തോറ്റുപോയത്
എവിടെ നിന്നാണെന്ന്
ഓർത്തെടുക്കാനാണ്
യാത്ര പോയത്.
പിന്നോട്ട് പായുന്ന
പുറം കാഴ്ചകളിൽ
കണ്ണ് തിരഞ്ഞത്
എന്നെയായിരുന്നു.
വേനൽ തിന്ന പകലും
പ്രളയം കുടിച്ച കടലും
ഒളിപ്പിച്ചു വച്ചത്
എന്നെയായിരുന്നു.
ഒട്ടിയ വയറിലും
കുഴിഞ്ഞ കണ്ണിലും
വരണ്ട മാറിലും
എന്നെ കണ്ടിരുന്നു.
ജനൽ പാളിയിലൂടെ
ഒളിഞ്ഞു നോക്കിയ പ്രണയം
ഓടിയൊളിക്കുന്നുണ്ട്,
ഞാൻ കണ്ടില്ലായിരുന്നു.
യാത്രയിൽ ആരും
തുറിച്ചു നോട്ടത്തിന്
സദാചാരത്തിന്റെ
കുന്നുകയറ്റിയില്ല.
മടക്കമില്ലാതെ
യാത്ര തുടരുന്നുണ്ട്…
കണ്ടിട്ടും കാണാതെ
വഴുതിമാറുന്നുണ്ട് ഞാനും