക്ഷ്മിക്ക് സ്ഥലകാലബോധം ഉണ്ടായത്.
“ലക്ഷ്മി പേടിക്കേണ്ട.. ഞാൻ കൂടെ വരാം.“ പരിഭ്രമവും, സങ്കടവും മുഖത്ത് നിന്നും വായിച്ചിട്ടാവണം, അരവിന്ദൻ സർ അവളോട് പറഞ്ഞു.
“സീ മിസ്സിസ് ഹരി.., സ്റ്റേ കാം.. യു ഹാവ് ടു ബി ബോൾഡ് ഹിയർ.. ഐ നോ യു ആർ യങ് ആൻഡ് എഡ്യൂക്കേറ്റഡ്. പ്ലീസ് ട്രൈ ടു അണ്ടർസ്റ്റാൻഡ് വാട്ട് അയാം ടെല്ലിങ്.. ഇവിടെ നമുക്ക് റിയാലിറ്റി ഫേസ് ചെയ്തേ മതിയാകൂ..” തളർന്നിരുന്നിരുന്ന ലക്ഷ്മിയോട് ഡോക്ടർ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
പിന്നീടങ്ങോട്ട് ഡോക്ടർ പറഞ്ഞതൊന്നും അവൾക്ക് ഉൾക്കൊള്ളാൻ പറ്റാത്തതായിരുന്നു. നിന്നിടത്ത് ഭൂമി പിളർന്ന് താഴോട്ട് പോകുന്നത് പോലെ.
—————————-
രണ്ട് മാസങ്ങൾക്ക് ശേഷം, വീൽ ചെയറിൽ ഹരിയെ ഇരുത്തി, മെഡിക്കൽ റിപ്പോർട്ടുകളുടെ ഒരു വലിയ ഫയലും ചേർത്ത് പിടിച്ച് ലക്ഷ്മി ഡോക്ടർ റൂമിന് മുൻപിൽ കാത്തു നിന്നു. അകത്തു വരാൻ ഉള്ള വിളി വന്നപ്പോൾ, അവൾ ഹരിയുടെ ചെയർ പതുക്കെ തള്ളി അകത്തു കയറി ..
“പോവാൻ റെഡി ആയല്ലോ..? “ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു..
ആ ചോദ്യം കേട്ടപ്പോൾ ലക്ഷ്മി ഹരിയെ ശ്രദ്ധിച്ചു. പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെ, കൈകൾ പിണച്ച് നെഞ്ചോട് ചേർത്ത് വച്ച്, കോടിയ ചുണ്ടുകളിൽ പുഞ്ചിരി വരുത്താൻ ശ്രമിക്കുന്നു.
“ഹരീ.. രണ്ടു മാസത്തിൽ നല്ല ഇമ്മ്‌പ്രൂവ്മെന്റ് വന്നിട്ടുണ്ട്.. റിവ്യൂസ് ഒന്നും തെറ്റിക്കരുത്. ലക്ഷ്മി.., യു ടേക് കെയർ..സീ യു ഓൺ ദ നെക്സ്റ്റ് റിവ്യൂ ഡേറ്റ്.
ഡോക്ടറോട് നന്ദി പറഞ്ഞ് ഇറങ്ങി, കാർ പാർക്കിലേക്ക് നടക്കുമ്പോൾ ലക്ഷ്മിയുടെ മുന്നിൽ ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ വന്നുകൊണ്ടേയിരുന്നു. നനുത്ത കൈയുടെ സ്പർശം അറിഞ്ഞപ്പോൾ ലക്ഷ്മി ഹരിയെ നോക്കി. ഇടതു കൈ വളരെ ബുദ്ധിമുട്ടി തന്റെ കൈ പിടിയിലേക്ക് വയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. സ്റ്റോപ്പർ ഇട്ട് ചെയർ നിർത്തി ലക്ഷ്മി ഹരിയുടെ മുന്നിലേക്ക് വന്നു
“എന്ത് പറ്റീ ഹരീ..?” തല താഴ്ത്തി ഇരുന്നിരുന്ന ഹരി പതുക്കെ കണ്ണുകൾ ഉയർത്തി ലക്ഷ്മിയെ നോക്കി. ഹരിയുടെ കണ്ണുകളിൽ നിന്നും അത് വരെ പിടിച്ചു വച്ചിരുന്ന കണ്ണുനീര് അണപൊട്ടി ഒഴുകിത്തുടങ്ങിയിരുന്നു.
അത് കണ്ട് അവൾ ഒരു നിമിഷം തളർന്നു പോയി. എവിടെ നിന്നോ ഒരു ഉൾവിളി കേട്ട പോലെ പെട്ടന്ന് അവൾ ഹരിയുടെ മുഖം പിടിച്ച് ഉയർത്തി പറഞ്ഞു.
“ആണുങ്ങള് കരയാൻ പാടില്ല്യാന്ന് ഹരിക്കുട്ടന് അറിയില്ലേ?, അതും ഇങ്ങനെ പരസ്യമായിട്ട്..” സാരിത്തലപ്പെടുത്ത് ഹരിയുടെ കണ്ണുകൾ തുടക്കുമ്പോൾ തന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വരാൻ തിരക്ക് കൂട്ടുന്ന വിതുമ്പലിനെ ഒരു ദീർഘ നിശ്വാസത്തിന്റെ ബലത്തിൽ പിടിച്ച് നിർത്തി അവൾ. ഇനി തളരാൻ ഹരിയുടെ മനസ്സിനെ അനുവദിക്കരുത്. അവൾ എന്തൊക്കെയോ മനസ്സിലുറപ്പിച്ച് ഹരിയോട് പറഞ്ഞു..
“ഹരീ.. വിഷമിക്കേണ്ട., ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ ഉണ്ട് കൂടെ.”
“ലച്ചൂ.. എനിക്ക് നിന്നെ ഓർത്താണ് വിഷമം.. “ഹരി വാക്കുകൾ അവ്യക്തമായാണ് പറഞ്ഞതെങ്കിലും, ലക്ഷ്മിക്ക് അത് വ്യക്തമായി.
“അതിന് ഹരി എന്റെ കൂടെത്തന്നെ ഉണ്ടല്ലോ.. നമ്മൾ ഒരുമിച്ചാണെങ്കിൽ ഏത് യുദ്ധവും ജയിക്കാം എന്ന് ഇടയ്ക്കിടക്ക് പറയുന്ന ആള് തന്നെ ആണോ ഇത്..?”
“എന്നെക്കൊണ്ടിനി എന്തിന് കൊള്ളാം ലച്ചൂ.. നിന്നെ ബുദ്ധിമുട്ടിക്കാനല്ലാതെ.”
“എടുത്താൽ പൊങ്ങാത്ത കാര്യങ്ങളെപ്പറ്റി ഒന്നും ഹരി സാറ് ഇപ്പൊ ആലോചിക്കണ്ട..” ഹരിയുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടി ഒതുക്കിക്കൊണ്ട് ലക്ഷ്മി പറഞ്ഞു..
“നമുക്ക് ഇപ്പൊ കാറിൽ കയറാനുള്ള വഴി നോക്കാം ല്ലേ..” അവൾ വീണ്ടും വീൽചെയർ നീക്കി തുടങ്ങി.
കാറിനടുത്ത് ചിരിച്ച മുഖവുമായി അരവിന്ദൻ സാറ്… അവരെ കണ്ടതും ഡോർ തുറന്നു ഹരിയോട് പറഞ്ഞു. “എന്നാൽ പിന്നെ നമുക്ക് പോവാം ല്ലേ ഹരീ..? “ഹരിയെ എടുത്ത് കാറിലേക്കിരുത്താൻ സഹായിച്ച്, അവരെ വീട്ടിൽ എത്തിച്ചു അദ്ദേഹം.
———————–
വീട്ടിൽ ലക്ഷ്മിക്ക് സഹായത്തിനായി അടുത്ത് തന്നെ ഉള്ള ഒരു സ്ത്രീയെ ഏർപ്പാടാക്കിയിരുന്നു അരവിന്ദൻ. ഹരിയുടെ കാര്യങ്ങൾക്ക് സഹായത്തിനായി ആ സ്ത്രീയുടെ തന്നെ ഭർത്താവിനെ വിളിക്കാം എന്ന് ലക്ഷ്മിയോട് പറഞ്ഞപ്പോൾ, അത് വേണ്ടെന്ന് വിലക്കിയത് ലക്ഷ്മി തന്നെയാണ്.
“അരവിന്ദേട്ടാ.. ഞാൻ ഉള്ളപ്പോൾ വേറെ ആരും വേണ്ട.. ഇനി ഞാൻ ജോലിക്ക് പോയി തുടങ്ങുമ്പോൾ ആവശ്യമെങ്കിൽ നമുക്ക് അവരോട് പറയാം.”. ഇതായിരുന്നു മറുപടി.
ഇനിയുള്ള യാത്രയിൽ കപ്പിത്താൻ ആകേണ്ടത് താനാണെന്ന് ഇതിനകം ലക്ഷ്മി സ്വന്തം മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തിയിരുന്നു. ജീവിതം താളം തെറ്റാതെ മുൻപിലേക്ക് കൊണ്ട് പോവാനുള്ള ഉത്തരവാദിത്ത്വവും തന്നിൽ മാത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞു.
അന്ന് മുതൽ ഹരിയെ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ ശുശ്രൂഷിച്ചു.
ലച്ചൂ.. നിനക്കൊരു കുഞ്ഞിനെ തരാൻ പോലും എനിക്ക് കഴിഞ്ഞില്ലലോ”…എന്നുള്ള ഹരിയുടെ സങ്കട വാക്കുകൾക്ക് മറുപടിയായി, “ ഞാനെന്റെ കുഞ്ഞിനെയല്ലേ ഇപ്പോൾ സ്നേഹിച്ചുകൊണ്ടിരിക്കുന്നത്, ഈ ജന്മം മുഴുവൻ മതിയാകില്ലായിരിക്കാം ഹരീ നമുക്ക് സ്‌നേഹിച്ചു തീർക്കാൻ.., ഇതിനിടയിൽ ഒരാൾ വന്നാൽ പങ്കിടാൻ സ്നേഹം തികയാതെ വന്നാലോ എന്ന് ഈശ്വരൻ മുൻകൂട്ടി കണ്ടിട്ടുണ്ടാവും..”എന്ന് ഹരിയെ അവൾ ആശ്വസിപ്പിച്ചു.
ലക്ഷ്‌മി ജീവിതവെല്ലുവിളികളെയെല്ലാം ആസ്വദിച്ച് തുടങ്ങിയിരുന്നു. മനസ്സ് വീർപ്പുമുട്ടി, വിഷമിച്ചിരുന്ന ഹരിയെ വീണ്ടും പുസ്തകങ്ങളുടെയും വായനയുടെയും സംഗീതത്തിന്റെയും ലോകത്തേയ്ക്ക് അവൾ തിരിച്ച് കൊണ്ടുവന്നു. ഹരിയുടെ പ്രിയപ്പെട്ട കൂട്ടുകാരും, വിദ്യാർത്ഥികളും കൂടിച്ചേരുന്ന സാഹിത്യ സദസ്സ് വീട്ടിൽ ഒരു പതിവായി. ഒരു നിമിഷം പോലും തനിച്ചിരിക്കാൻ ഹരിയെ അവൾ സമ്മതിച്ചില്ല..
പരസ്പരം അറിഞ്ഞും, സ്നേഹിച്ചും അങ്ങനെ കുറേ നാളുകൾ..
—————————–
അന്ന്, ഗുൽമോഹർ പൂത്ത് നിൽക്കുന്ന നടവഴിയിലൂടെ വീണ്ടും ലച്ചുവുമൊന്നിച്ച് നടക്കാനുള്ള ആഗ്രഹം ഹരി പറഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് അവളായിരുന്നു.
അന്നവർ വീണ്ടും ഒരുമിച്ച് കോളേജിലേക്ക് പോയി. നടവഴിയിലൂടെ ഹരിയുടെ വീൽചെയറിനോട് ചേർന്ന് നടക്കുമ്പോൾ ലക്ഷ്മിയുടെ ഓർമ്മകൾക്ക് നിറവും ചിറകും വയ്ച്ചിരുന്നു.
“ലച്ചൂ…, ഹരിയുടെ വിളി കേട്ടാണ് ഓർമകളിൽ നിന്നും ലക്ഷ്മി ഉണർന്നത്.. “താൻ ശ്രദ്ധിച്ചിട്ടുണ്ടോ..? ഈ മരങ്ങൾക്ക് ഇത്രയും ഭംഗി നൽകുന്ന ഗുൽമോഹർ പൂക്കളെ .. ഇവയെല്ലാം പൊഴിഞ്ഞു പോയാൽ ക്ഷയിച്ചു പോകുന്ന ഈ മരങ്ങളുടെ അവസ്ഥയെ പറ്റി ആലോചിച്ച് നോക്കിയിട്ടുണ്ടോ..? ആർക്കും വേണ്ടാത്ത പാഴ്ത്തടികൾ..” ഒന്ന് നിർത്തി, ഹരി ലക്ഷ്മിയെ നോക്കി. ആ കണ്ണുകളിലെ നിരാശയുടെ നിഴൽ ലക്ഷ്മി തിരിച്ചറിഞ്ഞു.
“ലച്ചൂ എന്റെ ചില്ലകളിൽ പടർന്നു നിൽക്കുന്ന, എനിക്ക് നിറം തരുന്ന പൂവാണ് നീ… നീയില്ലെങ്കിൽ ഞാനെങ്ങനെ …??” ഹരി പറഞ്ഞു തീർക്കാതെ നിർത്തി.
ഒരു ജന്മം മുഴുവൻ ഹരിയെ സ്നേഹിച്ചുകൊണ്ടിരിക്കാൻ ആ വാക്കുകൾ മാത്രം മതിയായിരുന്നു ലക്ഷ്മിക്ക്..
ഇല്ല..തന്റെ തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ല.. അവൾക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. അനുവാദം ചോദിക്കാതെ കണ്ണിൽനിന്നും തുളുമ്പിയ കണ്ണുനീരിനെ മറക്കാൻ പാടുപെട്ട് ലക്ഷ്മി ഹരിയോട് പറഞ്ഞു..
“ഉവ്വ്..എനിക്കറിയാം.. ഇവിടെ വരുമ്പോൾ ഹരിയെന്നും എന്നോടിഷ്ടം പറഞ്ഞ ആ പഴയ കാമുകനാവും എന്ന്. പൊഴിഞ്ഞു പോവാൻ അല്ലല്ലോ… എന്നും ചേർന്നിരിക്കാൻ മാത്രമല്ലേ ഞാൻ ആഗ്രഹിച്ചത്.. ഹരിക്ക് അറിയോ.. എന്റെ ജീവിതലക്ഷ്യം തന്നെ അതാണെന്ന് എനിക്കുറപ്പുണ്ട്.” നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു.
ഹരിയുടെ മുൻപിൽ മുട്ട് കുത്തി,ആ കൈകൾ രണ്ടും തന്റെ മുഖത്തേക്ക് ചേർത്ത് വച്ച് ലക്ഷ്മി കണ്ണുകളടച്ചു. ഹരിയുടെ കണ്ണുനീരിന്റെ ചൂട് ലക്ഷ്മി തന്റെ നെറ്റിയിൽ അറിഞ്ഞു.
അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്ത് ഹരി പതിയെ കണ്ണുകളടച്ചു. ആ നിമിഷങ്ങൾ,ലക്ഷ്മിയെ സുരക്ഷിതത്വത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോയി. തന്റെ ലോകം ഹരി മാത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞു.
ആ സായാഹ്നം അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു.
ഹരിയുടെ കൈകൾ തന്റെ കവിൾ തടങ്ങൾ തഴുകിയെന്നപോലെ ഊർന്നു പോകുന്നത് അവളറിഞ്ഞു. കണ്ണുകൾ തുറന്ന ലക്ഷ്മി കണ്ടത് തന്റെ നെഞ്ചിലേക്ക് തളർന്നു വീഴുന്ന ഹരിയെയാണ്.
ദൂരെ അസ്തമയ സൂര്യൻ വലിയ കുങ്കുമപ്പൊട്ടായി മറഞ്ഞു പോകാൻ ധൃതിപ്പെടുന്നു. തന്റെ സീമന്ത രേഖയിലെ സിന്ദൂരച്ചുവപ്പുകൂടി കവർന്നെടുത്താണ് അത് പോകുന്നതെന്ന് ലക്ഷ്‌മി അറിഞ്ഞില്ല.
അപ്പോഴും മൂകസാക്ഷികളായി പൊഴിഞ്ഞു വീഴുന്ന ഗുൽമോഹർ പൂക്കൾ മാത്രം.
———————————–
ഹരിയുടെ പ്രിയപ്പെട്ട ഗ്രാമഫോണിൽ, പതിഞ്ഞ സ്വരത്തിൽ മുഹമ്മദ് റാഫിയുടെ ഈണങ്ങൾ.. ലഷ്മിക്ക് കൂട്ടായി ഇനിയുള്ളത് ഹരിയുടെ ഓർമകൾ മാത്രം.
മരിക്കുന്നതിന് തൊട്ട് മുൻപ് ഹരി പറഞ്ഞ വാക്കുകൾ ലക്ഷ്മിയുടെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു. “ലച്ചൂ.. നീ ഒറ്റക്കായി പോകരുത്.” ഹരിക്കെന്നും ആധി എന്നെക്കുറിച്ചോർത്തു മാത്രമായിരുന്നു.
ഫോൺ ബെല്ലടിക്കുന്ന ശബ്ദം ലക്ഷ്മിയെ ഓർമകളിൽ നിന്നും ഉണർത്തി.
അവൾ പ്രതീക്ഷിച്ചിരുന്ന പോലെ, മഠത്തിൽ നിന്നുള്ള വിളിയാണ്. ഫോണിന് മറുതലക്കൽ ശബ്ദം. “ലക്ഷ്‌മി ടീച്ചർ അല്ലെ? മദർ സുപ്പീരിയറിനു സംസാരിക്കാൻ വേണ്ടിയാണ് വിളിച്ചത്.”
ലച്ചു മുഖത്തെ കണ്ണട ശരിയാക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.. “അതേ, ലക്ഷ്മി തന്നെ.. “പറഞ്ഞു തീരുന്നതിന് മുൻപ് അപ്പുറത്ത് മദറിന്റെ ശബ്ദം.. “ലക്ഷ്മീ..കുട്ടീടെ വിവരങ്ങൾ ഒന്നും അറിഞ്ഞില്ല. ഇവിടെ വന്ന് പോയിട്ട് കുറച്ചധികം ആയി.. ഹരിയുടെ കാര്യങ്ങൾ ഇവിടെ പറഞ്ഞ് അറിഞ്ഞു. മോളെ വന്ന് കാണണം എന്ന് മനസ്സ് ഒരുപാട് ആഗ്രഹിച്ചിരുന്നു.. എന്ത് ചെയ്യാം അനാരോഗ്യം.. ശരീരം അതിന് സമ്മതിച്ചില്ല..” ഒരു ദീർഘ നിശ്വാസത്തിന് ശേഷം മദർ നിശ്ശബ്ദയായി.
എനിക്കറിയാം മദർ.. ഞാൻ ഈ വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഞാൻ ഹരിയെക്കൂട്ടി മഠത്തിലേക്കു വന്നത് ആളുടെ നിർബന്ധത്തിലാണ്. എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു ഹരി. ഞാൻ ഒറ്റക്കായിപ്പോകും എന്നുള്ള ആധി ആയിരുന്നു അവസാന നിമിഷം വരെ.
ഉള്ളിൽ പിടഞ്ഞുകൊണ്ടിരിക്കുന്ന ഗദ്ഗദങ്ങൾ ഒരു വലിയ തിരമാല കണക്കെ തനിക്ക് നേരെ ആഞ്ഞടിക്കാൻ തയ്യാറെടുക്കുന്നത് ലക്ഷ്മി അറിഞ്ഞു.
അവൾ തേങ്ങൽ ഉള്ളിലൊതുക്കി പറഞ്ഞു.. “ഞാൻ വരാം മദർ. എവിടെ നിന്ന് തുടങ്ങിയോ.. അവിടേക്ക് തന്നെ.. അതിന് മുൻപ് എനിക്കിത്തിരി സാവകാശം വേണം. ഹരിയുടെഓർമകളുടെ തടവറയിലാണ് ഞാൻ.. ഉറങ്ങി എണീറ്റപ്പോൾ മാഞ്ഞു പോയ സ്വപ്നം പോലെയാണ് എന്റെ ജീവിതം എന്ന് ഉൾക്കൊള്ളുവാനുള്ള സാവകാശം മാത്രം.”
എത്രയും പെട്ടന്ന് വരാം എന്ന് മദറിന് ഉറപ്പ് കൊടുത്ത് ഫോൺ വയ്ക്കുമ്പോൾ, ലക്ഷ്മി ഹരിക്ക് കൊടുത്ത വാക്ക് ഓർത്തു..
ഒരു മടങ്ങിപ്പോക്ക്..
ലക്ഷ്മി കണ്ണുകളടച്ചു..
“തേരെ… മേരെ… സപ്‌നേ അബ് ഏക് രംഗ് ഹേ..ഹോ ജഹാ ഭി ലേ ജായേ രഹേ ഹം സംഗ് ഹേ.. “
ഗ്രാമഫോണിന് അരികിലിരുന്ന് റാഫിയുടെ ഈണത്തിനൊപ്പം മൂളുന്ന ഹരി.. ആ മുഖം ആദ്യമായ് കാണുന്ന കൗതുകത്തോടെ അരികിൽ അവളും..