ബാൽക്കണിയിലെ ഗ്രാനൈറ്റ് തിണ്ണയിൽ മുഖാമുഖമിരുന്ന്
ഒരു കാപ്പി കുടിയ്ക്കുമ്പോൾ
അതിൽ കൺനോട്ടങ്ങളുടെ
മധുരമൊരൽപംകൂടി ചേർത്തിളക്കി
വിരൽത്തുമ്പു കോർത്തിണക്കിപ്പറയാനുള്ള
നിന്നെത്തൊടുന്ന വാക്ക്
എനിയ്ക്ക്
ആരിൽനിന്നാണു വരമായിക്കിട്ടുക?
വായിക്കുന്ന പുസ്തകത്തിൽനിന്ന്
ശ്രദ്ധ തിരിഞ്ഞ്,
പേജടയാളം വെച്ച്
അസ്തമയം കാണാൻ ഞാനിരിയ്ക്കുന്ന
പടിഞ്ഞാറൻ വരാന്തയിലേയ്ക്ക്
ഒപ്പമിരിയ്ക്കാൻ വരാൻ
ഞാൻ നിന്നെ വിളിയ്ക്കേണ്ട
ആ വാക്കേതാണ് ?
എന്റെ സന്ദേഹങ്ങളെയൊക്കെ
ഒരു വാക്കിനൊപ്പം നീട്ടിയ ചിരിയുടെ
ജാലത്താലലിയിച്ച്,
കാറിൽ തൊട്ടുതൊട്ട സീറ്റിലിരുന്നു
നാം ചെയ്ത ദിവസയാത്രകൾ
ഇനിയുണ്ടാവുമോ?
മുറിയിലെ ദീർഘചതുരഫ്രെയിമിനുള്ളിലെ
ചലനചിത്രങ്ങളെയുപേക്ഷിച്ച്
വേനലുച്ചയിലെ
ആലിപ്പഴപ്പെയ്ത്ത് പോലെ
നമ്മൾ നടത്തിയ നമ്മെക്കുറിച്ചുള്ള
ചർച്ചകൾ, സംവാദങ്ങൾ
എവിടെ തിരയണം ഞാൻ?
നിത്യവും നിരർത്ഥവാക്കുകളുടെ
കുഴമറിച്ചിൽ;
അപൂർണ്ണതയിൽ
പൂർണ്ണത തേടൽ;
നീട്ടിനീട്ടിയെടുക്കുന്ന ജീവനചര്യ;
എത്ര താണ്ടിയിട്ടും തീരാത്ത
ഈ ദൂരത്തിന്
ഒരേയൊരു പേര്…;
ജന്മം.