എട്ടു വരയ്ക്കുന്നു

ഞങ്ങളുടെ കണക്കു മാഷ്
കണക്കിന് പഠിപ്പിക്കുന്ന മാഷല്ല.
രമണിക്ക് നാലും നാലും
എട്ടെന്നു പഠിപ്പിച്ച മാഷ്
എനിക്കാകട്ടെ
അഞ്ചും മൂന്നും എട്ടെന്നാക്കി.
എട്ടെന്നെഴുതാന്‍ പ്രയാസമായിരുന്നതിനാല്‍
മേലും കീഴും പൂജ്യങ്ങളെ അടുക്കിവെച്ച്
ഞാനെട്ടെഴുതി.
ഇരുചക്രവാഹനമോടിക്കാനായെങ്കിലും
എട്ടു ശരിയാവാത്തതിനാല്‍
അധികാരികള്‍ സമ്മതപത്രം തന്നില്ല.
രമണിക്കവര്‍ കൊടുത്തതിനാല്‍
അവളെന്നെ എട്ടെഴുതാനറിയാത്തവന്‍
എന്നെപ്പോഴും പരിഹസിച്ചു.
തലയിലാരോ എട്ടു വരച്ചവന്‍ എന്ന്
എന്‍റെയോരോ പരാജയത്തേയും
അച്ഛന്‍ തെല്ലരിശത്തോടേയും
അമ്മ കടുത്ത നിരാശയോടെയും
അവഗണിച്ചു.
ഏട്ടിലായിരുന്നില്ല എന്‍റെ രാശി
എട്ടിലായിരുന്നു.
അതിനാലാവാമെപ്പോഴും
ജീവിതത്തെയിങ്ങനെ മേലും കീഴും
പൂജ്യങ്ങളെ ചേര്‍ത്തുവെക്കുന്നതില്‍
വിരുതനായത്.
അതെന്‍റെ കണ്ണടയെന്ന്
ശൂന്യതയിലൂടെ ലോകത്തെ നോക്കാനായി.
എല്ലാ മനുഷ്യരും മേലും കീഴും
പൂജ്യങ്ങളെ ചേര്‍ത്തു വെച്ച
എട്ടാണെന്ന് കരുതി.
എട്ടില്‍ നിന്ന് പൂച്ചയേയും പട്ടിയേയും
വരച്ചു വെച്ചു.
എട്ടെന്നത് ഇരിപ്പിലാണെന്ന്
എട്ടായി ഇരിക്കുന്നു.
എവിടെയെങ്കിലും
ഉടല്‍ വളച്ചിരിക്കുമ്പോള്‍
എട്ടെഴുതിയ പോലെയെന്ന്
കാണുന്നവര്‍ക്കു തോന്നുന്നതിലും
കാണുമായിരിക്കും
എട്ടിന്‍റെ യുക്തി.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.