ഉൾത്താപം

ഹൃദയത്തിന്റെ സ്‌ഫടിക
പ്രതിധ്വനികളെ
നക്ഷത്രങ്ങളുമായി കൂട്ടിത്തുന്നുവാൻ
ഈ പുലർവേളയിൽ
വിരിപ്പിനടിയിൽ ഞാനില്ലേയെന്നു
തപ്പിനോക്കുകയാണ്..

മരുഭൂമിയിലലിഞ്ഞുപോയൊരു
നിലവിളിപോലെ,
കൊടുങ്കാറ്റുകടത്തിക്കൊണ്ട്
പോയ സ്വപ്‌നങ്ങൾ പോലെ
കല്ലിനെയും കടത്തിവെട്ടുന്ന
തണുത്തുറഞ്ഞ വിലാപങ്ങൾ;
കടുത്തതും ഉറച്ചതും
വരണ്ടതും നി്ശ്ച്ചേതനവുമായവ.

അദൃശ്യങ്ങളായ വിലാപങ്ങൾ

മേഘങ്ങൾ മൂകരായി
ചന്ദ്രന് കുറുകെ കടന്നു
പോകുന്നതും നോക്കി,
ഉന്മത്തമായ ഒരു വിക്ഷോഭത്തിന്റെ
സുതാര്യമായ വിസ്മയം പോലെ,
ഈ മൗനവിലാപങ്ങൾ
പ്രതിധ്വനികൾ സൃഷ്ടിക്കുന്നു.

തേങ്ങലുകൾക്കിടയിലെ
വറ്റിപ്പോയ
ആഴനീർച്ചാലുകളിലൂടെ
നടന്നും,
വിഷാദങ്ങളുടെ പരുക്കൻ
തടികളിൽ ചാരിയിരുന്നും,
നിശബ്ദതകളുടെ കൊടുംചൂടിൽ
അകം മുഴുവൻ
കത്തിക്കരിഞ്ഞുംകൊണ്ട്
സ്വപ്‌നങ്ങളോടൊപ്പം
സൂര്യനെയും എടുത്തണിയുവാൻ
ഈ പുലർവേളയിൽ
വിരിപ്പിനടിയിൽ ഞാനില്ലേയെന്നു
തപ്പിനോക്കുകയാണ് ഞാനിന്ന്.

തിരവനന്തപുരം വട്ടിയൂർക്കാവിൽ താമസിക്കുന്നു. സർക്കാർ സ്കൂൾ അദ്ധ്യാപികയാണ്. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.