സ്ക്കൂൾ മാനേജ്മെൻറ് കമ്മറ്റിയിൽ തർക്കം രൂക്ഷമായപ്പോൾ അദ്ധ്യക്ഷൻ മേശമേലടിച്ചു ശബ്ദമുണ്ടാക്കി. ബഹളത്തെ നിയന്ത്രണത്തിലാക്കാനുള്ള വിഫലശ്രമം കേട്ട് മേൽക്കൂരയിലെ പ്രാവുകൾ പറന്നു പോയി. അതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന ഭാവത്തിൽ വീണ്ടും ഓരോന്നു പറഞ്ഞു കൊണ്ടിരുന്ന കമ്മറ്റിയംഗങ്ങൾക്ക് മുന്നിൽ ഹെഡ്മിസ്ട്രസ് നിന്നു വിയർത്തു. അവരുടെ മുഖത്തിന് നേരെ കൈ ചൂണ്ടി, ഒരാൾ കത്തിക്കയറുകയാണ്..
“നിങ്ങളൊക്കെ ഏത് കാലഘട്ടത്തിലാണ് ഹേ… ജീവിക്കുന്നത് !! ഒരു വികസനപ്രവർത്തനം നടത്തുമ്പോൾ അത് പ്രകൃതി സൗഹൃദമാണോന്ന് നോക്കാനുള്ള ബാധ്യതയില്ലേ..?!”
“അല്ല… സർ, കെട്ടിടത്തിന്റെ മെയിന്റനൻസ്… ”
വിഷയാവതാരക കൂടിയായ എച്ച്. എം. മുഴുമിപ്പിക്കുമുമ്പേ മറ്റൊരാൾ ചാടിയെഴുന്നേറ്റു.
“ടീച്ചർ ന്യായീകരിക്കാൻ ശ്രമിക്കരുത്. കോൺക്രീറ്റ് കെട്ടിടം സ്കൂളിന്റെ പ്രൗഢി തന്നെയില്ലാതാക്കും” ചുറ്റുമൊന്ന് നോക്കി, തന്റെ വാദത്തിന് പിന്തുണ തേടും പോലെ അയാൾ മുഴുമിപ്പിച്ചു –
“100 വർഷം പഴക്കമുള്ള സ്ക്കൂളാണേയ്…”
“കുട്ടികൾ ഓടിട്ട കെട്ടിടത്തിൽ തന്നെയിരുന്നു പഠിക്കട്ടെ ടീച്ചറെ…” മറ്റൊരാളുടെ വക അഭിപ്രായം.
“രാജാക്കന്മാര്‍ പണിത കെട്ടിടമാ… നിക്കണ നിപ്പ് കണ്ടാ… ” ഏതോ പ്രജയുടെ വിളിച്ചു കൂവിയുള്ള ആത്മഗതം. പ്രാദേശിക നേതാവായ അദ്ധ്യക്ഷൻ ആ അഭിപ്രായം പറഞ്ഞവനെ തിരഞ്ഞു കണ്ടുപിടിച്ചിട്ടൊന്നിരുത്തി മൂളി.
“അതെ… ആ കെട്ടിടമാണ് സ്ക്കൂളിന്റെ പഴമയും പ്രൗഢിയും നിലനിർത്തുന്നത്. അത് പൊളിക്കുന്നതിനെ കുറിച്ച് ആലോചിക്കയേ വേണ്ട…” ഡൈ ചെയ്ത് മുടിയാകെ ചെമ്പിച്ചു പോയ ഒരു വൃദ്ധൻ.
“ആഗോളതാപനത്തിന്റെ കാലത്ത് കോൺക്രീറ്റ് കെട്ടിടങ്ങൾ വെച്ച് കൂട്ടുന്നതത്ര നല്ല കാര്യമല്ല.” ഇനിയുമൊരാൾ തീർപ്പ് കല്പിച്ചു.
“പക്ഷേ…. ” അദ്ധ്യക്ഷൻ ഇടപെട്ടു.
“പ്രാവിന്റെ കാഷ്ഠം വീഴുന്ന പ്രശ്നമോ?”
“സീലിംഗ് ചെയ്താൽ പോരെ?” നിസ്സാര കാര്യമെന്ന ധ്വനിയോടെ കൂട്ടത്തിൽ കുനിഞ്ഞിരുന്ന ഒരാൾ.
“എങ്കിൽ അങ്ങനെയാവാം” എന്ന് അദ്ധ്യക്ഷൻ.
“ഏയ്… അത് പറ്റില്ല” മരണ വെപ്രാളത്തോടെ ഒരു സ്ത്രീ ചാടിയെഴുന്നേറ്റു.
“അതെന്തേ?!” എന്ന് എല്ലാവരും.
“സീലിംഗ് ചെയ്താൽ എലിയുടെയും മരപ്പട്ടിയുടെ ശല്യമുണ്ടാകും. എലിപ്പനിയും പക്ഷിപ്പനിയും… ഇല്ലാത്ത രോഗങ്ങളൊന്നുമില്ല “
“അതും ശരിയാ…”. എന്ന് പൊതു സമ്മതം.
താനിവിടുത്തെ ആശാവർക്കറാണെന്ന വെളിപ്പെടുത്തൽ കൂടി നടത്തിയിട്ട് ആ സ്ത്രീ ഇരുന്നു.
സീലിംഗ് വേണ്ടെന്ന് തീരുമാനത്തോടെ ചർച്ച വഴിമുട്ടി. പക്ഷേ, പ്രാവിൻ കാഷ്ഠം!! ചർച്ച എങ്ങുമെത്താതെ നീളവെ, പ്രകൃതിസൗഹൃദ പ്രൊജക്ടിന് വേണ്ടി വാദിച്ചയാൾ വീണ്ടും എണീറ്റു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു.
“കെട്ടിടം എന്തായാലും പ്രകൃതി സൗഹൃദം തന്നെയാകണം. പ്രാവ് ഒരു പ്രശ്നമായ സ്ഥിതിക്ക് നമുക്ക് അവറ്റകളെയങ്ങ് കൊന്ന് കളഞ്ഞാലോ…”
അയാളുടെ അഭിപ്രായത്തോട് എല്ലാവരും യോജിപ്പിലെത്തി, യോഗം അവസാനിച്ചു.