കൂട്ട്

ഒരു മുന്നറിയിപ്പില്ലാതെ
നിന്നുള്ളുപൊള്ളിച്ചയെൻ
പിൻ നടത്തം
ഉള്ളിന്നുള്ളിലെ
വെളിച്ചത്തെ തേടിയുള്ള
യാത്രയായിരുന്നു .

കവർപ്പേറിയ ഏകാന്തത
കുടിച്ചുവറ്റിച്ച ദിനങ്ങൾ .
വേദനയുടെ വേദച്ചുഴിയിൽ
വെട്ടം നിറഞ്ഞ നാളുകൾ .

പുസ്തകവും പൂവും
യാത്രയും കരുതലും
കാരുണ്യവുമെന്നിൽ നിറച്ചവനേ
നീ സ്നേഹ മാന്ത്രികൻ !

സ്നേഹവിഹായുസ്സിന്റെ
വിശാല തലങ്ങൾ
അറിയാതിരുന്നവൾക്കു
സൗഹൃദത്തിന്റെ അനന്ത
സാധ്യതകളെ കാട്ടി
അത്ഭുതപ്പെടുത്തിയവൻ.

ദൈവ സ്നേഹം
മനുഷ്യനിൽ
സന്നിവേശിക്കുന്ന
മഹാത്ഭുതം
അനുഭവിപ്പിച്ചവൻ !

ഒരു വാക്ക് കൊണ്ടോ
അക്ഷരതെറ്റുകൊണ്ടോ
പരിശുദ്ധ സ്നേഹത്തിന്
കളങ്കമേകാത്തവൻ

അസാന്നിധ്യത്തിലും
നിറ സാന്നിധ്യമായവൻ
സൗഹൃദത്തിന്റെ
നൈർമല്യമനുഭവിപ്പിച്ചവൻ

പൂജക്ക്‌ നിവേദിക്കും
പൂപോലൊരുവൻ !

പാതിചാരിയ പ്രാർത്ഥനാ
മുറിയിലെ കൂട്ടുവെളിച്ചമേ
നിറഞ്ഞെരിയുക
പരസ്പരം പ്രാണലിൽ
പ്രഭയായ് പടരുക.

വേദനകൾക്ക് മേൽ
വേദമായ് വിടരുക .
ശാന്തി മന്ത്രം പോൽ
പതിഞ്ഞ സ്നിഗ്ദമാം
ആത്മനിമന്ത്രണങ്ങളാകുക.

എൻ സ്നേഹമേ
നീയെന്നും നീയായിരിക്കും
നീ മാത്രം.

ആലപ്പുഴ സ്വദേശിനി. സൗദി അറേബിയയിലെ റിയാദില് അദ്ധ്യാപികയാണ്. ആനുകാലികങ്ങളിൽ എഴുതുന്നു