നിഴൽ

കണ്ണുകളിൽ വെളിച്ചമാണ്
ഇരുട്ടിനോളം വലിയ വെളിച്ചം.
ഉടലിനെ മറയ്ക്കുന്ന,
ഛായയെ മറയ്ക്കുന്ന,
ഇരുട്ടിൻ്റെ പ്രകാശം.

കാതുകളിൽ സംഗീതമാണ്
ഊമയുടെ സംഗീതം.
സ്വരമില്ലാത്ത,
ശ്രുതിയില്ലാത്ത,
നെടുവീർപ്പിൻ്റെ മധുര സ്വരം.

കൈകളിൽ സുഗന്ധമാണ്.
അഴുക്കുചാലിൻ്റെ,
പാപക്കറയുടെ,
ഭ്രമിപ്പിക്കുന്ന സുഗന്ധം.

എന്നിൽ എന്താണ്?
ഉൺമയോ,
ഉന്മാദമോ,
പ്രാണൻ്റെ
പൊള്ളലോ ?

കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശി. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.