നവകേരളം

എന്നോ മഴുവെറിഞ്ഞ്
പകുത്തെടുത്ത സ്വപനങ്ങളിൽ
പച്ചപ്പ് നാട്ടി നാട്ടി
ദൈവം ഇവിടം
സ്വർഗമെന്നു വിളിച്ചു.
പുഴകളും നദികളും
കിളിനാദങ്ങളും
പൂത്തുലയുന്ന മലർവാടിയും
എത്ര സുന്ദരമെന്നു ചൊല്ലി,
എന്നോ ഒരിക്കൽ വന്നു
പോയൊരു വേഴാമ്പൽ.

തിരിച്ചൊരു
യാത്രയ്ക്കൊരുങ്ങുമ്പോഴേക്കും
ഇവിടെ കാടറുത്ത്, മലപിഴുത്
മണലൂറ്റിച്ചുവപ്പിച്ചുചുവപ്പിച്ച്
നവകേരളം നമ്മൾ പണിയുന്നു

നാട്ടിയ കൊടികളിൽ
കുത്തി ഇറക്കിയ
രക്തക്കറകളും
പിടയുന്ന പൂമ്പാറ്റയായ്
ചിറകറ്റു പോയ പെൺകിടാങ്ങളും.!

ആരോ പറഞ്ഞൊരു കഥയിലെ
ഭ്രാന്താലയം ഇതു തന്നെയെന്നോ?

പുഴ മെലിഞ്ഞു,
കിളികളകന്നു
ചോരമണമേന്തിയ കാറ്റുകളും
ഇന്ന് നവകേരളം പണിയുന്നു
ഫ്ലാറ്റുകൾ വൻമരങ്ങളായ്
പൂത്തിരുന്നു.
കൂടൊരുക്കുന്നു നാം
ഏകയായ് ഒരോ ചില്ലകളിലും !

കോഴിക്കോട് വേളം സ്വദേശിനി, ഇപ്പോൾ ഖത്തറിൽ. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതാറുണ്ട്