ദൈവത്തിന്റെ കണ്ണ് (നോവൽ)

ചില വായനകൾ മനസ്സിനെ വല്ലാതെ സങ്കടത്തിലാഴ്ത്തും . ദിവസങ്ങളോളം അതിന്റെ വിഷമം മനസ്സിൽ നിന്നും മാറാതെ കിടക്കും . ഉറക്കത്തിൽ പോലും ഒരു സങ്കടമായി ചൂഴ്ന്ന് നിൽക്കുന്ന അത്തരം വായനകൾ എഴുത്തിന്റെ മാസ്മരികത കൊണ്ടും വിഷയത്തിന്റെ തിരഞ്ഞെടുപ്പ് കൊണ്ടും അതിലെ യാഥാർഥ്യങ്ങൾ കൊണ്ടും  മനസ്സിനെ പിടിച്ചു കുലുക്കും. എഴുത്തിന്റെ ലോകത്തു എൻ പി മുഹമ്മദിനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഒട്ടുമില്ല. സാഹിത്യലോകത്ത് അദ്ദേഹം നൽകിയ സംഭാവനകൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചവയാണ് . എണ്ണപ്പാടം , എം ടി യുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് എന്നിവയാണ് എൻ പിയുടേതായി വായിച്ചവ. ഒടുവിൽ അതോ ഇടയിലോ ഇപ്പോൾ ദൈവത്തിന്റെ കണ്ണും വായിക്കുകയുണ്ടായി . പൂർണ്ണമായും കോഴിക്കോടിന്റെ, മലബാറിന്റെ ഭാഷയും സംസ്കാരവും നിറഞ്ഞ എഴുത്തുകൾ ആണ് എൻ പിയുടേത്. ഒരു വായനക്കാരൻ എന്ന നിലയിലും ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിലും എൻ പി യുടെ നോവലുകളെ ഞാൻ സമീപിക്കുന്നത് എപ്പോഴും വള്ളുവനാടൻ സംസ്കാരത്തിൻ്റെ പോയ കാലത്തിന്റെ ശേഷിപ്പുകൾ മനസ്സിലാക്കാൻ വേണ്ടിയാണ് . ഭാഷയിലും , ആചാരങ്ങളിലും സാമുദായിക സംഭവങ്ങളിലും ഒക്കെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും അവയെക്കുറിച്ചു കൂടുതൽ അറിയാനും പഠിക്കാനും കഴിയുന്ന ഒരു വായനാനുഭവം എപ്പോഴും എൻ പി എനിക്ക് സമ്മാനിച്ചിട്ടുണ്ട് . എം ടി യുടെ എഴുത്തുകളിൽ കൂടി ഒരു കാലഘട്ടത്തിന്റെ നായർ സമൂഹത്തിന്റെ ജീവിതപരിസരവും രീതികളും മനസ്സിലാക്കാൻ കഴിയുന്നത് പോലെതന്നെയാണത് . 

ദൈവത്തിന്റെ കണ്ണ് എന്ന നോവലിൽ എൻ പി അവതരിപ്പിക്കുന്ന വിഷയം എക്കാലവും ഓർമ്മിക്കപ്പെടുന്നതും ഒരു കാലഘട്ടത്തിന്റെ ശാപവും (ഇന്നും അതൊരു ശാപം തന്നെ ) ആയ ചില സാമൂഹിക വിഷയങ്ങൾ ആണ് . പൂർണ്ണമായും പരിതസ്ഥികളോട് ചേർന്ന് നിൽക്കുന്ന ഈ നോവലിന്റെ ആഖ്യായനം വായനക്കാരനെ ആകർഷിക്കുക അതിന്റെ വിഷയപരമായ വ്യത്യസ്തതയാൽ മാത്രമാകില്ല . കാരണം ഒരു കുട്ടിയുടെ , അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു കുട്ടിയുടെ മാനസിക വ്യാപാരങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഒഴുക്കിൽ നിലനിർത്തി ഒട്ടും കാപട്യമില്ലാതെ , വലിയവരുടെ ഭാഷ ഇല്ലാതെ അവതരിപ്പിക്കുന്നത് വായനയുടെ സുഗന്ധമായി അനുഭവപ്പെട്ടു . അതുപോലെ കുഞ്ഞുങ്ങളുടെ ലോകം എത്ര നിഷ്കളങ്കവും സുതാര്യവും ആണെന്നത് ഈ വായനയിൽ അനുഭവപ്പെടുകയല്ല തിരിച്ചറിയുക കൂടിയാണ് . 

അന്ധവിശ്വാസത്തിൽ മുങ്ങിപ്പോയ ഒരു ജനതയുടെ കറുത്ത കാലമാണ് ഈ നോവൽ പങ്കു വയ്ക്കുന്നത് . ഏകദൈവവിശ്വാസം എന്നത് പോലും പലപ്പോഴും പ്രാദേശിക ജനതയുടെ കൂട്ടിക്കലർപ്പുകളിൽ വീഴുമ്പോൾ അർത്ഥ രഹിതമാകുന്നത് കാണാൻ കഴിയും . മന്ത്രവാദവും, അന്ധവിശ്വാസവും, അറിവില്ലായ്മയും ചേർന്ന് ജീവിതത്തെ വേദനയുടെ കള്ളിമുൾ ചെടിപ്പടർപ്പുകൾക്കിടയിൽ കുടുക്കിയിട്ട കുറച്ചു മനുഷ്യർ. അവരുടെ സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും സമ്മിശ്ര വികാരങ്ങളെ എൻ പി തന്റെ സ്വതസിദ്ധമായ സിദ്ധി വൈഭവത്താൽ മികവുറ്റതാക്കി മാറ്റുന്നു . അതുകൊണ്ടു തന്നെ ആ കുഞ്ഞിന്റെ കൂടെ സഞ്ചരിക്കുമ്പോൾ വായനക്കാരനും ഒരു കുഞ്ഞായി മാറുകയും അവന്റെ കാഴ്ചകൾ  തന്റെയും കാഴ്ചകളായി തിരിച്ചറിയുകയും ചെയ്യുന്നു . പഴയകാല വീടുകളുടെ പറമ്പുകൾ പലപ്പോഴും വിശ്വാസങ്ങളുടെ ചിലന്തി വലയിൽ കുരുങ്ങി കാവും പാമ്പും കുളവും ഒക്കെയായി കുഞ്ഞുങ്ങളുടെ  കുട്ടിക്കാലത്തെ ഭയാശങ്കകളുടെ ഒരു ആലയമായി നിലനിർത്തുന്നുണ്ട് . അത് അവരുടെ ഭാവിയെ വലിയ തോതിൽ ബാധിക്കുന്നു. ഇത്തരം ഒരു ചുറ്റുപാടിൽ വളരുന്ന ഒരു കുട്ടിയുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ദുഃഖങ്ങളും വേദനപുരണ്ട ഒരു അവസാനവും നൽകുന്ന ഈ വായനയെ  മികച്ച ഒരു വായന എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂ. രതിയിൽ പോലും ഒരു കുഞ്ഞിന്റെ കാഴ്ചപ്പാടിലൂടെ വെറുപ്പുളവാക്കിക്കാതെ , അതിഭാവുകത്വം നിറയ്ക്കാതെ തികഞ്ഞ പക്വതയോടെ അവതരിപ്പിക്കുന്ന രംഗങ്ങൾ വായനയിൽ വളരെ സന്തോഷം നൽകിയ ഒരു അനുഭൂതിയാണ് . 

എഴുതാൻ പഠിക്കുന്നവരും എഴുതി തഴക്കം വന്നെന്നു കരുതുന്നവരും ഒക്കെ വായിച്ചിരിക്കേണ്ട ആവശ്യം നോവലുകളിൽ ഒന്നായി ഇതിനെ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നു .

ദൈവത്തിന്റെ കണ്ണ് (നോവൽ)
എൻ പി മുഹമ്മദ് 
ഡി സി ബുക്ക്സ് (2014)
വില : ₹ 160.00 

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.