ഒരു കാറ്റുകാലത്തു തന്നെയായിരുന്നിരിക്കണം ഭട്ടതിരി നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാവുക. ദശാബ്ദങ്ങൾ നീണ്ട അലച്ചിലിനെ പ്രതീകാത്മകമാക്കാൻ വേറെ ഏത് പ്രകൃതിശക്തിക്കാണ് കഴിയുക?
തീർച്ചയായും അത് മരച്ചില്ലകളെ ആകെയുലയ്ക്കുന്ന, മൺതരികളെ പറത്തിവിടുന്ന ഒരുചണ്ഡമാരുതനായിരുന്നിരിക്കില്ല. ഇന്നലെയുടെ ആരവങ്ങളൊഴിഞ്ഞ ആ വരണ്ട കാറ്റിൽ എണ്ണമയം പറ്റാത്ത ഭട്ടതിരിയുടെ മുഖചൈതന്യങ്ങൾ ലോലമായി ഇളകുന്നുണ്ടായിരിക്കും. ഒരുപാടലഞ്ഞ് നിറം മങ്ങിയ, പിന്നിയ വസ്ത്രങ്ങളും തോളിലെ ഭാണ്ഡക്കെട്ടുമായി, ഭ്രഷ്ട്ട് കൽപ്പിച്ച ബ്രാഹ്മണോത്തമന്മാരെ ആശ്രയിക്കാതെ വലിയവരമ്പിലേക്ക് പ്രവേശിക്കുമ്പോൾ വിടർന്നും വാടിയും ഉണങ്ങിയും പോയ ഇന്നലെകളുടെ സ്മരണകളിൽ ആ പണ്ഡിതന്റെ കാലടികൾ കടലാരവങ്ങൾ ഇട്ടെറിഞ്ഞ പൂഴിയിൽ വിറയലോടെ പതിച്ചിരിക്കും.
പ്രസാദ് മാസ്റ്റർ കാക്കശ്ശേരി ഭട്ടതിരി സ്മാരകത്തിനരികിലിരുന്ന് പറയുകയായിരുന്നു. ഐതിഹ്യമാലയിൽ രേഖപ്പെടുത്താതെപോയ വിഖ്യാതപണ്ഡിതന്റെ അവസാന കാലങ്ങൾ.
പണ്ടീസ്ഥലം “വലിയവരമ്പ്” എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പണ്ടാണ് വളരെ പണ്ട്, സ്വന്തം പിതാവിന്റെ ബലിച്ചോറുകൊത്താൻ വന്ന കാക്കകളെപ്പോലും വേർതിരിച്ചറിഞ്ഞ ആ കുഞ്ഞുഭട്ടതിരിക്കും മുൻപ്……
പുറത്തേക്കെടുത്ത രണ്ടു കസേരകളിൽ കാക്കശ്ശേരി കളരിക്കൽ വീടിന്റെ മുന്നിൽ വലത്ത്, വെയിൽ ദലങ്ങൾ തടഞ്ഞിട്ട പടുമരങ്ങൾ തീർത്ത ഇളം തണുപ്പിൽ സുഖസ്ഥാനം കണ്ടെത്തി ഞങ്ങൾ ഇരിക്കുകയായിരുന്നു.
ഉണക്കയിലകളൊന്നും വെണ്മക്കു കളങ്കമാകാത്ത പൂഴിപ്പരപ്പ് ഒരു കാവിന്റെ പരിസരമാണെന്നു തോന്നിപ്പിച്ചു. പരസ്പരം കെട്ടു പിണഞ്ഞു തായ് മരത്തെ ചുറ്റിയമർത്തിക്കയറിയ, കൈത്തണ്ടക്കൊത്ത ഊളപ്പടർപ്പുകൾ. സ്നിഗ്ധശരീരിയായി ദാരുശില്പചാതുരിയോടെ പേരാലിന്റെ വെണ്മ. അകലം പാലിച്ചു നിൽക്കുന്ന മാവിനും പേരാലിനും മദ്ധ്യത്തിൽ പടുകൂറ്റൻ ഞാവൽ വർഷാവർഷം പൂത്തും പഴങ്ങൾ വിതറിയും ഉണ്ടായിരുന്നു, പിന്നീടെപ്പോഴോ ഉണങ്ങാൻ തുടങ്ങി. ഞാവൽപ്പഴങ്ങൾ നിലച്ചപ്പോൾ മാവ് പൂക്കാൻ തുടങ്ങി. ഞാവലിനെ ചുറ്റിവരിഞ്ഞിരുന്ന ഊളപടർപ്പുകൾ കായ്ക്കുകയും ക്ഷാമകാലത്ത് ചുട്ടുതിന്നാൻ പരിപ്പുകൾ നൽകുകയും ചെയ്തിരുന്നു. മരങ്ങൾക്കു ചുവടെ ചെങ്കല്ല് കെട്ടിയ ചതുരത്തറയിൽ രണ്ടു കല്ലുകൾ എന്നും ഉണ്ടായിരുന്നു. മഴയിലും മണ്ണൊലിപ്പിലും കൽക്കെട്ടുകൾ ഇളകിയപ്പോൾ കാക്കശ്ശേരി കളരിക്കൽ കുടുംബം അവയെ മറ്റൊരു തറകെട്ടി ഭദ്രമായി സംരക്ഷിച്ചു പോരുന്നു.
മാഷ് തുടരുകയാണ്,ഭട്ടതിരിയുടെ ജന്മനാട്ടിലേക്കുള്ള മടക്കം.
ആയുധക്കളരിയിൽ ശിഷ്യന്മാരൊഴിഞ്ഞ സമയമില്ലാത്തതുകൊണ്ട് കളരിക്കൽ തറവാടിന്റെ പടിപ്പുര തുറന്നുതന്നെ കിടന്നിരുന്നു. കളരിക്കൽ കുടുംബത്തിലെ ആരും മ്ലേച്ഛനായി ബ്രാഹ്മണനെ കണ്ടിട്ടില്ല. കൂടെ വളർന്നവരൊന്നും അയിത്തം കാണിച്ചിട്ടില്ല. ഒരിക്കലും കാണിക്കുമെന്നും തോന്നുന്നില്ല. പടിപ്പുര കടന്ന് കളരിയിലേക്കു നോക്കി കൈകൂപ്പാതെ അവിഘ്നമസ്തു ജപിച്ചു. അണയാത്ത നെയ്വിളക്കിൽ ജ്വലിച്ചേ നിൽക്കുന്നു ഏകദന്തൻ.
അപരിചിതരാരോ വന്നതറിഞ്ഞ കളരിപ്പണിക്കരുടെ മുത്തശ്ശി പുറത്തു വന്നു. ജ്വലിക്കുന്ന തേജസ്സിനെ കണ്ടറിഞ്ഞു.
ചാണകം മെഴുകിയ ഉമ്മറത്ത് തടുക്കിട്ടിരുത്തി.
വെള്ളം ലോട്ടയിൽ നൽകി.
ആദ്യം ദാഹം തീരട്ടെ എന്നിട്ടാവാം വിശപ്പിന്.
കൂടുതൽ ഒന്നും വേണ്ട ആഗതൻ ആംഗ്യം കാണിച്ചു.
വെള്ളം ആവോളം കുടിക്കുമ്പോൾ മുലപ്പാലിന് ശേഷമറിഞ്ഞ അമൃതിന്റെ രുചി മുകുളങ്ങളിൽ നിറഞ്ഞു. തിരിച്ചു നടന്ന് പടിപ്പുരയിൽ ഇറക്കി വെച്ച ഭാണ്ഡക്കെട്ട് നിരക്കിനീക്കി അതിൽ തല ചായ്ച്ചു.
ഇല്ലത്തെ ഭട്ടതിരി വന്നതറിഞ്ഞു പടിപ്പുരയിൽ എത്തിയ പണിക്കരുടെ സ്പർശത്തിൽ ഉണരാതെ പണ്ഡിതൻ ശയിച്ചു.
പിച്ചവെച്ച മണ്ണിലേക്കുള്ള മടക്കമായിരുന്നു ആ വരവ്.
പടിപ്പുരയ്ക്കുള്ളിൽ കളരിപ്പുരയോടു ചേർന്ന് തറകെട്ടി രണ്ടു കല്ലുകൾ നാട്ടി. മൂക്കുതല ഭഗവതിയെ കാക്കശ്ശേരി ഭട്ടതിരിയിൽ നിന്നും അകറ്റാനാവില്ല. കവടികൾ പറഞ്ഞു.
കളരിപ്പണിക്കർ തെക്കു ദേശത്തേക്കെവിടെയോ രാജാവിനായി യുദ്ധത്തിനു പോയി മരണപ്പെട്ടു. ആയുധ പരിശീലനം നിന്നു. കളരി ക്ഷയിച്ചു. കളരിപ്പുര പിന്നീടെപ്പോഴോ നിലംപതിച്ചു. കാക്കശ്ശേരി കളരിപ്പുരയ്ക്കു പിന്നീട് ചുമരുകളും മേൽപ്പുരയും നിർമ്മിക്കപ്പെട്ടില്ല. ജാതി,മത ഭേദമില്ലാതെ അക്ഷരം മാത്രം പഠിപ്പിക്കുന്ന കളരിയായി അത് മാറി. ഭട്ടതിരിയുടെ കാഴ്ചപ്പാടുകൾക്ക് മുന്നിൽ ഒരു ചെരാതുപോലെ കളരിയിൽ ഇപ്പോഴും എഴുത്തിനിരുത്തൽ നടത്തുന്നു.
കാക്കകളെപ്പോലും വേർതിരിച്ചറിഞ്ഞ ശിശുവിന്റെ പ്രശസ്തിയിൽ നിന്നാണ് വലിയവരമ്പ് കാക്കശ്ശേരിയായി മാറിയത് എന്നു വിശ്വാസം. സന്തതികളില്ലാത്ത ഇല്ലം ഭൗതികമായ ഒരവശേഷിപ്പുകളുമില്ലാതെ അന്യാധീനപ്പെട്ടു പോവുകയും ചെയ്തു.
കാക്കശ്ശേരി കളരിക്കൽ തറവാടിനും ശുഭകാലമായിരുന്നില്ല പിന്നീട്. പടിപ്പുരയും സ്മാരകവും അടക്കമുള്ള ചുറ്റുപറമ്പുകൾ തലമുറക്കണ്ണികൾ ആരൊക്കെയോ വിറ്റു തുലച്ചു. ഭട്ടതിരി സ്മാരകം ക്ഷയമേൽക്കാതെ നിന്നിരുന്നു. അടുത്ത കാലത്ത് മരങ്ങൾ വെട്ടി തെങ്ങിൻ പറമ്പ് വൃത്തിയാക്കാൻ ഉടമയൊരുങ്ങിയപ്പോൾ അത് പത്രവാർത്തയായി, വിവാദമായി. സ്മാരകം നിൽക്കുന്ന ഇടം ഇന്നത്തെ കളരിയുടെ നാഥനായ ഉണ്ണിമാഷ് വില കൊടുത്ത് വാങ്ങിച്ചു സംരക്ഷിക്കുന്നു.
ദീർഘമായ അലച്ചിലിന്നിടയിൽ “വസുമതിമാനവിക്രമ” മെന്നകൃതി ആ കരങ്ങളാൽ രചിക്കപ്പെട്ടത് കഥകൾ ചുണ്ടുകളിൽ നിന്ന് തേഞ്ഞുപോയാലും ഓലകളിൽ കോറിയിടുന്ന അക്ഷരങ്ങൾ അവശേഷിക്കും എന്ന ചിന്ത കൊണ്ടുതന്നെ ആയിരുന്നിരിക്കണം.
ഐതിഹ്യമാലയിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു, ‘ഭട്ടതിരിക്കു തീണ്ടലെന്നും തൊടീലെന്നും മറ്റുമുള്ള അജ്ഞാനങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം ആരു ചോറ് കൊടുത്താലും ഉണ്ണും. ക്ഷേത്രങ്ങളിലും ബ്രാഹ്മണാലയങ്ങളിലുമെല്ലാം കേറുകയും എല്ലാവരെയും തൊടുകയും എല്ലാം ചെയ്യും. കുളി സുഖത്തിനും ശരീരത്തിലെ അഴുക്കു പോകുന്നതിനുമെന്നല്ലാതെ ശുദ്ധിക്കായിട്ടാണെന്നുള്ള വിചാരം അദ്ദേഹത്തിനുണ്ടായിരുന്നില്ല.’
കേരളം കണ്ട ആദ്യത്തെ നവോത്ഥാന നായകനായിരുന്നു ഭട്ടതിരി. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ സ്വന്തം ജീവിതം മാതൃകയാക്കിയ, അതിൽ നേടിയ ഭൃഷ്ട് ഭൂഷണമായി കരുതിയ മനുഷ്യൻ. ഭട്ടതിരിയുടെ യഥാർത്ഥനാമം ‘ദാമോദരൻ’ എന്നാണെന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു.
ഭട്ടതിരി എന്തുകൊണ്ട് സന്ധ്യാവന്ദനം ചെയ്യുന്നില്ല എന്ന ചോദ്യത്തിന്, “എന്റെ ഹൃദയമാകുന്ന ആകാശത്തിൽ മനസ്സാകുന്ന സൂര്യൻ എപ്പോഴും ഇടതടവില്ലാതെ വിളങ്ങുന്നു. ഉദയാസ്തമയങ്ങൾ ഇല്ലാത്ത ഞാൻ എങ്ങിനെ സന്ധ്യയെ വന്ദിക്കും” എന്നതായിരുന്നു മറുപടി. സാമൂതിരി സദസ്സിലെ ഉദ്ദണ്ഡശാസ്ത്രികളുടെ പാണ്ഡിത്യത്തിന്റെ അഹന്തക്കെതിരെ പ്രാർഥനകളുടെ അഗ്നിയിൽനിന്നുയർന്നു വന്ന ഇല്ലത്തെ ഉണ്ണി. വെറും ഏഴാം വയസ്സിൽ ഉദ്ദണ്ഡശാസ്ത്രികളെ തേജോവധം ചെയ്ത മൂക്കുതല ഭഗവതിയുടെ ഭക്തൻ.
കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിലൂടെ കണ്ടെത്തിയില്ലായിരുന്നു എങ്കിൽ ഇതൊരു കെട്ടുകഥയായി തള്ളിക്കളയപ്പെട്ടേനെ. അത്രമാത്രം അതിശയോക്തി നിറഞ്ഞിരിക്കുന്നു ഭട്ടതിരിയുടെ ജീവിതഖണ്ഡങ്ങളിൽ.
എവിടെ നിന്നോ തണുത്ത കാറ്റ് വീശി, വൃശ്ചികം തന്നെ.
കിഴക്കുനിന്ന് ആ കാറ്റ് കാക്കശ്ശേരി കളരിക്കൽ കാലം മായ്ചുകളഞ്ഞ പടിപ്പുരയും മാവും പേരാലും കടന്ന് ഊളവള്ളികൾക്കിടയിലൂടെ ഊർന്നിറങ്ങി ഞങ്ങളെയും കടന്ന് ചുറ്റിത്തിരിയുമ്പോൾ മനുഷ്യജാതിയുടെ ഒറ്റപ്പെടുത്തലുകളിൽ മനംനൊന്ത് ആ മനുഷ്യൻ നടന്നു തീർത്ത ആരുമറിയാത്ത വഴികളെക്കുറിച്ച് ഓർത്തുപോവുന്നു. അജ്ഞാതനായ ഒരു ബ്രാഹ്മണശ്രേഷ്ടൻ എത്രയെത്ര രാജസദസ്സുകളെ തന്റെ അപാരമായ പാണ്ഡിത്യത്തിൽ അത്ഭുതപ്പെടുത്തിയിരിക്കാം.