ദാഹപ്പെരുങ്കടൽ

മേഘജാലങ്ങൾക്കകം പുറം കാണാതെ
തിങ്ങി നീരാവി വിതുമ്പുന്ന മാതിരി
എത്രകാലം നീ മനസ്സിൽ തളച്ചിടും
മുഗ്ദ്ധസാഫല്യമീ രാഗവർഷത്തിനെ !

ഏതു കാറ്റിൽ ഗതി മാറിടും, കാടിന്റെ
ഏതു പച്ചപ്പിനെപ്പട്ടു പുതച്ചിടും,
ഏതേതു സാനുക്കൾ മാറോടണച്ചിടും,
ഈവിധം പ്രേമം തുടുത്ത കാർമേഘമേ !

ആരോടുടൽ പകുത്താനന്ദപൂർണ്ണമാം
ഭാവിരൂപങ്ങൾ മെനഞ്ഞെടുത്തീടുവാൻ
ആനന്ദമാർഗ്ഗം തിരഞ്ഞെടുക്കുന്നു നീ ?
ആകാശമാർഗ്ഗം വെടിഞ്ഞന്ന്യയായി നീ !

ആരംഭകാലം കടൽ കാവ്യമായ് ജല-
ലീലകളാലെ രചിച്ച സർവ്വസ്വവും
നീ നെഞ്ചിലേറ്റിത്തണുപ്പിച്ചു, ശ്യാമമാം
രാഗരൂപത്തിൽ പ്രപഞ്ചം നിറയ്‌ക്കുന്നു.

ഇന്നു പെയ്യും, അല്ല, നാളെ,യെന്നാരിലും
ചഞ്ചലമാകും പ്രതീക്ഷകൾ നൽകി നീ !
എന്നു പെയ്താലും ഒഴിഞ്ഞീടുമോ കടൽ
നിന്നിലടക്കിയ ദാഹപ്പെരുങ്കടൽ !

മലപ്പുറം ജില്ലയിലെ തവനൂർ ആണ് സ്വദേശം. എറണാകുളം ഇടക്കൊച്ചി അക്വിനാസ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ. സാമൂഹ്യമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.