ജാൻമ്മ

മൂന്ന് അമ്മമാരുടെ മകനായി ജനിക്കാൻ പറ്റ്വോ?.

അങ്ങനെ ജനിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മൂന്ന് ഇരട്ടിയാണ് കരുതൽ, മൂന്ന് ഇരട്ടിയാണ് സ്നേഹം, മൂന്നിരട്ടിയാണ് പ്രാർത്ഥനയുടെ ശക്തി, എന്നും.

അമ്മാമ്മക്ക് മക്കൾ അഞ്ചു പേരാണ്. ആദ്യത്തെ രണ്ടും ആൺമക്കൾ, പിന്നെ മൂന്നും പെൺമക്കൾ. അമ്മയാണ് പെൺമക്കളിൽ നടുവിലേത്.

എനിക്ക് താഴെ രണ്ടുപേരും ഇളയമ്മയുടെ മകളും ചേർന്ന് പെങ്ങമ്മാർ മൂന്നാണ്. അങ്ങനെ മൂന്ന് അമ്മമാരുടെ ഏക മകനും മൂന്ന് പെങ്ങന്മാരുടെ ഏക സഹോദരനുമെന്ന അപൂർവ്വ ബഹുമതി.

ജാനകീന്നായിരുന്നു വല്യമ്മയുടെ പേര്. ഞങ്ങൾക്ക് ജാൻമ്മ.

ജാൻമ്മ വളരെ മെലിഞ്ഞിട്ടായിരുന്നു. അഞ്ചടിയിൽ താഴെ പൊക്കവും ഒരു പന്ത്രണ്ട് വയസ്സ്കാരിയുടെ തൂക്കവും. അസ്തമ ചെറുപ്പം മുതലേ ജാൻമ്മക്ക് കൂട്ടായിരുന്നു. ഇതെല്ലാം കാരണം വിവാഹം കഴിച്ചിട്ടേ ഇല്ല. ഞങ്ങൾ മക്കൾക്ക് വേണ്ടി ഉഴിഞ്ഞ് വെച്ചതായിരുന്നു അവരുടെ ജീവിതം.

സ്കൂളിൽ പഠിക്കുമ്പോൾ അനിയത്തിമാരും അമ്മയും അച്ഛനും ഞങ്ങളുടെ പഴയ വീട്ടിലായിരുന്നു. ഞാൻ മാത്രം അമ്മമ്മയുടെയും ജാനമ്മയുടെയും കൂടെ യായിരുന്നു താമസം. അത് കാരണം എന്റെ കാര്യങ്ങൾ മുഴുവൻ നോക്കിയത് അമ്മാമ്മയും ജാനമ്മയുമായിരുന്നു.

“അമ്മ പെറ്റിട്ടതേ ഉള്ളൂ, എന്ന നോക്കീനി ജാൻമ്മ്യാ” ദേഷ്യം വന്നാ ഞാൻ അമ്മയോട് പറയും.

അമ്മക്ക് അത് കേട്ടാ സന്തോഷേ ഉള്ളൂ.

“അതേപ്പാ, ഓളെന്നേലേ നിന്ന നോക്കീനി” ചിരിച്ചോണ്ട് അമ്മ.

ഞങ്ങളുടെ കുട്ടിക്കാലം മുതലേ കാണുന്നത് ജാനമ്മയുടെ ആസ്മയോടുള്ള യുദ്ധമാണ്. എത്ര മരുന്ന് കഴിച്ചാലും രാത്രി, പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഉറങ്ങാനേ കഴിയാറില്ല. പലപ്പോഴും ഇരുന്നും തലയിണയുടെ മേൽ കമിഴ്ന്ന് കിടന്നും നേരം വെളുപ്പിക്കുമായിരുന്നു. സൂര്യനുദിച്ചാ പിന്നെ ഓട്ടമാണ്, ഒന്നും കൂട്ടാക്കാതെ. തലയിലൊര് തുണിയും കെട്ടി മുറ്റമടിച്ച്, പടിഞ്ഞാറ്റേലെ കിണ്ടികൾ കഴുകി വെള്ളം നിറച്ച്, വിളക്ക് വെച്ച്, അമ്പാത്തും കളത്തിലും പൂവും വെച്ചാലേ സമാധാനാവൂ. മഴക്കാലത്താണെങ്കിൽ ഒരു കുടയും എടുത്ത് ഇതെല്ലാം ചെയ്ത് തീർക്കും.

” ജാനമ്മേ, നിങ്ങ ഒന്ന് അടങ്ങിയിരിക്ക്, ശ്വാസം മുട്ട്ന്നില്ലേ..?” അനിയത്തി രജ പറയും.

“വെർതേ ഇര്ന്നാലാ അധികാവല്” – ജാനമ്മ

ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ഈ ശീലം മാറ്റാനായില്ല.

പെട്ടെന്നാണ് സങ്കടം വര്വാ, അതുപോലെ മൂക്കത്താണ് ദ്യേഷ്യം. ചിലപ്പോ അമ്മാമ്മ അല്ലെങ്കിൽ മോന്റെ അധികാരത്തിൽ ഞാൻ, വഴക്കിടും. ആള് വിടില്ല. ഝാൻസി റാണിയെപ്പോലെ പൊരുതും. അവസാനം സങ്കടം കൊണ്ട് കരയും.

“എനിക്കാരും ഇല്ലാത്തോണ്ടല്ലേ, നിങ്ങ ഇങ്ങനെ പറേന്ന് “

” ജാൻമ്മേ, നിങ്ങക്ക് ഞാനില്ലേ, ആര് നോക്കീറ്റേങ്കിലും ഞാൻ നോക്കും” – ഇളയ പെങ്ങൾ മിനി ഇടയ്ക്ക് സ്കോർ ചെയ്യാൻ വരും. അതോടെ വഴക്കും ദ്യേഷ്യോം സങ്കടോമെല്ലാം തീരും.

കുട്ടികളെ വല്യ ഇഷ്ടാണ് ജാനമ്മക്ക്. അടുത്ത വീട്ടിലെ ബന്ധുവിന്റെ കുട്ടിയെ എന്നും കൂട്ടി വരും. വൈന്നേരം ആയാ, കുളിപ്പിച്ച് പൊട്ടും തൊടുവിച്ച് കുപ്പായം മാറ്റീട്ടേ തിരിച്ചാക്കൂ.

അതുപോലെ തന്നെ സ്വയം ഒരുങ്ങുന്ന കാര്യത്തിലും. മുണ്ടിന്റെ കരക്ക് ചേരുന്ന ബ്ലൗസ്സേ ധരിക്കൂ. മുടിയും ചീകി പൊട്ടും തൊട്ട് ഇരിക്കുന്ന ജാൻമ്മയെ പെങ്ങന്മാർ കളിയാക്കും.

“ഓ, സുന്ദരി റെഡിയായല്ല…! “

“സുയിപ്പാക്കിക്കോപ്പാ.. നിങ്ങ സുയിപ്പാക്കിക്കോ” ജാൻമ്മ ചിരിക്കും.

ഞാൻ പ്രീഡിഗ്രിക്ക് ചേർന്ന സമയം. രാവിലെ പോയാ വൈന്നേരം മാത്രേ തിരിച്ചുവരൂ. ചോറ്റുപാത്രത്തിൽ ഒരിക്കൽ പോലും തലേന്നത്തെ ഭക്ഷണം തന്നു വിട്ടിട്ടില്ല. അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കും. പാചകത്തിൽ ഒരു കുറുക്കുവഴിയും ചെയ്യില്ല. അമ്മിയിൽ അരച്ച് മാത്രേ എന്തും ഉണ്ടാക്കൂ.

“ജാനേട്ടീന്റെ സാമ്പാറാന്ന്, സാമ്പാറ്” വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കൊക്കെ ഒന്നേ പറയാനുള്ളൂ.

കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ സുഹൃത്തുക്കൾ വീട്ടിൽ വരുമായിരുന്നു. അവരെ സ്വീകരിച്ച് സൽക്കരിക്കാനും സംസാരിച്ചിരിക്കാനും വല്യ ഇഷ്ടാണ്. അവർ പറയുന്ന തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന ജാൻമ്മയെ ഞാൻ നോക്കിയിരിക്കാറുണ്ട്. എൻ്റെ സുഹൃത്തുക്കളിൽ ഒരാൾ, ദിനേശൻ, നല്ല പാട്ടുകാരനായിരുന്നു. ദിനേശൻ വന്നാൽ എന്നെ അടുത്ത് വിളിച്ച് ജാൻമ്മ പറയും.

“ഓനോട് ഒര് പാട്ട് പാടാൻ പറ്യോ…”

…ഗോപാലക പാഹിമാം അനിശം.. രതമയീ….
ഗോപാലക പാഹിമാം …

ദിനേശൻ്റെ പാട്ട് ആസ്വദിച്ച് ഞങ്ങളോടൊപ്പം ജാൻമ്മയും ഉണ്ടാവും.

അങ്ങനെ എന്റെ ജാൻമ്മ കൂട്ടുകാരുടേയും ജാൻമ്മയായി. സ്കൂൾ തൊട്ട് കോളേജ് വരെയുള്ള എന്റെ സുഹൃത്തുക്കൾ ജാൻമ്മേടേം മക്കളായി.

ഗ്രാജുവേഷന് ശേഷം ഞാൻ ജോലിതേടി ബോംബെയിൽ പോയി. വർഷങ്ങൾ രണ്ട് കടന്നു. ഇതിനിടയൽ അനിയത്തി രജയുടെ വിവാഹം കഴിഞ്ഞു.അവൾക്കൊരു മോനുമായി. അവനെ നോക്കാനും കുളിപ്പിക്കാനും ജാൻമ്മ വേറെ ആരെയും അടുപ്പിക്കില്ല.

നാട്ടിൽ വന്നാ കുഞ്ഞിന്റെ പിറകേ കൂടുന്ന ജാൻമ്മയോട് ഞാൻ പറയും.

“എന്നെ വളർത്തിയ പോലെ ചിറക്ന്റുളളില് ഓന വളർത്തല്ലെന്റെ ജാൻമ്മേ.. ചെക്കൻ വീണോട്ട്.. വീണാലല്ലേ പഠിക്കല് “

“നിനിക്കെന്തറിയ്യാ…? ” ജാൻമ്മക്ക് ദ്യേഷ്യം.

ഞാൻ കേട്ടത് പക്ഷേ, “നിനക്കെന്തറിയാ ഒരമ്മയുടെ മനസ്സ്” ന്നാണ്. പ്രസവിച്ചിട്ടില്ലാത്ത ജാൻമ്മക്ക് ഞങ്ങൾ മക്കളും ഞങ്ങളുടെ കുട്ടികൾ പേരകുട്ടികളുമായിരുന്നു. ഞങ്ങൾ മാത്രമായിരുന്നു അവരുടെ ലോകം.

98 ല് അമ്മാമ്മയുടെ മരണശേഷം, ജാൻമ്മയായി കുടുംബനാഥ. വീട്ടുകാര്യങ്ങൾ നോക്കിക്കോണ്ട് ആസ്മയോട് യുദ്ധം ചെയ്തു കൊണ്ടേയിരുന്നു. ഞാൻ ജോലി തേടി ദുബായിലെത്തി. മൂന്ന്- നാല് വർഷത്തിനടയിൽ എന്റേം അനിയത്തിമാർ മിനീടേം ജ്യോതീടേം വിവാഹം കഴിഞ്ഞു. വിവാഹത്തിന് ശേഷം മിനി ഡെൽഹിയിലേക്ക് പോയി. ജ്യോതി മുന്നേ ബോംബെയിലാണ്.

രജയാണ് ജാൻമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ഡോക്ടറടുത്ത് കൊണ്ടു പോവുന്നതും മരുന്ന് തീർന്നാ വാങ്ങുന്നതുമെല്ലാം അവളാണ്. പല പ്രാവശ്യം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. എന്നാലും ജാൻമ്മ തളരാതെ, അസ്താലിൻ ഇൻഹേലർ പടവാളാക്കി രോഗത്തോട് പൊരുതിക്കൊണ്ടേയിരുന്നു.

അവധിക്ക് ഞങ്ങൾ നാട്ടിലെത്തിയാൽ അമ്മയെക്കാളും സന്തോഷം ജാൻമ്മക്കാണ്. തിരിച്ച് പോവുമ്പോൾ ആദ്യം കരയുന്നതും. എന്റെ കാര്യത്തിൽ എപ്പോഴും ഒരു വേവലാതിയായിരുന്നു. ഫോൺ ചെയ്താൽ “സ്മിതക്കും കുഞ്ഞിക്കും സുഖം തന്ന്യാ”ന്നുള്ള ചോദ്യത്തിലെ വേദന ഞാൻ അറിഞ്ഞു.

പ്രായം കൂടുന്തോറും ജാൻമ്മയുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. 2014 മാർച്ച് മാസത്തോടെ സ്വയം ശ്വാസം കഴിക്കാനുള്ള ജാൻമ്മേടെ അവകാശം ആത്സ്മ കയ്യടക്കി. വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വീട്ടിൽ ഓക്സിജൻ വെച്ചാലേ ഡിസ്ചാർജ് ചെയ്യാനാവൂന്ന് മോഹൻ ഡോക്ടർ പറഞ്ഞു. അങ്ങനെ ഓക്സിജൻ സിലിണ്ടറുമായി ജാൻമ്മ തിരിച്ച് വീട്ടിലെത്തി.

മുഴുവൻ സമയവും ട്യൂബിലൂടെ മാത്രേ ജാൻമ്മക്ക് ശ്വസിക്കാനാവൂ. ചെറിയ സിലിണ്ടറാവുമ്പോ പെട്ടെന്ന് തീരും. അതു കാരണം വലിയ സിലിണ്ടർ കൊണ്ടുവന്നു. പക്ഷേ ഭാരം കാരണം അത് കൈകാര്യം ചെയ്യാൻ അമ്മക്കോ അനിയത്തിക്കോ സാധിക്കാതായി. സത്യേട്ടൻ വന്നാലേ സിലിണ്ടർ തീർന്നാൽ മാറ്റാനാവൂ.

എന്റെ ഒരു ഡോക്ടർ സുഹൃത്തിനോട് ഇതേ പറ്റി സംസാരിച്ചപ്പോൾ, പുള്ളി ഒരു വഴി പറഞ്ഞു തന്നു. ഓക്സിജൻ കോൺസൻട്രേറ്റർ എന്ന മെഷീൻ വാങ്ങണം. വായുവിൽ നിന്നും ഓക്സിജൻ വേർതിരിച്ച് അത് ട്യൂബിലൂടെ നൽകും. മോഹൻ ഡോക്ടറുടെ അഭിപ്രായം അറിഞ്ഞ ശേഷം ആ മെഷീൻ വാങ്ങി, സിലിണ്ടർ ഒഴിവാക്കി. കറന്റ് പോയാൽ ഉപയോഗിക്കാൻ ഒരു ചെറിയ സിലിണ്ടർ കരുതി.

ജൂലൈ ഒന്നിന് ഞാനും കുടുംബവും ലീവിന് വന്നു. ജാൻമ്മയെ കണ്ടതോടെ എന്റെ കണ്ണ് നിറഞ്ഞു. ഹാളിൽ കട്ടിലിൽ ഇരിക്ക്യായിരുന്നു ജാൻമ്മ. അമ്മ അരികിൽ ഒരു കയ്യോണ്ട് പിടിച്ചിരിക്കുന്നു. കാറ്റും വെളിച്ചവും കൂടുതൽ കിട്ടാൻ ഹാളിലാണ് ജാൻമ്മയെ കിടത്തിയിരുന്നത്. ഇത്രേം ക്ഷീണിച്ച ജാൻമ്മയെ എനിക്ക് സങ്കൽപ്പിക്കാനേ കഴിയില്ലായിരുന്നു.

“എന്നെ ദൈവം എന്തിന് മോനേ ഇങ്ങനെ കഷ്ടപ്പെടുത്തുന്നു” എന്നെ കണ്ടതും ജാൻമ്മക്ക് സഹിക്കാനായില്ല.

ഒന്ന് കെട്ടിപ്പിടിച്ച് തടവാനല്ലാതെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.

രണ്ടാഴ്ച ഞാൻ ജാൻമ്മക്ക് കൂട്ടായിരുന്നു. അപ്പോഴേക്കും ഭക്ഷണം കഴിക്കുന്നത് കുറവായതിനാൽ നല്ലോണം ക്ഷീണിച്ചു, എഴുന്നേറ്റിരിക്കാൻ കഴിയാതെയായി.

“മോഹൻ ഡോക്ടറെ കാണിക്കാം. രണ്ട് ദിവസം അഡ്മിറ്റ് ആക്കിയാ ശരിയാവും” അമ്മ പറഞ്ഞു.

സത്യേട്ടൻ കാറെടുത്ത് ഗേറ്റിൽ വന്നു. ഞാൻ ജാൻമ്മയെ എന്റെ കയ്യിൽ വാരിയെടുത്തു. എന്റെ എട്ടുവയസ്സുകാരി മോളുടെ ഭാരം പോലുമില്ലാന്ന് ഞാൻ ഞെട്ടലോടെ ഓർത്തു. എന്നെ കയ്യിലെടുത്തു വളർത്തിയ എന്റെ ജാൻമ്മ എന്റെ കൈകളിൽ തളർന്ന് കിടക്കുന്നത് എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.

രണ്ടുദിവസത്തെ ഹോസ്പിറ്റൽ ചികിത്സ കൊണ്ട് ക്ഷീണത്തിന് നേരിയ വ്യത്യാസം ഉണ്ടായി.

ജൂലൈ 18, രാവിലെ ഞങ്ങളെല്ലാവരും ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. എനിക്കും സത്യേട്ടനും ഒരു ബന്ധുവീട്ടിൽ പോകണമായിരുന്നു. ഇറങ്ങാൻ നേരം ജാൻമ്മ എന്നോട് ചോദിച്ചു.

“നിനിക്കെനി ലീവെത്രീണ്ട് ..?”

“പതിനഞ്ച് ദിവസം”

“പതിനഞ്ചാ…?”

അതേന്നും പറഞ്ഞ് ഞങ്ങളിറങ്ങി.

പോയവീട്ടിൽ അധികനേരം നിന്നില്ല. നമുക്ക് പെട്ടെന്ന് തിരിച്ച് പോവാംന്ന് ഞാൻ സത്യേട്ടനോട് പറഞ്ഞു. മനസ്സ് നിറയെ ജാൻമ്മയായിരുന്നു.

ഞങ്ങൾ തിരിച്ച് ഹോസ്പിറ്റലിലെത്തി. ജാൻമ്മക്ക് രാവിലത്തേക്കാളും ക്ഷീണം. കുടിക്കാൻ വെള്ളം വേണംന്ന് പറഞ്ഞു. പ്രായം കൊണ്ട് എനിക്ക് അനിയത്തിയാണെങ്കിലും ജീവിതാനുഭവത്തിൽ അവൾ എനിക്ക് മുന്നിലാണ്. എന്നോട് ജാൻമ്മക്ക് വെള്ളം കൊടുക്കാൻ പറഞ്ഞു. വെള്ളം കുടിക്കുമ്പോൾ ജാൻമ്മ വിയർക്കുന്നുണ്ടായിരുന്നു.അമ്മ പോയി നേഴ്സിനെ കൂട്ടി വന്നു.

“നമുക്ക് ICU ലേക്ക് മാറ്റാം. പൾസ് കുറവാണ്” നേഴ്സ് പറഞ്ഞു.

ജാൻമ്മയെ ICU ലേക്ക് മാറ്റി. പുറത്ത് ഞങ്ങൾ നാല് പേരും.

ഒരഞ്ച് മിനിറ്റ് കഴിഞ്ഞ് കാണും. നേഴ്സ് ഒരാളെ അകത്തേക്ക് വിളിച്ചു. സത്യേട്ടൻ പോയി. ഏതാനും നിമിഷങ്ങളേ കഴിഞ്ഞുള്ളൂ. ICU വാതിൽ പകുതി തുറന്ന് സത്യേട്ടൻ എന്നോട് വരാൻ പറഞ്ഞു.

“ജാൻമ്മ പോയി ” സത്യേട്ടൻ പറഞ്ഞു. പിന്നീട് ഡോക്ടറും എന്തൊക്കെയോ പറയുന്നുണ്ടായി. ഞാനൊന്നും കേട്ടില്ല. ICUന്ന് പുറത്തിറങ്ങിയ എന്റെ മുഖം കണ്ടതും രജ എന്നെ കെട്ടിപ്പിടിച്ച് അലറി കരയാൻ തുടങ്ങി, കൂടെ അമ്മയും. ഏറെ ശ്രമിച്ച് ഞങ്ങൾ അവരെ ഒരു വണ്ടിയാക്കി വീട്ടിലേക്ക് അയച്ചു.

“എളേമ്മേനീം മിനിയേം അറീക്കണം” സത്യേട്ടൻ പറഞ്ഞു.

ഞാൻ മുംബെയിൽ രവിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. പതിനഞ്ച് മിനിറ്റിൽ രവിയെ എന്നെ തിരിച്ച് വിളിച്ചു.

“ഞാൻ സതീഷിനെ അറിയിച്ചു, വീട്ടിൽ ഞാൻ മെല്ലെ പറഞ്ഞോളാം. അമ്മയും ജ്യോതിയും മിനിയും രാത്രി 10 മണിക്ക് മംഗലാപുരം എയർപോർട്ടിൽ എത്തും. ഫ്ലെെറ്റ് ഡീറ്റെയ്ൽസ് ഞാൻ അയക്കാം. നിങ്ങൾ പോയി പിക്ക് ചെയ്താ മതി”

വിവരം അറിഞ്ഞ അടുത്ത ബന്ധുക്കൾ വീട്ടിലെത്താൻ തുടങ്ങി.

ഏഴു മണിയോടെ സത്യേട്ടൻ ഏയർപോർട്ടിൽ പോകാനൊരുങ്ങി.

“ഞാനും വരാം” ഞാൻ പറഞ്ഞു

“ഇവിടെ ആരെങ്കിലും വേണ്ടേ ?” സത്യേട്ടൻ.

“ന്നാലും ഞാൻ വരാം, എളേമ്മക്കും തീരെ കയ്യാത്തതാണ് “

ഞങ്ങൾ എത്തുമ്പോഴേക്കും ഫ്ലെെറ്റ് ലാന്റ് ചെയ്തിരുന്നു. പാർക്ക് ചെയ്ത് അഞ്ച് പത്ത് മിനുറ്റായപ്പോഴേക്കും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി മൂന്ന് പേരും പുറത്തെത്തി. എന്നെ കണ്ടതും എളേമ്മ കരയാൻ തുടങ്ങി. ഒന്ന് കെട്ടിപ്പിടിച്ചതല്ലാതെ എനിക്കൊന്നും പറയാൻ തോന്നീല. യാത്രയിൽ മുഴുവനും ആരും ഒന്നും സംസാരിച്ചില്ല.

റെയിൽവേ സ്റ്റേഷൻ എത്താനായപ്പോ സത്യേട്ടൻ പറഞ്ഞു.

“പ്രണു ഏട എത്തീന്ന് നോക്കട്ട്”

രജയുടെ മകൻ കോയമ്പത്തൂരിൽ പഠിക്കുന്നു. ഉച്ചക്ക് ശേഷം ട്രെയിനിൽ പുറപ്പെട്ടതാണ്. വിളിച്ചപ്പോ പറഞ്ഞു ട്രെയിൻ സ്റ്റേഷനിൽ എത്താറായീന്ന്. ഞങ്ങൾ സ്റ്റേഷന് മുന്നിലെത്തിയപ്പോഴേക്കും നേരെ നടന്ന് വന്ന് കാറിൽ കയറി.

ഞാൻ അതിശയിച്ചു പോയി. ഒരാളേം ബുദ്ധിമുട്ടിക്കാനിഷ്ടല്ലാത്ത ആളാണ് ജാൻമ്മ. ഇപ്പോൾ നോക്കിയേ ആർക്കും എവിടെയും കാത്ത് നിൽക്കേണ്ടി വന്നില്ല.

“നിനിക്കെനി ലീവെത്രീണ്ട്..” രാവിലെ എന്നോട് ചോദിച്ചതിന്റെ പൊരുൾ അപ്പോഴാ എനിക്ക് മനസ്സിലായത്. പതിനഞ്ച് ദിവസം ബാക്കിയുള്ളതിൽ പതിനാല് ദിവസം കർമ്മം ചെയ്യാൻ…. മറ്റുള്ളവർക്ക് വേണ്ടി ദിവസങ്ങളും മണിക്കൂറുകളും എണ്ണി നോക്കി ഒരാൾക്ക് ഈ ലോകത്തീന്ന് പോകാൻ പറ്റ്വോ !

ജാൻമ്മയുടെ വിയോഗം താങ്ങാവുന്നതിനപ്പുറത്തായിരുന്നു ഞങ്ങൾക്ക്. ഹൃദയം തകർന്ന, ഞങ്ങളും ബന്ധുക്കളും ചേർന്ന് ജാൻമ്മയെ യാത്രയാക്കി.

സമാധാനിപ്പിച്ചവർക്കെല്ലാം ഒന്നേ പറയാനുള്ളൂ

“നിങ്ങ ഓറ നല്ലോണം നോക്കീറ്റ്ലേപ്പാ.. പിന്നെല്ലും വിധിയല്ലേ… എന്താ ചെയ്യാ..”

“ഞങ്ങള നോക്കിയത് പോലെ നോക്കാൻ ശ്രമിച്ചിറ്റേ ഇല്ലൂ ” – അനിയത്തിമാരിൽ ഒരാൾ

അഞ്ചാം ദിവസായിരുന്നു സഞ്ചയനം. അടുത്ത ദിവസം ജ്യോതിക്ക് തിരിച്ച് പോണം. അഞ്ചു ദിവസം മാത്രേ ലീവുള്ളൂ അവൾക്ക്. ഞാൻ വീട്ടിന്റെ മുറ്റത്ത് റോഡിലേക്ക് നോക്കി നിൽക്കുകയായിരുന്നു. ഓരോരുത്തരോടും യാത്ര പറയുന്നതും കരയുന്നതും കേൾക്കാമായിരുന്നു. എന്നോടൊന്നും പറയാതെ അവൾ മുന്നോട്ട് നടന്നു. ഞാനും മുഖം ഉയർത്തി നോക്കീല. രണ്ടടി നടന്ന പെങ്ങൾ തിരിച്ച് വന്ന് എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. ഞങ്ങൾ രണ്ടു പേരും എത്ര നേരം കരഞ്ഞുന്ന് അറിയില്ല.

“ലേറ്റാവ്വേ” സത്യേട്ടൻ പറഞ്ഞു.

യാത്ര പറഞ്ഞ് അവളിറങ്ങി.

അന്ന് വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ ഇതെല്ലാം കാണുന്നുണ്ടായി. കുറച്ച് നേരം കഴിഞ്ഞ് അവരിലൊരാൾ എന്നെ അരികിലേക്ക് വിളിച്ചു..

“ഏച്ചീന്റേം അനിയത്തീന്റേം മക്കളായ നിങ്ങൾ ഇങ്ങനെ കെട്ടിപ്പിടിച്ച് കരയുന്നു, അതും രണ്ടുപേര്ടേം വല്ല്യമ്മ പോയ ദു:ഖത്തില്. ഞാനിത് വേറേടീം കണ്ടിറ്റ്ല. ഇനി കാണാനും പറ്റൂല. ഈ സ്നേഹം എപ്പൂം ഇണ്ടാവണം”

ഇരുപത് വർഷമായി ദുബായിൽ സെയിൽസ്‌ മാനേജർ ആയി ജോലി ചെയ്യുന്നു. പയ്യന്നൂർ രാമന്തളി സ്വദേശി.