എരണ്ടകെട്ട്

‘പരീക്ഷ എഴുതി തീർന്നവരെ വീട്ടിൽ പോകാൻ സമ്മതിച്ചൂടെ .. ഇനി എത്ര നേരം ഇരിക്കണം… മാഷിനോട് ചോദിച്ചാലോ… ‘

കേശുകുട്ടൻ ഏറുകണ്ണിട്ടു മാഷിനെ നോക്കി. അതോടെ വീട്ടിൽ പോകാനുള്ള ആഗ്രഹം കേശു അല്പം അടക്കി.

പി ടി മാഷിനാണ് ഇന്ന് പരീക്ഷയുടെ മേൽനോട്ടം. ആളെ കണ്ടാലേ കുട്ട്യോൾക്ക് പേടിയാണ്. പറ്റെ വെട്ടിയ മുടിയും വായിലേക്ക് വളർന്നു നിൽക്കുന്ന വലിയ മീശയും ആരുടെ ചന്തിക്കാണ് ചൂരലിട്ടു രണ്ടു പൂശുന്നത് എന്നുള്ള ഭാവത്തിൽ ആണ് മാഷുടെ നോട്ടവും ഇരിപ്പും. ബാക്കി ഉള്ള മാഷുമ്മാര് ഒക്കെ പരീക്ഷ എഴുതി തീർന്നാൽ വീട്ടിൽ പോകാൻ സമ്മതിക്കും. പി ടി മാഷ് കൃത്യം നാല് മണി ആകാതെ ഇരുന്നിടത്ത് നിന്നും അനങ്ങാൻ സമ്മതിക്കില്ല.

ഒരിക്കൽ കേശു ആ ചൂരലിന്റെ ചൂട് അറിഞ്ഞതാണ്. മലയാളം ടീച്ചർ വരാതിരുന്ന ഒരു ദിവസം ക്ലാസ്സിൽ കുട്ടികൾ എല്ലാവരും ഭയങ്കര കലപില ആരുന്നു. പി ടി മാഷിന് സ്കൂൾ വരാന്തയിൽ കൂടി റോന്ത് ചുറ്റണ പരിപാടി ഉണ്ട്. അലമ്പന്മാരെ പിടിക്കാൻ ആണ്. അന്ന് ബഹളം കേട്ടു ക്ലാസ്സിൽ എത്തിയ മാഷിന്റെ കണ്ണിൽ പെട്ടത് തിരിഞ്ഞു പുറകിലത്തെ ബെഞ്ചിൽ ഉള്ള പയ്യനോട് എന്തോ പറയുന്ന കേശുവിനെ ആണ്. പോരെ പൂരം. അതിൽ പിന്നെ അവനു മാഷിനെ കാണുന്നതേ പേടിയാ.. പക്ഷെ അവൻ ഒന്ന് ഉറപ്പിച്ചിട്ടുണ്ട്… പഠിച്ചു വലുതായി ഈ സ്കൂളിലെ ഹെഡ്മാഷ് ആവും… എന്നിട്ട് പി ടി മാഷിനെ അസ്സെംബിക്കു ഡെസ്കിൽ കയറ്റി മുട്ട് കുത്തി നിർത്തി മാഷിന്റെ ചന്തിക്കു ചൂരല് വച്ചു പെടക്കും…

അല്ല.. ഇതിപ്പോ എന്താ കേശുവിനു വീട്ടിൽ പോയിട്ടു അത്യാവശ്യം എന്നാവും… അത്യാവശ്യം ഉണ്ടേ…

കേശു മൂന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ഇന്നാണ് വർഷാന്ത്യ പരീക്ഷയിലെ അവസാനത്തെ അങ്കം. നാളെ മുതൽ വേനൽ അവധി തുടങ്ങുകയാണ്. കാവിലെ ആറാട്ട് ആണ് നാളെ. ആറാട്ടിന് ദേവിയെ എഴുന്നള്ളിക്കാൻ ഇന്ന് ആനയെ കൊണ്ടുവരും. ആനയെ കാണാൻ പോകാൻ ഉള്ള തിടുക്കം ആണ് അവന്. അതിനാണ് പി ടി മാഷ് വിലങ്ങു തടി ആയി നിൽക്കുന്നത്, ദുഷ്ടൻ.

കേശു കാത്തിരുന്നു കാത്തിരുന്നു മുഷിഞ്ഞു. ഒടുവിൽ നാല് മണിയായി. കേശു പെട്ടെന്ന് എഴുന്നേറ്റു മാഷേ പേപ്പർ എന്ന് പറഞ്ഞു നീട്ടി. മാഷിനത് അത്ര ഇഷ്ടപ്പെട്ടില്ല.

“അത്ര ധൃതി ആയോ… എന്നാലൊന്നു കാണണമല്ലോ ” എന്ന് പറഞ്ഞു മാഷ് ബാക്കി മുഴുവൻ കുട്ടികളുടെയും പേപ്പർ വാങ്ങിയതിന് ശേഷമേ അവന്റേത് വാങ്ങിയുള്ളു.

പേപ്പർ മാഷ് വാങ്ങിയതും കേശു ഇറങ്ങി ഓടി വീട്ടിലേയ്ക്ക്. നടന്നാൽ അരമണിക്കൂർ ഉണ്ട് വീട്ടിലേയ്ക്ക്. പുഴയുടെയും പാടത്തിന്റെയും നടുവിലുള്ള ചിറയിലൂടെ വേണം അവന്റെ വീട്ടിലേക്കു പോകാൻ. കൊയ്ത്തുകാലം ആയതിനാൽ നല്ല സ്വർണ നിറത്തിൽ ഉള്ള പരവതാനി വിരിച്ചതു പോലെ നോക്കെത്താ ദൂരത്തേക്ക് വിരിഞ്ഞു കിടക്കുയാണ് നെൽപ്പാടം. അതിൽ വെള്ളപ്പുള്ളികൾ എന്നപോലെ പാടത്തു വന്നിരുന്നു നെല്ല് കൊത്തി തിന്നുകൊണ്ടിരുന്ന കൊക്കുകൾ കേശുവിന്റെ വെപ്രാളം പിടിച്ചുള്ള പോക്ക് കണ്ടു തലയുയർത്തി നോക്കിയിട്ട് തെല്ലൊരു അങ്കലാപ്പോടെ വീണ്ടും നെല്ല് കൊത്തിത്തിന്നാൻ തുടങ്ങി. മാവിൻ കൊമ്പിൽ ഇരുന്ന് മാങ്ങ കൊത്തി തിന്നിരുന്ന കാക്കകൾ തല ചെരിച്ചു “ഇവൻ ഇതെങ്ങോട്ടാണ് പായുന്നത് ” എന്ന മട്ടിൽ നോക്കി. പ്ലാവിലൂടെ തല കുത്തനെ ഇറങ്ങി വന്ന അണ്ണാറക്കണ്ണൻ പാതി വഴിയിൽ പേടിച്ചു തിരിച്ചു കയറിപ്പോയി മുകളിൽ ചെന്നിരുന്നു ഒളിഞ്ഞു നോക്കി.

കാൽ മണിക്കൂർ നേരത്തെ പാച്ചിലിനൊടുവിൽ കേശു കാവിലെത്തി. അവിടെ ഒക്കെ ആളുകൾ കൂടി നിൽപ്പുണ്ട്. അവൻ അതിനിടയിൽക്കൂടി നുഴഞ്ഞു നുഴഞ്ഞു മുൻനിരയിൽ എത്തി. പക്ഷെ അവൻ കാണാൻ കഴിഞ്ഞത് ക്ഷീണിതൻ ആയി കിടക്കുന്ന ആനക്കുട്ടനെ ആണ്. പാപ്പനും നാട്ടുകാരും ഒക്കെ ചേർന്ന് ആനയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കൂട്ടം കൂടി നിൽക്കുന്നവർ എന്തൊക്കെയോ ആശങ്കപ്പെടുന്നത് അവന് കേൾക്കാം. എന്ത് പറ്റി എന്ന് അറിയാതെ അവന് വെപ്രാളം ആയി. പെട്ടെന്ന് അവൻ അവിടെ ആകെ ഒരു മുഖം പരതി, ജോസേട്ടന്റെ..

ജോസ് അവന്റെ സ്കൂളിൽ തന്നെ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ ആണ്. ജോസേട്ടന് സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ചും അറിയാം എന്നാണ് കേശു പറയാറുള്ളത്. അല്ലെങ്കിൽ അങ്ങനെയാണ് ജോസിന്റെ ഭാവം. അവിടെ എങ്ങും ജോസേട്ടന്റെ മുഖം കണ്ടില്ല. ജോസേട്ടൻ ചിലപ്പോൾ പഞ്ചായത്തിന്റെ കളിസ്ഥലത് കാണും. കേശു അവിടെ എത്തി അന്വേഷിച്ചെങ്കിലും ജോസിനെ കണ്ടില്ല. വീട്ടിൽ കാണും, അവൻ ജോസിന്റെ വീട്ടിലേക്കോടി. പ്രതീക്ഷയോടെ വാതിൽ പടിയിലേയ്ക്ക് നോക്കി.

“ഹാവൂ… സമാധാനം ആയി… ജോസേട്ടന്റെ ചെരുപ്പ് അവിടെ കിടപ്പുണ്ട്.. അപ്പോൾ വീട്ടിൽ തന്നെ ഉണ്ട് “

“ജോസേട്ടാ… ” കേശു കിതച്ചുകൊണ്ട് വിളിച്ചു.

“കേശു ആണോടാ. ഇങ്ങു കയറി വാടാ മോനെ. അവൻ കഴിക്കുവാ ” ജോസിന്റെ അമ്മ അവനെ അകത്തേയ്ക്കു വിളിച്ചു.

ജോസേട്ടൻ നല്ല ഒന്നാന്തരം താറാവ് കുരുമുളക് ഇട്ടു വരട്ടിയതും അപ്പവും തട്ടിക്കൊണ്ട് ഇരിക്കുകയാണ്.

“മോനിരിക്കു.. അമ്മ കഴിക്കാൻ കൊണ്ടുവരാം ” ജോസിന്റെ അമ്മ കേശുവിന് അപ്പവും കറിയും എടുക്കാൻ അടുക്കളയിലേക്കു പോയി. പക്ഷെ അതൊന്നും കേശു ശ്രദ്ധിച്ചില്ല. അവന് അറിയേണ്ടത് ആനക്കുട്ടന് എന്ത് പറ്റി എന്നായിരുന്നു.

“ജോസേട്ടാ… കാവിൽ വന്ന ആനക്കുട്ടന് എന്തോ പറ്റി… നാട്ടുകാരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്… എന്ത് പറ്റിയതാ എന്ന് ജോസേട്ടന് അറിയാമോ..? ജോസേട്ടൻ കാണാൻ പോയിരുന്നോ.?.. “

“അത് ആ ആനയ്ക്ക് എന്തോ അസുഖം ആണത്രേ… എരണ്ടകെട്ട് എന്നോക്കെ പറയുന്നത് കേട്ടു. സന്ദീപേട്ടനും പ്രശാന്തേട്ടനും ഒക്കെ.. ” ജോസ് താറാവ് കറി പറ്റിയ വിരലുകൾ നക്കിക്കൊണ്ട് പറഞ്ഞു.

“എരണ്ടകെട്ടോ?.. എന്നുവച്ചാൽ എന്താ? എരണ്ട ഒരു പക്ഷി അല്ലെ…? കൊയ്ത്തു ഒക്കെ കഴിഞ്ഞു പാടത്തു വെള്ളം നിറയുമ്പോൾ അതിൽ മുങ്ങാംകുഴിയിട്ടു എന്തൊക്കെ തപ്പി തിരഞ്ഞു നടക്കുന്ന ഒരു മാന്ത്രിക പക്ഷി… ചിപ്പിടി ചേച്ചി പറഞ്ഞത് ആ പക്ഷി വെള്ളത്തിന്റെ അടിയിൽ ഭൂതങ്ങൾ ഒളിപ്പിച്ചുവച്ച നിധി തേടുകയാണെന്നാ.. ” കേശു ആകാംക്ഷയോടെ ചോദിച്ചു.

ജോസ് ഒന്ന് പരുങ്ങി…

“അത്.. പിന്നെ… ആ എരണ്ട വേറെ… ഈ എരണ്ട വേറെ… നിനക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല… ഞങ്ങൾ വല്യൊരു അതൊക്കെ നോക്കിക്കോളാം.. ആനയ്ക്ക് മേലാഴിക ആണ്. ഇപ്പൊ അത്രയും അറിഞ്ഞാൽ മതി “

‘എരണ്ടകെട്ട്’ എന്ന് നാട്ടുകാർ കാവിൽ പറയുന്നത് കേട്ടു എന്ന് അല്ലാതെ ജോസിന് അതേപ്പറ്റി വല്ല്യ ധാരണ ഇല്ലാരുന്നു. പക്ഷെ കേശുവിന്റെ മുൻപിൽ തന്റെ അജ്ഞത വെളിപ്പെടരുതല്ലോ. തന്നെ ഒരു സംഭവം ആയി കാണുന്ന ആ നാട്ടിലെ ഒരേ ഒരു ആളാണ് കേശു. ആ വില കളയാൻ പാടില്ല. എന്നാലും എന്താവും ഈ എരണ്ടകെട്ട്…? കേശുവിന്റെ ചിപ്പിടി ചേച്ചി പറഞ്ഞ പക്ഷിയുമായി ഇനി വല്ല ബന്ധവും ഉണ്ടോ. ആ… ആർക്കറിയാം ചെറുക്കനെ എന്തെങ്കിലും പറഞ്ഞു പറ്റിക്കാം.’

അപ്പോഴേക്കും കേശുവിനുള്ള അപ്പവും താറാവും എത്തി.

“നീ കഴിക്ക്.. എന്നിട്ട് വീട്ടിലേക്കു പോ.. നാളെ നമുക്ക് അന്വേഷിക്കാം ” സൂത്രത്തിൽ ജോസ് തടിതപ്പി.

ഭക്ഷണം കഴിച്ചിട്ട് മനസില്ലാമനസോടെ കേശു വീട്ടിലേക്കു പോയി. പോകുന്ന വഴി ഒക്കെ അവന്റെ ചിന്ത ആനക്കുട്ടനെ കുറിച്ച് ആയിരുന്നു. ‘ചേച്ചിയോട് ചോദിക്കാം.. ചേച്ചിക്ക് അറിയാമായിരിക്കും… അച്ഛനോടോ അമ്മയോടോ അപ്പൂപ്പനോടോ ചോദിച്ചാൽ വഴക്കിടും തനിച്ചു കാവിൽ ആനയെക്കാണാൻ പോയതിന്.. ചേച്ചിയേ സ്വാധീനിച്ചു തഞ്ചത്തിൽ കാര്യം തിരക്കാം… എന്നെ തവിടു കൊടുത്ത് മേടിച്ചതാണെന്നും പറഞ്ഞു വഴക്കുണ്ടാക്കുമെങ്കിലും അവൾക്കു കാര്യങ്ങൾ അറിയാം..’

വീട്ടിൽ എത്തിയ കേശു ചിപ്പിടി ചേച്ചിയുടെ അടുത്തേയ്ക്കു പോയി. ചേച്ചി വാതിൽ അടച്ചിട്ടു ഇരുന്നു പഠിക്കുകയാണ്. ചേച്ചിക്കു നാളെ ഒരു പരീക്ഷ കൂടി ഉണ്ട്. പ്ലസ് ടുവിൽ ആണ്.

“ചേച്ചി.. ” കേശു വാതിലിൽ മുട്ടി.

“എന്താടാ… ഞാൻ പഠിക്കുകയാ… കുറച്ചു കഴിഞ്ഞു വാ… ശല്യപ്പെടുത്താതെ “

“ചേച്ചി ഒന്ന് വാതിൽ തുറക്ക് ചേച്ചി. എനിക്കൊരു കാര്യം ചോദിക്കാനാ… അത്യാവശ്യം ആയതുകൊണ്ടല്ലേ”

“ഈ ചെറുക്കനെ കൊണ്ട് വല്യ ശല്യം ആയല്ലോ…എന്താ ” ചിപ്പിടി ദേഷ്യത്തോടെ വാതിൽ തുറന്നു. കേശുവിന്റെ അടുത്ത് വന്നു ഇരുന്നു.

“നിന്റെ ഉടുപ്പിൽ എന്താടാ കറ…? എന്തോ കറി ആണല്ലോ…? കാവിൽ ഉത്സവം ആയിട്ട് നീ ഇറച്ചി കറി കഴിച്ചോ.. മണം വരുന്നുണ്ടല്ലോ..? “

“അയ്യോ… പെട്ടല്ലോ… ” ആനക്കുട്ടനു വയ്യാതായ വെപ്രാളത്തിൽ ഉത്സവം കഴിയുന്നത് വരെ ഇറച്ചിയും മീനും മുട്ടയും കഴിക്കരുതെന്ന് അമ്മ പറഞ്ഞിരുന്നത് അവൻ മറന്നു “… കേശു നിന്നു പരുങ്ങി.

“ഞാൻ മറന്നു പോയി ചേച്ചി… ജോസേട്ടന്റെ അമ്മ അപ്പവും താറാവ് കറിയും തന്നപ്പോൾ ഞാൻ ഓർക്കാതെ കഴിച്ചുപോയതാ… കാവിൽ കൊണ്ടുവന്ന ആനയ്ക്ക് വയ്യാതെ ആയി… അത് ചോദിക്കാൻ പോയതാ ജോസേട്ടന്റെ അടുത്ത്… ജോസേട്ടൻ പറയുന്നത് എരണ്ടകെട്ട് ആണെന്നാ ആനയ്ക്ക്… എന്ന് വച്ചാൽ എന്താ ചേച്ചി? എരണ്ട നിധി തേടി വെള്ളത്തിൽ മുങ്ങുന്ന മാന്ത്രിക പക്ഷി ആണെന്ന് ചേച്ചി നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ.. “

‘ഓഹോ… അപ്പോൾ ജോസിന്റെ വീട്ടിൽ പോയി നല്ല അപ്പവും കറിയും തട്ടിയിട്ട് വന്നിരിക്കുകയാണ് ആശാൻ… ഇവനെ ഒന്ന് വിരട്ടിയേക്കാം’ ചിപ്പിടി മനസ്സിൽ ഓർത്തു.

“അയ്യോ.. ജോസിന്റെ വീട്ടിൽ നിന്നും ഇറച്ചി കറി കഴിച്ചോ നീ…? അത് താറാവ് ഒന്നും അല്ല. എരണ്ട ആണ്. നിന്റെ കാര്യം പ്രശ്നത്തിൽ ആണെടാ കുട്ടാ. ജോസിന്റെ അച്ഛൻ വള്ളത്തിൽ രണ്ടു എരണ്ടയെയും പിടിച്ചോണ്ട് പോകുന്നത് ഞാൻ കണ്ടതാ. കാവിൽ കൊണ്ടുവന്ന ആന കടവിൽ വെള്ളം കുടിക്കാൻ തുമ്പിക്കൈയിലേക്ക് വെള്ളം വലിച്ചു കേറ്റിയപ്പോൾ ഒരു എരണ്ടപക്ഷി മൂക്കിൽ കൂടെ ആനയുടെ വയറിൽ എത്തി. ദേഷ്യം വന്ന എരണ്ട ആനയുടെ വയറിൽ ഒരു കെട്ടു കെട്ടി.അങ്ങനെ ആനയ്ക്ക് എരണ്ട കെട്ടായി. ഇനി നിനക്കും എരണ്ടകെട്ടു വരും. എരണ്ടകെട്ടു വന്നാൽ സഹിക്കാൻ വയ്യാത്ത വേദന ആണ്. ചിലപ്പോൾ ആളുകൾ മരിച്ചുപോകും. എത്ര പേരാ എരണ്ടകെട്ടു വന്നു മരിച്ചു പോയിട്ടുള്ളതെന്നു അറിയാമോ.? ശപിക്കുന്ന മാന്ത്രിക പക്ഷി ആണത് “

കേശുവിനു ഓക്കാനം വന്നു. അവൻ മുറ്റത്തേയ്ക്ക് ഓടി. തെങ്ങിൻ ചുവട്ടിൽ പോയി ഛർദിച്ചു. അവന് ആകെ പേടി ആയി. അവൻ കട്ടിലിൽ പോയി കമിഴ്ന്നു കിടന്നു. വയറു വേദന എടുക്കുന്നുണ്ടോ… ? അവന് സംശയം ആയി… അച്ഛനോടോ അപ്പൂപ്പനോടോ പറയാനും പേടി.

അമ്മ വിളിച്ചപ്പോഴൊക്കെ ഉറക്കം വരുന്നു എന്ന് പറഞ്ഞു അവൻ ഒഴിവായി. അമ്മയ്ക്ക് ചെറിയ പന്തികേട് തോന്നാതിരുന്നില്ല..

സന്ധ്യ കഴിഞ്ഞപ്പോൾ അച്ഛനും അപ്പൂപ്പനും അമ്പലത്തിൽ നിന്നും എത്തി. അവര് തമ്മിലുള്ള സംസാരം അവൻ കാതോർത്തു. ആനയെ കുറിച്ചാണ് .

“ആന രക്ഷപെടും എന്ന് തോന്നുന്നില്ല. എരണ്ടകെട്ടു വന്നാൽ പിന്നെ രക്ഷപെടാൻ സാധ്യത കുറവാ”.. അച്ഛൻ അപ്പൂപ്പനോട് പറഞ്ഞു.

“എന്നാലും വല്യ കഷ്ടം ആയിപ്പോയി. എന്തോ ദോഷം ആണ്. ഉത്സവം സമയത്ത് ഇങ്ങനെ ഉണ്ടായല്ലോ.. . അമ്പലത്തിൽ പ്രശ്നം വയ്പ്പിക്കണം. പരിഹാര ക്രിയകൾ ഒക്കെ ചെയ്തു ദോഷം അകറ്റണം.. ” അപ്പൂപ്പൻ പറഞ്ഞു.

“കേശു വന്നപ്പോൾ മുതൽ കിടപ്പാണ്… എന്തോ പറ്റിയിട്ടുണ്ട്… പരീക്ഷ പാടായിരുന്നോ എന്തോ… ഞാൻ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല… അച്ഛനൊന്നു ചോദിച്ചു നോക്കിക്കേ ” അമ്മ അപ്പൂപ്പനോട് പറഞ്ഞു.

ഉറക്കം നടിച്ചു കിടന്ന കേശു ഇത് കേട്ടു, അവന് പേടി ആയി. അപ്പൂപ്പൻ അവന്റെ അടുത്ത് ചെന്നിരുന്നു. അവനെ സമാധാനിപ്പിച്ചു. പരീക്ഷ പ്രയാസം ആയിരുന്നെങ്കിൽ സാരമില്ലടാ. അപ്പൂപ്പന്റെ കേശു കുട്ടൻ ഇങ്ങു നോക്കിക്കേ.. എന്തുണ്ടെലും മക്കൾ അപ്പൂപ്പനോട് പറ…

കേശു പൊട്ടിക്കരയാൻ തുടങ്ങി,

അപ്പൂപ്പൻ അവനെ വാരി എടുത്ത് മടിയിൽ കിടത്തി..

“കരയാതെടാ കുഞ്ഞേ… അപ്പൂപ്പൻ ഇല്ലേ “

“അപ്പൂപ്പാ… കാവിൽ വന്ന ആന മരിക്കുമോ…? “

“ആനകളെ മരിക്കും എന്ന് പറയില്ല, ആന ചരിഞ്ഞു എന്ന് പറയണം. കാവിലെ ആന ചിലപ്പോൾ ചരിയും, അവന് തീരെ വയ്യ… എരണ്ടകെട്ട് ആണ് “

“അപ്പോൾ ഞാനും മരിക്കുമോ അപ്പൂപ്പാ? എനിക്കും എരണ്ടകെട്ടു വരുമോ?.. “

“നിനക്ക് എങ്ങനെ ആണെടാ എരണ്ടകെട്ടു വരുന്നേ? അത് ആനകൾക്ക് വരുന്ന രോഗം ആണ്…”

“ഞാനും എരണ്ടയെ കഴിച്ചല്ലോ ജോസിന്റെ വീട്ടിൽ നിന്നും.! താറാവ് കറി ആണെന്ന് പറഞ്ഞാണ് തന്നത്. പക്ഷെ അത് നിധി തേടുന്ന എരണ്ട പക്ഷി ആണെന്ന് ചേച്ചി പറഞ്ഞല്ലോ. എരണ്ട പക്ഷി ശപിക്കും. അത് നമ്മുടെ ഉള്ളിൽ പോയാൽ വയറിൽ കെട്ടിടും അത്രേ.. “

“അതുശരി… അവളാണോ ഈ വിഡ്ഢിത്തരം ഒക്കെ പറഞ്ഞത് എന്റെ കുഞ്ഞിനെ പേടിപ്പിച്ചത്.. എടാ.. അമ്പലപൊട്ടാ… എരണ്ടകെട്ടു എന്ന് പറയുന്നത് ആനയ്ക്ക് ഉണ്ടാക്കുന്ന ഒരുതരം ദഹനക്കേട് ആണ്… ആന കാട്ടിൽ വളരേണ്ട ജീവി ആണ്… നമ്മൾ മനുഷ്യർ അതിനെ ഉപദ്രവിച്ചു മെരുക്കി നാട്ടിൽ ഉത്സവത്തിനും മറ്റു ആഘോഷങ്ങൾക്കും ഒക്കെ എഴുന്നളിച്ചു കൊണ്ടുനടക്കുന്നു. ആന ഒരു സസ്യഭുക്ക്‌ ആണ്… അത് ഇറച്ചി ഒന്നും കഴിക്കില്ല… ഈർപ്പമുള്ള കട്ടികുറഞ്ഞ ഇലകൾ ആണ് ആനയ്ക്ക് കൊടുക്കേണ്ട ഭക്ഷണം… നമ്മൾ മനുഷ്യന്മാര് പനമ്പട്ടയും ഓലയും ഒക്കെ പോലെ ഉള്ള ദഹിക്കാൻ പ്രയാസം ഉള്ള കട്ടി ആഹാരം ആണ് ആനയ്ക്ക് കൊടുക്കുന്നത്… ആനകൾ കാട്ടിൽ ഒരുപാട് കിലോമീറ്ററുകളോളം ഒരോ ദിവസവും നടക്കും… അങ്ങനെ ഉള്ള ആനയെ ഇപ്പോൾ നടക്കാൻ അനുവദിക്കാതെ ലോറിയിൽ നിർത്തി അല്ലെ കൊണ്ടുപോകുന്നത്… അപ്പോൾ അവർക്കു വ്യായാമവും കിട്ടില്ല… രാവൊടു പകൽ ഒരേ നിൽപ്പ് അല്ലെ.. വണ്ടിയിൽ കൊണ്ടുപോകുമ്പോൾ പേടിയും വരും… അതൊക്കെ ആ പാവങ്ങളുടെ ദഹനത്തെ ബാധിക്കും… അങ്ങനെ കഴിക്കുന്ന ഭക്ഷണം എല്ലാം കട്ടിപിടിച്ചു മുൻപോട്ടു പോകാതെ കുടലിൽ കുടുങ്ങി കിടക്കും.. പനയോലയിലെ മുള്ളും തെങ്ങോലയിലെ ഈർക്കിലിയും എല്ലാം ആനയുടെ കുടലിൽ മുറിവുണ്ടാക്കും.. അങ്ങനെ ഒടുവിൽ ഭക്ഷണം കഴിക്കാനും പിണ്ഡം ഇടാനും കഴിയാതെ പാവങ്ങൾ ചരിയും… ഭക്ഷണം ഇങ്ങനെ കട്ടി പിടിച്ചു കിടക്കുന്ന അവസ്ഥയെയാണ് എരണ്ടകെട്ടു എന്ന് പറയുന്നത്… അല്ലാതെ വയറിൽ ആരും വന്നു കെട്ട് ഇടത്തില്ല… മനസ്സിലായോടാ.. മണ്ടൻ കുട്ടാ.. “

“അപ്പോൾ ചേച്ചി പറഞ്ഞതോ.. ഞാൻ മരിച്ചുപോകുമെന്നു? ” രണ്ടു കണ്ണുകളും തുടച്ചുകൊണ്ട് കേശു അപ്പൂപ്പനോട് ചോദിച്ചു.

“അവൾ നിന്നെ പറ്റിച്ചതാ… അപ്പൂപ്പൻ വഴക്ക് പറയാം.. ചിപ്പിടി… ഇവടെ വാടി… നീയെന്റെ കുഞ്ഞിനെ കരയിക്കും അല്ലെ “… അടിക്കുന്നതുപോലെ അഭിനയിച്ചുകൊണ്ട് അപ്പൂപ്പൻ അവളോട് പറഞ്ഞു… അവൾ കരയുന്നത് പോലെ കാണിച്ചു. അത് കണ്ടപ്പോൾ കേശുവിനു സമാധാനം ആയി അവന്റെ കരച്ചിൽ മാറി മുഖത്തൊരു ചിരി വിടർന്നു.

അപ്പൂപ്പൻ അവനെ വാരി എടുത്തൊരു ഉമ്മ കൊടുത്തിട്ട് താഴെ നിർത്തി. എന്നിട്ട് ചിപ്പിടിയെയും വിളിച്ചുകൊണ്ടു അപ്പുറത്തേയ്ക്ക് പോയി.

“മോളെ… അവൻ നിന്നെക്കാൾ ഒരുപാട് കുഞ്ഞല്ലേ… ഇങ്ങനെ ഒന്നും പറയരുത്.. അതൊക്കെ അവരുടെ മനസ്സിനെ ബാധിക്കും… അപ്പൂപ്പൻ വഴക്ക് പറയുന്നതല്ല.. നിനക്ക് മനസ്സിലാവാൻ വേണ്ടി ആണ്… നീ അവനെ പോയി ഒന്ന് സമാധാനിപ്പിക്ക് “…

“ശരി..അപ്പൂപ്പാ.. “എന്ന് പറഞ്ഞു ചിപ്പിടി കേശുവിന്റെ അടുത്തെത്തി.

“കേശുകുട്ടാ… ചേച്ചിയോട് പിണക്കം ആണോ.. ചേച്ചി ചുമ്മാതെ പറഞ്ഞതല്ലേ… “

“എന്നെ പറ്റിച്ചില്ലേ…? ഞാൻ മരിച്ചുപോകും എന്ന് പറഞ്ഞില്ലേ… ന്നാലും എനിക്ക് പിണക്കം ഒന്നും ഇല്ല… എന്റെ ചിപ്പിടി ചേച്ചി അല്ലെ നീ”

അവളുടെ കണ്ണ് നിറഞ്ഞു. അവൾ അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു. അപ്പോൾ അവൻ ഒരു കടി വച്ചു കൊടുത്തു, എന്നിട്ട് ഒരു കള്ള ചിരിയും പാസാക്കി.

ദിവസങ്ങൾക്കു ശേഷം ഒരുനാൾ കേശു രാവിലെ ഉറക്കം ഉണർന്നപ്പോൾ താഴത്തു അച്ഛന്റെയും മറ്റാരുടേയുമോ സംസാരം കേട്ടു. കണ്ണ് തിരുമ്മി എഴുന്നേൽക്കുമ്പോൾ അവർ പറയുന്നത് അവൻ ശ്രദ്ധിച്ചു..,

“ആനയ്ക്ക് കുറച്ചു ഭേദം ആയിട്ടുണ്ട്… ഇനി ഇപ്പോൾ രക്ഷപെടുമായിരുക്കും…. “

സന്തോഷം കൊണ്ട് കേശു തുള്ളിച്ചാടി.

ആലപ്പുഴ ജില്ലയിലെ നീലംപേരൂർ സ്വദേശി. നവ മാധ്യമങ്ങളിൽ കഥകളും സിനിമ നിരൂപണങ്ങളും എഴുതുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ തിരുപ്പൂർ വേലംപാളയം ശാഖയിൽ അസിസ്റ്റന്റ് മാനേജർ.