ഇന്ന് അന്തരിച്ച പ്രിയ കവയത്രി സുഗതകുമാരി ടീച്ചറിന് തസറാക്ക് കുടുംബത്തിന്റെ അശ്രുപൂജ . സുഗതകുമാരി ടീച്ചർ ശതാഭിഷിക്തയായ വേളയിൽ കവയത്രി ലോപ തസറാക്കിനു വേണ്ടി തയ്യാറാക്കിയ കവിത ആദരപൂർവം ഞങ്ങൾ വീണ്ടും സമർപ്പിക്കുന്നു.
ഋതു സ്നാതയാം ഭൂമി, കവി നീ, വാക്കിൻ വജ്ര
പഥത്തിൽ നിത്യോന്മത്ത ഭ്രമണം നടത്തുന്നോൾ
കരയും പെണ്ണിന്നുടുചേല നൽകിയോൻ തന്റെ
കരുണാർദ്രമാം ചിത്തമിവൾക്കായ് പകുക്കയാൽ
മിഴിനീർ തുളുമ്പുന്നോർക്കഭയേശ്വരിയായോൾ
തരിശാംമണ്ണിൽ കൃഷ്ണ വർണ്ണമാം കാടായവൾ
മണ്ണിതിൽ വിഷംചീറ്റും കാലകാളിയന്മാർക്കു
പൊന്മണിചിലമ്പിട്ട പദമായുദിപ്പവൾ
ധീരമാം കർമ്മത്തിന്റെ നീൾമരക്കുരിശേന്തി
നീലച്ച മുളംതണ്ടിൻ മുറിവായ് നീറിപ്പാടി
നീ, കവി കല്ലും മുള്ളും പാകിയ വഴിതാണ്ടി
നീങ്ങവേ കൂടെത്താതെ കിതയ്ക്കുന്നവർ ഞങ്ങൾ
നിന്റെ പാട്ടുകൾ സമാനാർദ്ര മാനസരാകും-
ഞങ്ങൾക്കു ഞങ്ങൾക്കെന്നു തുളിമ്പിത്തെറിക്കുന്നോർ
നീ, കവി ഋതുക്കൾ വന്നുത്സവം നടത്തുന്ന
ഭൂമി നീ, വാക്കിൻ തിരിത്തുമ്പിലെത്തീനാളം നീ
ആയിരം പൂർണേന്ദുക്കളാരതിയുഴിയുമ്പോൾ
വാക്കിന്റെ വെള്ളാമ്പൽപ്പൂ നിറവേ ചിരിയ്ക്കുക
(ശതാഭിഷിക്തയായ് കവയത്രി സുഗത കുമാരിക്ക്)