മൗനത്തിന്നിടനാഴിയിൽ
ഇടറിവീണ വാക്കുകൾ
കൊരുത്തൊരു രഹസ്യ –
കാവ്യമെഴുതാമിനി.
തിരിച്ചറിവ് പിണങ്ങിപ്പോയ
മൂകതയുടെ വഴിയിൽ
ഒച്ചപ്പെടലിന്റെ ഭിക്ഷാപാത്രം
നീട്ടുന്നാരോ ഒരാൾ
കലണ്ടറിലെ
ജയിലഴികൾക്കിടയിലെ
ചങ്ങലപ്പൂട്ടിട്ട
കറുത്തതും ചുമന്നതുമായ
അക്ഷരങ്ങൾക്കിടയിലും
മൗനം മാത്രം.
ആശംസകള്‍ക്കും
അനുശോചനങ്ങള്‍ക്കും
ഇടയിലുള്ള നേരിയ
അകലത്തിൽ തിങ്ങി –
തങ്ങി നിന്ന മൗനം
പാചകമുറിയിലെ
പാത്രങ്ങൾക്കിടയിലൂടെ
വീട്ടമ്മയുടെ മൗനം
നെടുവീർപ്പായിഴഞ്ഞു
കത്തിയമരുന്നുണ്ടടുപ്പിൽ.
അവഗണനയൊരു
മലവെള്ളപ്പാച്ചിലായ്
വന്ന് മൗനത്തിന്റെ
വല്മീകത്തിലൊളിക്കും,
മൗനം കൊണ്ട്
കവിത രചിക്കും.
നോവ് കുടിച്ചു വറ്റിച്ച
നെടുവീർപ്പുകൾ
കൊടുങ്കാറ്റായാഞ്ഞു
വീശിയടിക്കും,
നെഞ്ചിടിപ്പുകൾ
പൊട്ടിത്തെറിക്കും,
തേങ്ങലിലെ
ക്രമം തെറ്റിയ
ശബ്ദശകലങ്ങള്‍
അക്ഷരപ്പൊട്ടുകളായ്
മാറി നാരായത്തിലൂടെ
ചീറ്റിത്തെറിക്കും.
ചിതറിത്തെറിച്ച
മൗനച്ചിന്തുകളെ
ചികഞ്ഞെടുത്ത്,
ആയിരം നിറങ്ങളാൽ
മിഴിവാതിൽ തുറന്ന്,
കിനാക്കളാൽ
മിന്നൽ വിടർത്തി
പകർത്തിയെഴുതാം
മൗനമഹാകാവ്യം.