മടക്കം(നോവല്‍)

 
നോവല്‍ രചനയിലെ വൈവിധ്യങ്ങള്‍ ആണ് എപ്പോഴും വായനക്കാരെ കൂടെ നടക്കാനും തിരഞ്ഞു വായിക്കാനും പ്രേരിപ്പിക്കുക. എല്ലാ എഴുത്തുകളും നല്ലതാകണം എന്നില്ല. എങ്കില്‍പ്പോലും ചില വായനകള്‍ തുടരെത്തുടരെ ആ എഴുത്തുകാരെ തിരഞ്ഞുപിടിച്ചു വായിക്കാന്‍ പ്രേരിപ്പിക്കുകയുണ്ടാകും. ചരിത്രവും, ജീവിതവും, രാഷ്ട്രീയവും, സംസ്കാരവും ഇഴകലര്‍ന്ന ഒരു വലിയ ലോകമാണ് ശ്രദ്ധിക്കപ്പെടുന്ന പല നല്ല നോവലുകളും. ടി ഡി രാമകൃഷ്ണന്റെ നോവലുകളില്‍ കാണുന്നത് പോലെ ഭാവനാത്മകമായ ഒരു ലോകമാകില്ല എസ് ഹരീഷിന് നല്‍കാനുണ്ടാവുക. സേതുമാധവന്‍ പാണ്ഡവപുരത്തില്‍ പകര്‍ന്നിടുന്ന ലോകവും ആനന്ദ് പകര്‍ന്നു തരുന്ന ലോകവും രണ്ടാണല്ലോ. പക്ഷേ ഇവയൊക്കെയും വായനയിലൂടെ നമുക്ക് സുപരിചിതമാകുന്നത് ആ വിഷയത്തോടുള്ള, ഭൂമികയുടെ ചേര്‍ന്ന് നില്‍പ്പാകുന്നു. ശാന്താ തുളസീധരന്റെ പുസ്തകങ്ങളുടെ പ്രത്യേകത അതിലെ വിഷയങ്ങളോടുള്ള സമീപനത്തിലെ വൈവിദ്ധ്യമാണ്. ചിലപ്പോള്‍ മരുഭൂമിയുടെ കാഴ്ചകളാണെങ്കില്‍ ചിലപ്പോള്‍ ആദിവാസി സമൂഹത്തിന്റെ ജീവിതമാകും. ചിലപ്പോള്‍ അത് തുറന്ന ജയിലിന്റെ ഉള്ളില്‍ കറങ്ങിത്തിരിഞ്ഞു തിരിച്ചു വരുന്നത് കാണാം. അതല്ലെങ്കില്‍ പുരാണങ്ങളിലെ സ്ത്രീകളുടെ ആത്മാവു തേടിയുള്ള യാത്രയാകാം. വിഷയം എന്തു തന്നെയായാലും ഈ എഴുത്തുകാരിയുടെ പുസ്തകങ്ങളില്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു പൊതുവായ ഘടകം എന്താണ് എന്നു പരിശോധിച്ചാല്‍ പ്രകൃതിയും സംസ്കാരവുമായുള്ള അഭേദ്യമായ ബന്ധവും പരിസ്ഥിതിയോടുള്ള അകമഴിഞ്ഞ അനുകമ്പയും പ്രണയവും ആണെന്ന് കാണാം.  ഭൂമിക മാറുമ്പോഴും കാഴ്ചപ്പാടുകള്‍  മാറുന്നില്ല എന്നതാണു അതിലെ പ്രത്യേകതയും. വായനക്കാരന് അജ്ഞാതമായ ഒരിടം പോലും അവന് പരിചിതമാകുന്ന രീതിയില്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ കഴിയുന്നത് ഒരധ്യാപിക എന്ന അനുഭവപരിചയത്തില്‍ നിന്നുമാകാം.

മടക്കം എന്ന ഈ  നോവലില്‍ പ്രധാനമായും എന്താണ് എഴുത്തുകാരി പറയാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നു നോക്കിയാല്‍, ഈ വിഷയം വളരെ നന്നായി മനസ്സിലാക്കാൻ കഴിയും എന്നു കരുതുന്നു. പാലക്കാടന്‍ ജീവിതത്തിന്റെ ചിത്രമാണ് ഈ നോവലിന് പശ്ചാത്തലം ആകുന്നത്. പാലക്കാടിന്റെ നെൽ കൃഷി സംസ്കാരത്തെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടി വരുന്ന ശിവകുമാര്‍ എന്ന എഴുത്തുകാരനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അയാളുടെ കാഴ്ചയിലൂടെ, ചിന്തകളിലൂടെ, സഹയാത്രികരിലൂടെ പാലക്കാടിന്റെ സംസ്കാരവും സമൂഹവും അനാവൃതമാകുന്നു. വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ ആയി മാറി നില്‍ക്കുന്ന മനുഷ്യരും അവരുടെ അസ്തിത്വവും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക കൂടിയാണ്. പ്രകൃതിയെ എങ്ങനെ സംരക്ഷിച്ചു പിടിക്കണം എന്നുള്ള പാഠം പറഞ്ഞു തരുന്നു. ജൈവ കൃഷി രീതികളും, നദീ സംരക്ഷണവും, മണ്ണില്‍ പണിയെടുക്കുന്നവന്റെ അഭിമാനവും അന്തസ്സും ഉയര്‍ത്തിക്കാട്ടുന്നു. ജീവിതത്തിന്റെ  മധുരതരമായ  ഭാവഭേദങ്ങളെ അവതരിപ്പിച്ചു കാട്ടുന്നു. കുടുംബബന്ധങ്ങളിൽ  പട്ടണം, ഗ്രാമം, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളുടെ സാന്നിധ്യവും അഭാവവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും വരച്ചിടുന്നു. സ്വതന്ത്രവും, വ്യക്തിത്വവുമുള്ള സ്ത്രീകളുടെ ആത്മധൈര്യവും പ്രതിരോധങ്ങളും കാട്ടിത്തരുന്നു. മതവും ജാതിയും വര്‍ഗവും അല്ല മനുഷ്യരുടെ ജീവിതത്തിനാവശ്യം എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം നോവലിനെ പിടിച്ചു നിര്‍ത്തുന്ന ഊര്‍ജ്ജദായികയായ ഒരു മനോഹര പ്രണയവും അടിയൊഴുകുന്നുണ്ട്. ഓരോ മനുഷ്യനും തന്റെ ജീവിതം കൊണ്ട് എന്താണ് സഹജീവികള്‍ക്ക് നല്കേണ്ടത് എന്നൊരു സൂചന പോലെ ചില ജീവിതങ്ങളെ വരച്ചിടുമ്പോള്‍ ആധുനിക ലോകത്ത് സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്ന മനുഷ്യരുടെ കേവലത വെളിവാക്കാന്‍ എഴുത്തുകാരി ശ്രദ്ധിക്കുന്നു. ചിട്ടയായ ശ്രമങ്ങള്‍ കൊണ്ട് ഒരു നല്ല ആരോഗ്യദായകമായ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നത് എങ്ങനെ എന്നു സൂചിപ്പിക്കുന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്  ഒരു സമൂഹത്തെ ഉണര്‍ത്തിയെടുക്കാന്‍ ആദ്യം വേണ്ടത് ആ സമൂഹത്തിലെ കുട്ടികളെ ബോധവത്കരിക്കുക എന്നതാണു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുക എന്നതാണതിനുള്ള ഏക പോംവഴി. ഒപ്പം അവരെ പ്രകൃതിയിലേക്ക് കൂട്ടിക്കൊണ്ടു പോകുക. അന്ധവിശ്വാസം നിറഞ്ഞ ഇരുണ്ട കാടുകള്‍ വെട്ടിത്തെളിച്ച് അവിടെ നന്‍മയുടെ, വെളിച്ചത്തിന്റെ വിത്തുകള്‍ വിതറുകയും നൂറുമേനി വിളയിച്ചെടുക്കുകയും ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. ശ്രദ്ധിക്കേണ്ട മറ്റൊന്ന് ഓരോ സമൂഹവും തങ്ങളെ വഴികാട്ടാന്‍ ഒരാള്‍ വന്നാല്‍ പിന്നെ അയാളെ ആശ്രയിച്ച് മാത്രമാണു നിലനില്‍ക്കുക എന്നുള്ളതാണ് . ഇവിടെ ആ ചിന്തയെ മാറ്റിക്കുകയും സമൂഹസൃഷ്ടിക്കു പുതിയ, കൂടുതല്‍ ആശയവും, സംഘടനാ പാഠവവുമുള്ള ആൾക്കാരെ കൂട്ടിയിണക്കി സംഘങ്ങള്‍ ഉണ്ടാക്കുകയും അവരിലൂടെ കൂടുതല്‍ പുരോഗതിക്ക് സ്വയം മാറി നിന്നുകൊണ്ടു അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യിക്കുന്ന കാഴ്ച ശരിക്കും ഒരു നവോത്ഥാന കാഴ്ചയാണ്. നദിയുടെ ശോചനാവസ്ഥയെ മാറ്റുവാന്‍ ആദ്യം ഒരു സമൂഹം ശ്രമിക്കുന്നത് ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ആണ്. സമരം ചെയ്യുന്നതിലെ നിരര്‍ത്ഥകത തിരിച്ചറിഞ്ഞു അവര്‍ ചെയ്യുന്നത് നദിയുടെ ഉത്ഭവം മുതല്‍ സഞ്ചരിച്ച് ഓരോ പ്രതിബന്ധങ്ങളെയും മാറ്റി, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ്. ഇവയൊക്കെ ഒരു നോവല്‍ കൈകാര്യം ചെയ്യുമ്പോള്‍, അതിലേക്കു സന്നിവേശിപ്പിക്കുക വഴി എഴുത്തുകാരിയുടെ ശ്രമം വിജയം കൈവരിക്കുന്നു. കാരണം ബോറടിപ്പിക്കുന്ന ലേഖനങ്ങള്‍ വായിക്കുന്നതിലൂടെയല്ല ഇത്തരം നോവൽ രചനാരീതിയിലൂടെ വായനാസുഖം മാത്രമല്ല പൊതുബോധവും വളര്‍ത്താന്‍ കഴിയുന്നു എന്ന രഹസ്യം മനസ്സിലാക്കിയ എഴുത്തുകാരിയുടെ തന്ത്രം അഭിനന്ദാര്‍ഹമാണ്.

വായനയില്‍ തോന്നിയ ചില കാര്യങ്ങളെക്കൂടി പറയാതിരിക്കാന്‍ കഴിയുന്നില്ല. അടുത്തിടെ വലിയ പ്രചാരം കിട്ടിയ ഒരു സംഗതിയാണ് ജൈവം  എന്ന വാക്ക് . എന്തിലും ഏതിലും ജൈവം എന്നൊരു കാഴ്ചപ്പാട് എന്തിലുമേതിലും  പ്രയോഗിച്ച് കാണുന്നുണ്ട് . കേരളം പോലുള്ള ഒരു കാർഷിക സംസ്ഥാനത്ത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് സംഭവിച്ച ഭക്ഷ്യക്ഷാമവും ജനസംഖ്യാ വര്‍ദ്ധനവും ആണ് കൃഷിയില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു. മനു എസ് നായരുടെ ദന്തസിംഹാസനം ഒക്കെ പറയുന്നതു പ്രകാരം അന്നത്തെ ഭക്ഷ്യക്ഷാമത്തെക്കുറിച്ചുള്ള ഒരു എകദേശ ധാരണ ലഭിക്കുന്നുണ്ട്. ആ അവസ്ഥയില്‍ നിന്നും കാർഷിക വിപ്ലവവും വിജയവും സമ്മാനിച്ചത് ശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങള്‍ , സംവിധാനങ്ങള്‍ എന്നിവ പ്രയോഗിച്ച് തുടങ്ങിയതോടെ ആണ്. ആധുനിക കൃഷി സമ്പ്രദായങ്ങള്‍ ഇല്ലാതിരുന്നെങ്കിൽ ഇന്ന് പരിസ്ഥിതി വാദക്കാര്‍ കൊട്ടിഘോഷിക്കുന്ന, അവകാശപ്പെടുന്ന കാർഷിക അഭിവൃദ്ധി നമുക്ക് ലഭിക്കുകയില്ലായിരുന്നു. കാരണം പരമ്പരാഗതമായി ഈ പറയുന്ന ജൈവവളങ്ങളുപയോഗിച്ച് അന്നത്തെ കാലത്തുണ്ടായിരുന്ന ആ കൃഷി രീതിയിലാണ് ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ട വിധത്തില്‍ കാര്യങ്ങള്‍, വിഭവങ്ങൾ നമുക്ക് ലഭ്യമാകാതെ  പോയത്. ചെറിയ ചെറിയ കൃഷികള്‍ക്ക് ഈ പറയുന്ന കാർഷിക രീതികള്‍ നല്ലതാകാം എന്നു മാത്രമേ ഉള്ളൂ. കീടനാശിനികളുടെ അമിതമായ ഉപയോഗവും, അശാസ്ത്രീയമായ ഉപയോഗവും മനുഷ്യനും പരിസ്ഥിതിക്കും  പ്രശ്നം ഉണ്ടാക്കുന്നു എന്നത് അവഗണിക്കുന്നില്ല. വളങ്ങള്‍ എന്നത് ജൈവം എന്ന പരിപൂര്‍ണ്ണ കാഴ്ചപ്പാടിനെ മാത്രമാണു എതിര്‍ക്കപ്പെടുന്നത്. അതുപോലെ വിഷയങ്ങളില്‍ നിന്നും പലപ്പോഴും കാഴ്ചയെ എഴുത്തുകാരി വലിച്ചെടുത്ത് തനിക്ക് പറയാനുള്ള ഇടങ്ങളിലേക്ക് കൊണ്ട് പോകുന്നത് നോവല്‍ വായനാശീലത്തിലെ പതിവ് രചനാരീതികളില്‍ ഇന്നും വ്യത്യസ്തമായി അനുഭവപ്പെട്ടു. വളരെ ലളിതവും മനോഹരവുമായ ഭാഷയാണ് ശാന്താ തുളസീധരന്റെ എഴുത്തുകളില്‍ കാണാന്‍ കഴിയുന്നത് .വ്യക്തമായി കാര്യങ്ങള്‍ പറയാനുള്ള ശ്രമത്തില്‍ വിസ്താരഭയം എഴുത്തുകാരിയെ അലോസരപ്പെടുത്തുന്നില്ല. അത് വായനക്കാരനും ബുദ്ധിമുട്ട് നല്‍കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരെഴുത്തുകാരി എന്ന നിലയില്‍ ശാന്താ തുളസീധരന്‍ നില്‍ക്കുമ്പോള്‍ അത് മലയാള സാഹിത്യത്തിൻ്റെ ഒരു വലിയ അപചയം കൂടിയാണ് എന്നു പറയേണ്ടി വരും .

മടക്കം(നോവല്‍)
ശാന്താ തുളസീധരന്‍
പരിധി പബ്ലിക്കേഷന്‍സ്
വില : ₹ 250.00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.