തെരുവ്

പൊരിവെയിലത്ത്
ദൂരങ്ങൾ താണ്ടുമ്പോൾ
എന്റെ കണ്ണുകൾ
ചെന്നുടക്കിയത്
വിശപ്പുകഴിച്ച്
വിളർത്തു പോയ
ചില മുഖങ്ങളിലേക്കായിരുന്നു.

കണ്ണുനീർ പതിച്ച
തിളങ്ങുന്ന കണ്ണുകൾ,
മരു’ എന്ന്
വരണ്ട ചുണ്ടുകൾ,
മണ്ണുതിന്ന കൈകാലുകൾ!

യാത്രക്കാരിലേക്കു
ദയനീയതയുടെ
നോട്ടമെറിഞ്ഞ
പിഞ്ച്
പട്ടിണിക്കോലങ്ങൾ ;
‘കളിപ്പാട്ടമെന്ന്‌ ’
ഒരു ഇളം മെയ്യു
കരഞ്ഞു തളർന്നുറങ്ങുന്നു,
വറുത്തുവെച്ച പലഹാരം
കിനാവ് കാണുന്നു.

വെളുത്ത രാത്രിയിൽ
കറുത്ത മാന്യന്മാർ
തെരുവിന്റെ
ഓക്കാനങ്ങളിലേക്കു
മാംസ സുഖം തേടി
വേട്ടനായ്ക്കളാകുന്നു.

ഭ്രാന്തന്റെ തെരുവിൽ
ലക്ക് കെട്ടൊരാൾ
നെരൂദയുടെ
പ്രണയം ഉറക്കെ പാടുന്നു;
കള്ളന്മാരുടെ മുദ്രാവാക്യം
പാട്ടിനെ വിഴുങ്ങുന്നു.

സങ്കട പെയ്ത്തുകളിൽ
ഹൃദയം
ചൊറിഞ്ഞു പൊട്ടി.
വൃണങ്ങൾക്കുള്ളിലും
കറകലരാത്ത ഹൃദയമുണ്ടെന്നു
ഒരു നിറവയർ
താരാട്ടു പാടുന്നു,
നഗരത്തിന്റെ
ഓക്കാനങ്ങൾക്കു മീതേ
പാൽമണം പരക്കുന്നു.

ചൂഴ്ന്നെടുക്കുന്ന
കഴുകൻ കണ്ണുകളിൽ നിന്ന്
ഒരമ്മ കുഞ്ഞിനു മേലെ
കരുതലിന്റെ
ചിറക് വിരിക്കുന്നു.

അങ്ങിനെ
മനസിലൊരു വിങ്ങലായി
മാറുന്ന
തെരുവുകാഴ്ച്ചകളിലേക്കു
ഉറങ്ങാനാകാതെ
ഞാൻ
ഉണർന്നിരിക്കുന്നു.

കോഴിക്കോട് വേളം സ്വദേശിനി, ഇപ്പോൾ ഖത്തറിൽ. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതാറുണ്ട്